പാരീസ്: ഫ്രാന്‍സിന്റെ അധീനതയിലുള്ള സെന്റ്-പിയറി ആന്‍ഡ് മിക്കെലോണ്‍ ദ്വീപ് സമൂഹത്തെ യു.എസ് പ്രദേശമായി ചിത്രീകരിച്ചുകൊണ്ട് ഡൊണാള്‍ഡ് ട്രംപ് പോസ്റ്റ് ചെയ്ത മാപ്പിനെതിരെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍.

ചിലരുടെ വിചിത്ര അഭിപ്രായങ്ങളുടെ പേരില്‍ ഫ്രാന്‍സിന് സ്വയം തെളിയിക്കേണ്ട ആവശ്യമില്ലെന്ന് മാക്രോണ്‍ വ്യക്തമാക്കി. സെന്റ്-പിയറി ആന്‍ഡ് മിക്കെലോണ്‍ ദ്വീപ് സന്ദര്‍ശിക്കുന്നതിനിടെ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

സമൂഹമാധ്യമായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് ഈ മാസം ആദ്യം പങ്കുവച്ച ഒരു എ.ഐ ജെനറേറ്റഡ് ഭൂപടത്തിലായിരുന്നു ഈ ദ്വീപ് സമൂഹത്തെ ട്രംപ് യു.എസിന്റെ ഭാഗമായി ചിത്രീകരിച്ചത്. കാനഡയും മെക്‌സികോയും അടക്കം വടക്കേ അമേരിക്കയിലെ എല്ലാ പ്രദേശങ്ങളും യു.എസിന്റെ ഭാഗമാണെന്ന് അവകാശപ്പെട്ടുകൊണ്ടുള്ളതാണ് മാപ്പ്.

വടക്കേ അമേരിക്കയിലെ പ്രദേശങ്ങളെല്ലാം യു.എസ് പതാകയുടെ നിറത്തിലാണ് മാപ്പിലുള്ളത്. കാനഡയുടെ അറ്റ്‌ലാന്റിക് തീരത്തിനടുത്തുള്ള ഫ്രഞ്ച് പ്രദേശമായത്തിന്റെ ദ്വീപും മാപ്പില്‍ ഇതേ നിറത്തില്‍ മാപ്പില്‍ അടയാളപ്പെടുത്തിയിരുന്നു.

Social Media post of Trump

Social Media post of Trump

ഈ ദ്വീപ് സമൂഹം ഫ്രഞ്ച് പ്രദേശമായിത്തന്നെ തുടരുന്നു എന്നത് ‘വ്യക്തമായ’ കാര്യമാണെന്ന് മാക്രോണ്‍ പറഞ്ഞു. ഇതൊരു ഫ്രഞ്ച് പ്രദേശമാണെന്ന വസ്തുത ആവര്‍ത്തിച്ച് തെളിയിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിക്കൊപ്പം സെന്റ് പിയറി ആന്‍ഡ് മിക്കലോണ്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ചിലര്‍ക്ക് വിചിത്രമായ ആശയങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെന്നും അക്കാര്യം അവര്‍ വിളിച്ച് പറയുമെന്നും ട്രംപിനെക്കുറിച്ച് മാക്രോണ്‍ പറഞ്ഞു. ട്രംപിന്റെ അഭിപ്രായം കാരണം എല്ലാ ദിവസവും രാവിലെ ഫ്രാന്‍സിന് തങ്ങളുടെ അസ്തിത്വം ഉറപ്പിക്കേണ്ടി വരുന്നില്ലെന്നും മാക്രോണ്‍ കൂട്ടിച്ചേര്‍ത്തു.

വടക്കേ അമേരിക്കന്‍ പ്രദേശങ്ങളില്‍ ട്രംപ് പല തവണ അവകാശ വാദങ്ങള്‍ ഉന്നയിച്ചിരുന്നു. സ്വയംഭരണാധികാരമുള്ള ഡാനിഷ് പ്രദേശമായ ഗ്രീന്‍ലാന്‍ഡിനെ യു.എസ് സ്വന്തമാക്കുമെന്ന് ട്രംപ് അവകാശ വാദം ഉന്നയിച്ചിരുന്നു. ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കാന്‍ വേണ്ടി കുറേ കാലം ട്രംപ് പരിശ്രമിച്ചെങ്കിലും പിന്നീട് തോറ്റ് പിന്‍മാറി.

അടുത്തിടെ ഗ്രീന്‍ലാന്‍ഡില്‍ യു.എസിന് കൂടുതല്‍ സൈനിക സാന്നിദ്ധ്യവും നിയന്ത്രണങ്ങളും അനുവദിക്കുന്ന കരാറില്‍ യു.എസും ഡെന്‍മാര്‍ക്കും ഗ്രീന്‍ലാന്‍ഡ് പ്രാദേശിക സര്‍ക്കാരും ഒപ്പവെച്ചിരുന്നു. ഈ കരാറിനെ ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കാനുള്ള ശ്രമത്തിന്റെ വിജയമായി ട്രംപ് അനുകൂലികള്‍ വിശേഷിപ്പിക്കുന്നുണ്ട്. എന്നാല്‍ ഈ കരാറും ഗ്രീന്‍ലാന്‍ഡ് യു.എസിന്റെ ഭാഗമാക്കണമെന്ന ട്രംപിന്റെ നിര്‍ദേശവും തമ്മില്‍ വലിയ ദൂരമുണ്ടെന്നായിരുന്നു ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സണ്‍ വ്യക്തമാക്കിയത്.

കാനഡ യു.എസിന്റെ 51-ാമത് സംസ്ഥാനമായി മാറണമെന്നും ട്രംപ് പല തവണ പറഞ്ഞിരുന്നു. പനാമ കനാലിന്റെ നിയന്ത്രണം യു.എസ് ഏറ്റെടുക്കുമെന്നതായിരുന്നു ട്രംപിന്റെ മറ്റൊരു പ്രഖ്യാപനം.

ഇറാനുമായുള്ള യുദ്ധം തുടരുന്നതിനിടെ ഹോര്‍മുസ് കടലിടുക്കിലും ട്രംപ് അവകാശ വാദം ഉന്നയിച്ചിരുന്നു. ഹോര്‍മുസിനെ പുതിയ യു.എസ് ടെറിട്ടറിയായി അവകാശപ്പെടുന്ന മാപ്പും അടുത്തിടെ ട്രംപ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

ഇതിന് പിന്നാലെ ഹോര്‍മുസ് കടലിടുക്കിന്റ പേര് മാറ്റണമെന്നും ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. ട്രംപ് കടലിടുക്ക് (സ്ട്രെയിറ്റ് ഓഫ് ട്രംപ്) എന്ന് ഹോര്‍മുസിന്റെ പേര് മാറ്റാമെന്നായിരുന്നു് ട്രംപ് അഭിപ്രായപ്പെട്ടത്. ‘ഹോര്‍മുസ് ഇപ്പോള്‍ യു.എസിന്റെ നിയന്ത്രണത്തിലാണ്, ഹോര്‍മുസ് കടലിടുക്കിന്റെ പേര് ട്രംപ് കടലിടുക്ക് എന്ന് മാറ്റണോ? അപ്പോള്‍ മുമ്പത്തേക്കാളും ഹോട്ട് ആയിരിക്കും, അമേരിക്കയെപ്പോലെ’ എന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം.

യു.എസ്- കാനഡ വ്യാപാര തര്‍ക്കം ശക്തമാവുന്നതിനിടെ ഒണ്ടാരിയോ തടാകത്തിന്റെ പേരുമാറ്റുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. യു.എസ് കാനഡ അതിര്‍ത്തിയിലാണ് ലേക്ക് ഒണ്ടാരിയോ. കാനഡയിലെ ഒണ്ടാരിയോ പ്രവിശ്യയുടെ പേര് ഒഴിവാക്കി തടാകത്തെ ലേക്ക് അമേരിക്ക എന്ന പുനര്‍ നാമകരണം ചെയ്യുമെന്നായിരുന്നു ട്രംപിന്റെ കഴിഞ്ഞ മാസത്തെ പ്രഖ്യാപനം. യു.എസ് ഭരണകൂടത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് തങ്ങള്‍ക്ക് മറുപടി നല്‍കാനില്ലെന്ന് കനേഡിയന്‍ മന്ത്രി ഡൊമിനിക് എന്നായിരുന്നു ട്രംപിന്റെ അവകാശവാദത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിച്ചത്.

വടക്കേ അമേരിക്കയിലെ അഞ്ച് മഹാതടാകങ്ങളില്‍ ഒന്നാണ് ലേക്ക് ഒണ്ടാരിയോ. കനേഡിയന്‍ പ്രവിശ്യയായ ഒണ്ടാരിയോയ്ക്കും യു.എസിലെ ന്യൂയോര്‍ക്ക് സംസ്ഥാനത്തിനും ഇടയിലാണ് തടാകം സ്ഥിതി ചെയ്യുന്നത്.

Content Highlight: Macron hits back at Trump’s ‘strange’ claim on French territory