ആദ്യ സിനിമയിൽ തന്നെ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ വലിയ ഭാഗ്യമായി കാണുന്നുവെന്ന് പുതുമുഖ നായകൻ ഡോൺ മൈക്കിൾ. സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത തരത്തിൽ മമ്മൂട്ടിക്കൊപ്പം ഒരു ചെറിയ രീതിയിലെങ്കിലും ചെയ്യാൻ കഴിഞ്ഞെന്നും, അത് വ്യക്തിപരമായി തനിക്ക് വലിയ വിജയമായി തോന്നുന്നുവെന്നും ഡോൺ മൈക്കിൾ പറഞ്ഞു. തന്റെ പുതിയ ചിത്രമായ ലോ ആൻഡ് ഓർഡറിന്റെ പ്രൊമോഷന്റെ ഭാഗമായി റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം.
‘സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഒരു വേഷം അദ്ദേഹത്തിന്റെ കൂടെ ചെറുതായിട്ട് ഒന്ന് അഭിനയിക്കാൻ പറ്റി. ഒരിക്കലും സ്വപ്നത്തിൽ പോലും വിചാരിച്ചില്ല അദ്ദേഹത്തിന്റെ കൂടെ ആദ്യ സിനിമയിൽ തന്നെ അഭിനയിക്കാൻ പറ്റുമെന്ന് അദ്ദേഹത്തിന്റെ കൂടെ നിൽക്കാൻ പറ്റുമെന്ന് പോലും വിചാരിച്ചില്ല.

ഡോൺ മൈക്കിൾ, Photo. Screen Grab/ Youtube
അതിനും ദൈവത്തിന് ഒരുപാട് നന്ദി. അത് വ്യക്തിപരമായി എനിക്ക് ഭയങ്കര വലിയൊരു വിക്ടറിയായിട്ടാണ് തോന്നുന്നത്. എന്റെ ഗ്രാൻഡ് ഫാദറിന് ഏറ്റവും കൂടുതൽ അടുപ്പമുണ്ടായിരുന്ന ആളായിരുന്നു മമ്മൂക്ക. എന്റെ ചെറുപ്പത്തിൽ മമ്മൂക്കയെ കുറിച്ച് കുറെ കഥകൾ അച്ഛച്ചൻ പറഞ്ഞുതന്നിട്ടുണ്ട്,’ ഡോൺ പറഞ്ഞു.
മമ്മൂട്ടിയുമായി രാജൻ പി. ദേവിനുണ്ടായിരുന്ന സൗഹൃദത്തെക്കുറിച്ചും മമ്മൂട്ടിയെക്കുറിച്ചുമൊക്കെ വീട്ടിൽ നിന്ന് ഒരുപാട് കഥകൾ കേട്ടുവളർന്ന തനിക്ക്, ആദ്യ സിനിമയിൽ തന്നെ അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് അതുകൊണ്ടുതന്നെ കൂടുതൽ വൈകാരികമായ അനുഭവമായി എന്നും താരം പറഞ്ഞു.
‘ഞാൻ അദ്ദേഹത്തിന്റെ കൂടെ അഭിനയിച്ചു എന്ന് അറിഞ്ഞപ്പോൾ എന്റെ ഗ്രാൻമക്ക് ഭയങ്കര സന്തോഷമായിരുന്നു. അദ്ദേഹം എന്ത് പറഞ്ഞു എന്നൊക്കെ ഗ്രാൻമ ചോദിച്ചിരുന്നു. മമ്മൂക്കയെക്കുറിച്ചും സുരേഷേട്ടനെക്കുറിച്ചുമൊക്കെയായിരുന്നു ഡാഡിച്ചൻ കൂടുതൽ കഥകൾ പറഞ്ഞിട്ടുണ്ടായിരുന്നത് വീട്ടിൽ. അപ്പോൾ ഞാൻ ആദ്യമായി അഭിനയിക്കുന്ന സിനിമയിൽ മമ്മൂക്കയോടൊപ്പം അഭിനയിക്കാൻ പറ്റിയത് അദ്ദേഹത്തിന്റെ ഒരു അനുഗ്രഹം കൂടിയായിട്ടാണ് ഞാൻ കാണുന്നത്. മമ്മൂക്കയുടെ അനുഗ്രഹം മേടിച്ചതൊക്കെ ഞാൻ എന്റെ ഗ്രാൻമയോട് പറഞ്ഞിട്ടുണ്ടായിരുന്നു,’ ഡോൺ പറഞ്ഞു.
സിനിമയിലെത്തുന്നതിന് മുമ്പ് തന്നെ ഒരുപാട് പേരുടെ അനുഗ്രഹം വാങ്ങിയിട്ടുണ്ടെങ്കിലും, മമ്മൂട്ടിയുടെ അനുഗ്രഹത്തിന് തന്റെ ജീവിതത്തിൽ പ്രത്യേക സ്ഥാനമുണ്ടായിരുന്നുവെന്നും ഡോൺ പറയുന്നു.

ഡോൺ മൈക്കിൾ, . Photo. Facebook.com
‘മമ്മൂക്കയോട് ഞാൻ പറഞ്ഞു, സിനിമയിൽ വരുന്നതിന് മുന്നേ എന്റെ ലൈഫിൽ ഞാൻ ഒരുപാട് പേരുടെ അനുഗ്രഹം മേടിച്ചിട്ടുണ്ട്. പക്ഷേ എന്റെ ഗ്രാൻഡ് ഫാദറിന് ഏറ്റവും കൂടുതൽ സന്തോഷം ഉണ്ടാകുന്നത് മമ്മൂക്കയുടെ അനുഗ്രഹം വാങ്ങുന്നതായിരിക്കും എന്നെനിക്ക് അറിയാം എന്ന്. അത് പറഞ്ഞപ്പോൾ മമ്മൂക്ക അനുഗ്രഹം തന്നിട്ട് തോളിലൊക്കെ ഒന്ന് തട്ടി. അതൊക്കെ എന്റെ ജീവിതത്തിലെ ഭയങ്കര മൂല്യമുള്ള നിമിഷങ്ങളായിരുന്നു,’ ഡോൺ മൈക്കിൾ പറഞ്ഞു.
Content Highlight: Actor don michael Talks about memories with mammootty
