മലയാളത്തിലെ എണ്ണം പറഞ്ഞ മാസ്, കോമഡി സിനിമകളുടെ ലിസ്‌റ്റെടുത്താല്‍ അതില്‍ പല സിനിമകളിലും കാണാവുന്ന പേരാണ് ഉദയകൃഷ്ണയുടേത്. 1997ല്‍ ഹിറ്റ്‌ലര്‍ ബ്രദേഴ്‌സ് എന്ന ചിത്രത്തിലൂടെ സിബി കെ. തോമസിനൊപ്പം കൈകോര്‍ത്തുകൊണ്ടാണ് ഉദയകൃഷ്ണ തിരക്കഥാരചനയിലേക്ക് കാലെടുത്തുവെച്ചത്. പിന്നീടങ്ങോട്ട് ഇരുവരും മലയാളസിനിമയിലെ മിനിമം ഗ്യാരണ്ടിയുള്ള തിരക്കഥാകൃത്തുകളായി മാറുകയായിരുന്നു.

സി.ഐ.ഡി മൂസ, പുലിവാല്‍ കല്യാണം, വെട്ടം തുടങ്ങിയ കോമഡി ചിത്രങ്ങളും റണ്‍വേ, ലയണ്‍, ട്വന്റി 20, ക്രിസ്ത്യന്‍ ബ്രദേഴ്‌സ് തുടങ്ങി മാസ് എന്റര്‍ടൈനറുകളും ഇവരുടെ തൂലികയില്‍ പിറന്നവയായിരുന്നു. 2015ല്‍ റിലീസായ ഇവന്‍ മര്യാദരാമന് ശേഷം ഈ കൂട്ടുകെട്ട് പിരിഞ്ഞു. സിബി കെ. തോമസ് പിന്നീട് തിരക്കഥകളൊന്നും എഴുതിയില്ലെങ്കിലും ഉദയകൃഷ്ണ സിനിമാലോകത്ത് നിറ സാന്നിധ്യമായി.

മലയാളത്തിലെ ആദ്യ 100 കോടി ചിത്രമായ പുലിമുരുകന് തിരക്കഥയൊരുക്കിക്കൊണ്ടാണ് ഉദയകൃഷ്ണ സോളോ റൈറ്ററായത്. എന്നാല്‍ പുലിമുരുകന് ശേഷം ആ ഫോം ആവര്‍ത്തിക്കാന്‍ ഉദയകൃഷ്ണക്ക് സാധിച്ചില്ല. പിന്നീട് തിരക്കഥയൊരുക്കിയ എട്ട് സിനിമകളില്‍ ആകെ രണ്ട് സിനിമകള്‍ മാത്രമാണ് ഹിറ്റായത്. ഒരെണ്ണം ഫ്‌ളോപ്പായപ്പോള്‍ അഞ്ച് സിനിമകള്‍ ബോക്‌സ് ഓഫീസ് ദുരന്തമായി മാറി. ഏറ്റവുമൊടുവില്‍ തിരക്കഥയൊരുക്കിയ ലോ ആന്‍ഡ് ഓര്‍ഡറിന്റെ സ്ഥിതിയും വ്യത്യസ്തമല്ല.

പുലിമുരുകന് ശേഷം ഉദയകൃഷ്ണയുടെ സ്‌ക്രിപ്റ്റില്‍ ഒരുങ്ങിയ ചിത്രമായിരുന്നു മാസ്റ്റര്‍പീസ്. മമ്മൂട്ടി- അജയ് വാസുദേവ് കോമ്പോയിലൊരുങ്ങിയ ചിത്രം ബോക്‌സ് ഓഫീസില്‍ കഷ്ടിച്ച് രക്ഷപ്പെട്ടു. എന്നാല്‍ പിന്നാലെ എത്തിയ ആനക്കള്ളന്‍ പരാജയമായി മാറി. മമ്മൂട്ടി- വൈശാഖ് കോമ്പോയിലൊരുങ്ങിയ മധുരരാജയും വിഷു സീസണ്‍ മുതലെടുത്ത് ബോക്‌സ് ഓഫീസില്‍ സേഫായി. പിന്നീടിങ്ങോട്ട് ഉദയകൃഷ്ണയുടെ ഒരൊറ്റ സിനിമയും നിലംതൊട്ടിട്ടില്ല.

ബോക്‌സ് ഓഫീസ് പരാജയത്തോടൊപ്പം സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മെറ്റീരിയലായി ഉദയകൃഷ്ണ മാറി. മോഹന്‍ലാലിനെ ഗാനഭൂഷണം നെയ്യാറ്റിന്‍കര ഗോപനായും എജന്റ് എക്‌സായും അവതരിപ്പിച്ച ആറാട്ടിനെ ട്രോളന്മാര്‍ വറുത്തെടുത്തു. ആറാട്ടിന്റെ അതേ തീമില്‍ മോഹന്‍ലാലിനെ ലക്കി സിങ്ങാക്കി അവതരിപ്പിച്ച മോണ്‍സ്റ്ററും കൂടിയായതോടെ ട്രോളുകള്‍ ഇരട്ടിയായി.

ഏജന്റ് പരിപാടി അവസാനിപ്പിച്ച് ഗ്യാങ്സ്റ്റര്‍ ഴോണറില്‍ ഒരുകൈ പരീക്ഷിക്കാമെന്ന് വിചാരിച്ചപ്പോള്‍ അവിടെയും കൈപൊള്ളി. ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രം ഏറ്റവും വലിയ ഫ്‌ളോപ്പാക്കി മാറ്റിയതിന് പിന്നിലും ഉദയകൃഷ്ണയുടെ സ്‌ക്രിപ്റ്റാണ്. റിലീസ് ചെയ്ത് മൂന്ന് വര്‍ഷമായെങ്കിലും ഒരു ഒ.ടി.ടി പ്ലാറ്റ്‌ഫോമും ബാന്ദ്രയെ സ്വന്തമാക്കിയിട്ടില്ല.

ഒരിടവേളക്ക് ശേഷം വീണ്ടും മമ്മൂട്ടിക്കായി സ്‌ക്രിപ്‌റ്റൊരുക്കിയ ചിത്രമായിരുന്നു ക്രിസ്റ്റഫര്‍. മികച്ച സിനിമകളുമായി കളംനിറഞ്ഞുനിന്ന മമ്മൂട്ടിയുടെ സമീപകാലത്തെ ഏറ്റവും വലിയ ഫ്‌ളോപ്പായി ക്രിസ്റ്റഫര്‍ മാറി. ഇപ്പോഴിതാ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പേന കൈയിലെടുത്തപ്പോള്‍ സ്ഥിതി വ്യത്യസ്തമല്ല. ഒ.ടി.ടിയിലെത്തിയാല്‍ വലിയ ട്രോള്‍ മെറ്റീരിയലായി ലോ ആന്‍ഡ് ഓര്‍ഡര്‍ മാറുമെന്ന് ഉറപ്പാണ്.

പഴയകാല സിംഹം രഞ്ജിത്താണ് ലോ ആന്‍ഡ് ഓര്‍ഡര്‍ സംവിധാനം ചെയ്തത്. അനൗണ്‍സ്‌മെന്റ് മുതല്‍ പ്രേക്ഷകര്‍ എന്താണോ പ്രതീക്ഷിച്ചത് അത് കൃത്യമായി ഉദയകൃഷ്ണ നല്‍കിയിട്ടുണ്ട്. മലയാളസിനിമയുടെ രീതികള്‍ മാറിയെങ്കിലും 2000 കാലഘട്ടത്തില്‍ നിന്ന് വണ്ടി കിട്ടാത്ത സ്‌ക്രിപ്റ്റായിരുന്നു ഉദയകൃഷ്ണ ഒരുക്കിയത്. ഇതിന് പുറമെ മമ്മൂട്ടിയുടെ ഐക്കോണിക് കഥാപാത്രം കാരിക്കാമുറി ഷണ്മുഖനെയും നശിപ്പിച്ചതില്‍ മമ്മൂട്ടി ആരാധകര്‍ അസ്വസ്ഥരാണ്.

Content Highlight: Last five movies of Udayakrishna became disaster in Box Office