ചെറുതെങ്കിലും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിലൂടെ അഭിനേതാവെന്ന നിലയില്‍ മലയാള സിനിമയില്‍ തന്റെ സ്ഥാനം കണ്ടെത്തിയ വ്യക്തിയാണ് സംഗീത് പ്രാതാപ്. എഡിറ്ററായി സിനിമയില്‍ കരിയര്‍ ആരംഭിച്ച താരം സൈഡ് റോളുകളിലൂടെയാണ് അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ താരത്തിന് വലിയ ജനപ്രീതി നേടിക്കൊടുത്ത ചിത്രമായിരുന്നു ഗിരീഷ് എ.ഡി സംവിധാനം ചെയ്ത് 2024ല്‍ പുറത്തിറങ്ങിയ പ്രേമലു. ചിത്രത്തിലെ അമല്‍ ഡേവിസ് എന്ന കഥാപാത്രം താരത്തിന്റെ കരിയറില്‍ വലിയ ബൂസ്റ്റായിരുന്നു നല്‍കിയത്.
പിന്നാലെ സത്യന്‍ അന്തിക്കാട് സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഹൃദയപൂര്‍വം എന്ന ചിത്രത്തില്‍ മോഹന്‍ലാലുമൊത്തുള്ള താരത്തിന്റെ കോമ്പിനേഷനും വലിയ കൈയടി ലഭിച്ചിരുന്നു. 300 കോടി നേടി വന്‍ ഹിറ്റായി നില്‍ക്കുന്ന ബെത്ലഹേം കുടുംബ യൂണിറ്റിലെ ജോയലായുള്ള പെര്‍ഫോമന്‍സിനും വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. എന്നാല്‍ സഹനടന്‍ റോളുകളില്‍ നിന്നും മാറി നായകനായി സംഗീത് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച ചിത്രമായിരുന്നു കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിള്‍.

ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിള്‍. Photo: Youtube.com
നിലീന്‍ സാന്ദ്ര തിരക്കഥയെഴുതി ശ്യാമിന്‍ ഗിരീഷ് സംവിധാനം ചെയ്ത ചിത്രം അപകടത്തില്‍ പെട്ട് കോമയില്‍ കഴിഞ്ഞ യുവാവിന് ഒരു അസാധാരണ ശക്തി ലഭിക്കുന്നതിനെയും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവങ്ങളെയും ആസ്പദമാക്കിയായിരുന്നു ഒരുക്കിയത്. ചിത്രത്തില്‍ റൂബന്‍ എന്ന കഥാപാത്രത്തെയായിരുന്നു സംഗീത് പ്രതാപ് അവതരിപ്പിച്ചത്. താരം കരിയറില്‍ ഇതേവരെ അവതരിപ്പിച്ച കോമഡി കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഏറെ അഭിനയപ്രാധാന്യമുള്ള കഥാപാത്രമായിരുന്നു റൂബന്റേത്.
ഒരു അപകടത്തില്‍ പെട്ട് രണ്ട് വര്‍ഷത്തോളം കോമയില്‍ കിടക്കുന്ന കഥാപാത്രം ഏറെകാലത്തിന് ശേഷം കോമയില്‍ നിന്ന് എഴുന്നേല്‍ക്കുകയും ഒപ്പം അസാധാരണമായ ഒരു കേള്‍വിശക്തി റൂബന് ലഭിക്കുന്നതുമാണ് കഥാപശ്ചാത്തലം. വലിയ ഇടവേളയ്ക്ക് ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തുകയും ഒപ്പം തനിക്ക് താങ്ങാന്‍ സാധിക്കുന്നതിലും കൂടുതല്‍ കേള്‍വി ശക്തി ലഭിക്കുകയും ചെയ്യുന്ന സാഹചര്യത്തെ കൃത്യതയോടെയാണ് താരം അവതരിപ്പിച്ചിരിക്കുന്നത്. റൂബന്റെ നിസഹായാവസ്ഥയും മാനിസക സംഘര്‍ഷങ്ങളും സംഗീതിന്റെ കൈയില്‍ ഭദ്രമായിരുന്നു. ചെറിയ രീതിയിലെങ്കിലും മീറ്റര്‍ മാറിയിരുന്നെങ്കില്‍ ട്രോളായിപ്പോകാവുന്ന രംഗം കൈയടക്കത്തോടെയാണ് സംഗീത് അവതരിപ്പിച്ചത്.
സമാനമായി ചിത്രത്തിലെ വില്ലന്റെ പക്കല്‍ നിന്നും അതിക്രൂരമായ രീതിയില്‍ അക്രമണം നേരിടുന്ന രംഗവും സംഗീത് അതിന്റെ വൈകാരികതയോടെ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. തുടര്‍ന്ന് റൂബന്‍ എന്ന കഥാപാത്രത്തിന് നേരിടേണ്ടി വരുന്ന ട്രോമയും മാനസിക സംഘര്‍ഷങ്ങളും ഗംഭീരമായി തന്നെ താരം മെഡിക്കല്‍ മിറാക്കിളില്‍ അവതരിപ്പിച്ചിട്ടുണ്ട്. താരത്തിന്റെ മറ്റൊരു കോമഡി കഥാപാത്രം പ്രതീക്ഷിച്ച് പോയവര്‍ക്ക് മുമ്പില്‍ തന്റെ പൊട്ടന്‍ഷ്യല്‍ തെളിയിക്കുന്നതായിരുന്നു സംഗീതിന്റെ പ്രകടനം.

ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിള്‍. Photo: X.com
മലയാളത്തില്‍ ഇതുവരെ കാണാത്ത വിധത്തിലുള്ള മികച്ച ഒരു ആശയമാണ് മെഡിക്കല്‍ മിറാക്കിളിന്റേതെങ്കിലും ചിത്രത്തെ എന്‍ഗേജിങ് ആയ ഒരു ത്രില്ലറാക്കി മാറ്റുന്നതില്‍ അണിയറപ്രവര്‍ത്തകര്‍ക്ക് പോരായ്മ സംഭവിച്ചിട്ടുണ്ട്. എങ്കിലും നായകനായുള്ള അരങ്ങേറ്റത്തില്‍ പ്രേക്ഷകര്‍ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനമാണ് സംഗീത് ചിത്രത്തില്‍ കാഴ്ചവെച്ചതെന്ന് നിസംശയം പറയാം.
Content Highlight: Sangeeth Prathap’s Performance in It’s a medical miracle movie
