അന്താരാഷ്ട്ര ടി-20യില്‍ ചരിത്ര നേട്ടവുമായി ഇന്ത്യന്‍ സൂപ്പര്‍ താരം സ്മൃതി മന്ഥാന. ഏഷ്യന്‍ ഗെയിംസ് സെമി ഫൈനലില്‍ ബംഗ്ലാദേശിനെതിരെ നടക്കുന്ന മത്സരത്തിലാണ് മന്ഥാന ക്രിക്കറ്റ് റെക്കോഡുകളില്‍ തന്റെ പേര് വീണ്ടും എഴുതിച്ചേര്‍ത്തത്.
19 പന്തില്‍ രണ്ട് സിക്‌സറും അഞ്ച് ഫോറും അടക്കം 194.74 സ്‌ട്രൈക് റേറ്റില്‍ 37 റണ്‍സടിച്ചാണ് താരം കളം വിട്ടത്. ഇതിന് പിന്നാലെയാണ് രണ്ട് ചരിത്ര നേട്ടങ്ങളില്‍ മന്ഥാന ഇടം നേടിയത്.
വനിതാ ടി-20 ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന നേട്ടമാണ് ഇതില്‍ ആദ്യം. ന്യൂസിലാന്‍ഡ് ഇതിഹാസ താരം സൂസി ബേറ്റ്‌സിനെ മറികടന്നുകൊണ്ടായിരുന്നു മന്ഥാനയുടെ പടയോട്ടം.
ബംഗ്ലാദേശിനെതിരെ എട്ട് റണ്‍സ് നേടിയതിന് പിന്നാലെയാണ് മന്ഥാനയെ തേടി ഈ നേട്ടമെത്തിയത്.
അന്താരാഷ്ട്ര വനിതാ ടി-20യില്‍ ഏറ്റവുമധികം റണ്‍സ്
(താരം – ടീം – ഇന്നിങ്‌സ് – റണ്‍സ് എന്നീ ക്രമത്തില്‍)
സ്മൃതി മന്ഥാന – ഇന്ത്യ – 171 – 4,788
സൂസി ബേറ്റ്‌സ് – ന്യൂസിലാന്‍ഡ് – 178 – 4,758
ഹര്‍മന്‍പ്രീത് കൗര്‍ – ഇന്ത്യ – 187 – 4,327
ചമാരി അത്തപ്പത്തു – ശ്രീലങ്ക – 169 – 4,282
സോഫി ഡിവൈന്‍ – ന്യൂസിലാന്‍ഡ് – 154 – 3,817
ബെത് മൂണി – ഓസ്‌ട്രേലിയ – 119 – 3,783
ഡാനി വയറ്റ് – ഇംഗ്ലണ്ട് – 166 – 3,671
ഇതിനൊപ്പം അന്താരാഷ്ട്ര വനിതാ ടി-20യില്‍ നൂറ് സിക്‌സറുകള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന ഐതിഹാസിക നേട്ടവും മന്ഥാന തന്റെ പേരിലെഴുതിച്ചേര്‍ത്തു.
അതേസമയം, മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് നേടി. ഷെഫാലി വര്‍മയുടെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്.
49 പന്തില്‍ ഒമ്പത് സിക്‌സറും മൂന്ന് ഫോറും അടക്കം പുറത്താകാതെ നൂറ് റണ്‍സാണ് ഷെഫാലി സ്വന്തമാക്കിയത്. അന്താരാഷ്ട്ര വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഷെഫാലിയുടെ ആദ്യ സെഞ്ച്വറിയാണിത്.
ക്യാപ്റ്റന്‍ ഹര്‍മന്‍ 33 പന്തില്‍ 40 റണ്‍സും നേടി.
ബംഗ്ലാദേശിനായി സാഞ്ചിദ അക്തര്‍, റബേയ ഖാതൂന്‍, മാറുഫ അക്തര്‍, നാഹിദ അക്തര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
അതേസമയം, സെമി ഫൈനല്‍ ജയിച്ച് മെഡല്‍ പോരാട്ടത്തിന് തന്നെയാണ് ഇന്ത്യയൊരുങ്ങുന്നത്. ആദ്യ സെമിയില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തിയ ശ്രീലങ്കയെയാണ് രണ്ടാം സെമി ഫൈനലിലെ ജേതാക്കള്‍ക്ക് നേരിടാനുള്ളത്.
Content Highlight: Smriti Mandhana becomes the highest run-scorer in international women’s T20s.
