ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഇന്ത്യന്‍ വനിതകള്‍ കിരീടപ്പോരാട്ടത്തിന് യോഗ്യത നേടിയിരിക്കുകയാണ്. കോരോഗി സ്‌പോര്‍ട്‌സ് പാര്‍ക്കില്‍ ഇന്ന് നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ വിജയം.

ഷെഫാലി വര്‍മയുടെ സെഞ്ച്വറി കരുത്തില്‍ 114 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ, നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് നേടി. 49 പന്തില്‍ പുറത്താകാതെ 100 റണ്‍സ് നേടിയ ഓപ്പണര്‍ ഷെഫാലി വര്‍മയാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍.

ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 33 പന്തില്‍ 40 റണ്‍സും സ്മൃതി മന്ഥാന 19 പന്തില്‍ 37 റണ്‍സും സ്വന്തമാക്കി.

ബംഗ്ലാദേശിനായി സാഞ്ചിദ അക്തര്‍, റബേയ ഖാതൂന്‍, മാറുഫ അക്തര്‍, നാഹിദ അക്തര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനെ ഇന്ത്യ വെറും 81 റണ്‍സിന് പുറത്താക്കി. ബംഗ്ലാദേശ് നിരയില്‍ മൂന്ന് താരങ്ങള്‍ക്ക് മാത്രമാണ് ഇരട്ടയക്കം കാണാനായത്. 27 റണ്‍സ് നേടിയ ദിലാര അക്തറാണ് ടോപ്പ് സ്‌കോറര്‍.

ഇന്ത്യയ്ക്കായി ദീപ്തി ശര്‍മയും നന്ദിന ശര്‍മയും മൂന്ന് വിക്കറ്റ് വീതം സ്വന്തമാക്കി. ശ്രീ ചാരിണി രണ്ട് താരങ്ങളെ മടക്കിയപ്പോള്‍ ക്രാന്തി ഗൗഡും ശ്രേയാങ്ക പാട്ടീലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി ബംഗ്ലാദേശ് പതനം പൂര്‍ത്തിയാക്കി.

22ന് നടക്കുന്ന ഗോള്‍ഡ് മെഡല്‍ മാച്ചില്‍ പാകിസ്ഥാനെ തോല്‍പ്പിച്ചെത്തിയ ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളികള്‍.

പത്ത് ദിവസത്തിനകം ഇത് രണ്ടാം തവണയാണ് ഇന്ത്യയും ശ്രീലങ്കയും കിരീടപ്പോരാട്ടത്തില്‍ നേര്‍ക്കുനേര്‍ വരുന്നത്. സെപ്റ്റംബര്‍ 13ന് നടന്ന വനിതാ ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചാണ് ഇന്ത്യ നഷ്ടപ്പെട്ട തങ്ങളുടെ സാമ്രാജ്യം പിടിച്ചെടുത്തത്.

ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 72 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 184 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക 111ന് പുറത്താവുകയായിരുന്നു.

വനിതാ ഏഷ്യാ കപ്പില്‍ തങ്ങളുടെ പത്താം ഫൈനലിനിറങ്ങിയ ഇന്ത്യ എട്ടാം കിരീടമാണ് തങ്ങളുടെ പേരിന് നേരെ എഴുതിച്ചേര്‍ത്തത്.

ഇപ്പോള്‍ ഏഷ്യയിലെ തങ്ങളുടെ ഡോമിനന്‍സ് അരക്കിട്ടുറപ്പിക്കാനുള്ള അവസരമാണ് ഇന്ത്യയ്ക്ക് മുമ്പിലുള്ളത്. അതിന് പ്രതിബന്ധമായി നില്‍ക്കുന്നതാവട്ടെ ചമാരി അത്തപ്പത്തു എന്ന ഇതിഹാസത്തിന്റെ ശ്രീലങ്കയും.

വനിതാ ഏഷ്യാ കപ്പ് ഫൈനല്‍ ആവര്‍ത്തിക്കാന്‍ ഇന്ത്യയെത്തുമ്പോള്‍ ആ തോല്‍വിക്ക് പകരം വീട്ടുക എന്നതായിരുക്കും ലങ്കയുടെ ലക്ഷ്യം.

 

Content highlight: Asian Games 2026: Women’s Cricket: India will face Sri Lanka in Final