ക്രിക്കറ്റ് കരിയറില്‍ നേരിട്ട ഏറ്റവും കടുത്ത എതിരാളിയെ വെളിപ്പെടുത്തി ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്. ഇന്ത്യന്‍ ഇതിഹാസ ബാറ്റര്‍ ചേതേശ്വര്‍ പൂജാരയുള്‍പ്പടെയുള്ള താരങ്ങളെയാണ് അദ്ദേഹം തെരഞ്ഞെടുത്തത്.
നിലവിലെ കളിക്കാരെ പട്ടികയില്‍ ഉള്‍പ്പെടുത്തരുതെന്ന നിര്‍ദേശം നല്‍കിയതിനാല്‍ രോഹിത് ശര്‍മയെയും വിരാട് കോഹ്‌ലിയെയും കമ്മിന്‍സ് ഒഴിവാക്കി.

പാറ്റ് കമ്മിന്‍സ്. Photo: cricket.com.aus
പ്രൈം വീഡിയോ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലാണ് താരം ഇത്തരമൊരു കാര്യം വെളിപ്പെടുത്തിയത്.
‘നേരിട്ടതില്‍ വച്ച് ഏറ്റവും കടുപ്പമേറിയ ഇംഗ്ലീഷ് ബാറ്റര്‍ അലസ്റ്റര്‍ കുക്കാണ്. ഇന്ത്യന്‍ ടീമിന്റെ കാര്യം വരുമ്പോള്‍ ചേതേശ്വര്‍ പൂജാരയെയാണ് തെരഞ്ഞെടുക്കുക. അദ്ദേഹത്തെ പുറത്താക്കാന്‍ ശരിക്കും ബുദ്ധിമുട്ടാണ്.

അലസ്റ്റർ കുക്ക്. Photo: ECB
ചെറിയ ചെറിയ രീതിയില്‍ എതിരാളിയെ സമ്മര്‍ദത്തിലാക്കുന്ന ബാറ്ററാണ് പൂജാര. 100 ഡോട്ട് ബോളുകള്‍ നേരിടേണ്ടിവന്നാലും അദ്ദേഹം ക്ഷമയോടെ കളിക്കും. പക്ഷേ വിക്കറ്റ് നേടാനുള്ള ഒരു അവസരവും എതിരാളിക്ക് നല്‍കില്ല,’ കമ്മിന്‍സ് പറഞ്ഞു.

ചേതേശ്വര്‍ പൂജാര. Photo: BCCI/x.com
ന്യൂസിലന്‍ഡില്‍ നിന്നും മുന്‍ ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കെല്ലത്തെയാണ് കമ്മിന്‍സ് നിദേശിച്ചത്. 45കാരനായ മക്കല്ലം നിലവില്‍ ഇംഗ്ലണ്ടിന്റെ വൈറ്റ്-ബോള്‍ ടീമുകളുടെ പരിശീലകനാണ്. ഈ വര്‍ഷം ജൂലൈയിലാണ് അദ്ദേഹം ടെസ്റ്റ് പരിശീലക സ്ഥാനം ഒഴിഞ്ഞത്.

ബ്രണ്ടൻ മക്കെല്ലം
അതേസമയം, മൂന്ന് ഫോര്‍മാറ്റുകളിലും താന്‍ നേരിട്ടതില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ എതിരാളി എ.ബി.ഡി വില്ലിയേഴ്സാണെന്നും കമ്മിന്‍സ് അഭിപ്രായപ്പെട്ടു.
‘അദ്ദേഹത്തിന് വ്യത്യസ്ത രീതികളില്‍ ബാറ്റ് ചെയ്യാന്‍ കഴിവുണ്ട്. ടി-20യില്‍ ഒരു മുട്ടുകുത്തി സ്വീപ്പ് ഷോട്ട് കളിക്കാനും അദ്ദേഹത്തിന് കഴിയും. എന്നാല്‍ ടെസ്റ്റില്‍ ആവശ്യമെങ്കില്‍ ദിവസം മുഴുവന്‍ ക്രീസില്‍ തുടരാനും അദ്ദേഹത്തിന് സാധിക്കും,”

എ.ബി. ഡി വില്ലിയേഴ്സ്. Photo: Proteas Men
ശ്രീലങ്കയില്‍ നിന്ന് മുന്‍ ആര്‍.സി.ബി ഓപ്പണര്‍ തിലകരത്‌നെ ദില്‍ഷനെയും വെസ്റ്റ് ഇന്‍ഡീസില്‍ നിന്ന് ക്രിസ് ഗെയ്ലിനെയും ഏറ്റവും ബുദ്ധിമുട്ടേറിയ എതിരാളികളായി ഓസീസ് താരം തെരഞ്ഞെടുത്തു. ഇരുവരുടെയും മികച്ച ഷോട്ട് കളിക്കാനുള്ള കഴിവിനെയും കമ്മിന്‍സ് ചൂണ്ടിക്കാട്ടി.

Photo: RCB
പാകിസ്ഥാനില്‍ നിന്നും മികച്ച ക്രിക്കറ്റര്‍ സയീദ് അജ്മലിനെയും തെരഞ്ഞെടുത്തു. അജ്മലിന്റെ ഓഫ് സ്പിന്നില്‍ താന്‍ ബൗള്‍ഡായ അനുഭവവും താരം വെളിപ്പെടുത്തി.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ വരാനിരിക്കുന്ന മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കായുള്ള തയ്യാറെടുപ്പിലാണ് ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് (WTC) പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തുക എന്നത് 33-കാരനായ കമ്മിന്‍സിനും സംഘത്തിനും നിര്‍ണായകമാണ്.
അടുത്തിടെ നടന്ന ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര 1-1 എന്ന നിലയില്‍ സമനിലയില്‍ അവസാനിച്ചതിനാല്‍, ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിട്ടാകും ഓസീസ് നിര ഇക്കുറി ഇറങ്ങുക.
Content Highlight: Aussie captain Pat Cummins on the toughest players he has faced.
