വാഷിങ്ടണ്‍: അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്കെതിരെ (ഐ.സി.സി) ഉപരോധം ചുമത്താന്‍ യു.എസിലെ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം പദ്ധതിയിടുന്നതായി വാള്‍സ്ട്രീറ്റ് ജേണല്‍ (ഡബ്ല്യു.എസ്.ജെ). യു.എസ് ഉദ്യോഗസ്ഥരില്‍ നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഡബ്ല്യു.എസ്.ജെ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
അഞ്ചോ ആറോ മാസം സമയം കൊടുത്ത ശേഷമായിരിക്കും ഐ.സി.സിക്കെതിരെ ട്രംപ് ഉപരോധ നടപടികളിലേക്ക് പോവുക. ഐ.സി.സിയുമായുള്ള ഭൂരിഭാഗം ഇടപെടലുകളും തടയുന്നതായിരിക്കും ഈ ഉപരോധമെന്നും ഡബ്ല്യു.എസ്.ജെ റിപ്പോര്‍ട്ടില്‍ പറയുന്നു. യു.എസ്.സര്‍ക്കാര്‍ രേഖകള്‍ പരിശോധിച്ച് തങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചതായും അവര്‍ വ്യക്തമാക്കി.
ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന്റെ പേരില്‍ ട്രംപ് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച ഉപരോധത്തിനായുള്ള നടപടികള്‍ ശക്തമാക്കാനാണ് ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഐ.സി.സിയെ പൂര്‍ണമായി തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് ട്രംപിന്റെ നീക്കമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉപരോധം വഴി ഐ.സി.സിയുമായുള്ള യു.എസ്. ഡോളറിലുള്ള ഇടപാടുകള്‍ തടയാന്‍ ട്രംപിന് സാധിക്കും. ഇതിലൂടെ ആഗോള സമ്പദ്‌വ്യവസ്ഥയില്‍ അവരെ ഒറ്റപ്പെടുത്താനാണ് ട്രംപ് ശ്രമിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു. സാമ്പത്തിക ഇടപാടുകള്‍ തടഞ്ഞും ആഗോള തലത്തില്‍ ഒറ്റപ്പെടുത്തിയും കോടതിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാനാണ് ട്രംപ് ലക്ഷ്യമിടുന്നതെന്നും വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇക്കാര്യത്തില്‍ അന്തിമ തീരുമാനവും പ്രഖ്യാപനവും എപ്പോഴായിരിക്കുമെന്ന് വ്യക്തമല്ലെങ്കിലും ഈ ആഴ്ച നടക്കുന്ന യു.എന്‍ പൊതുസഭാ സമ്മേളനത്തിന് പിന്നാലെ ഉപരോധ നടപടികള്‍ക്ക് ട്രംപ് അന്തിമ രൂപം നല്‍കാന്‍ സാധ്യതയുണ്ടെന്നും ഡബ്ല്യു.എസ്.ജെ റിപ്പോര്‍ട്ട് ചെയ്തു. ചില യു.എസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം സൂചിപ്പിച്ചെന്നും അവര്‍ വ്യക്തമാക്കി.
ഉപരോധങ്ങളുടെ ഭാഗമായി കോടതിക്കെതിരെ യു.എസ് കടുത്ത നടപടികളാവും സ്വീകരിക്കുക. കോടതി ഉദ്യോഗസ്ഥരെ ലക്ഷ്യമിടുന്നതിന് പകരം അതിന്റെ പ്രവര്‍ത്തനങ്ങളെയും നിലനില്‍പിനെയും ബാധിക്കുന്ന തരത്തിലാവും ഈ നടപടികള്‍. ഐ.സി.സി.യുള്ള അംഗരാജ്യങ്ങളുടെ ഭൂരിഭാഗം ഇടപാടുകളെയും ബാധിക്കുമെന്നതാവും ഉപരോധമെന്നും യു.എസ് ഉദ്യോഗസ്ഥര്‍ അറിയിച്ചിതായി ഡബ്ല്യു.എസ്.ജെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഐ.സി.സിക്കെതിരെ ഉപരോധം ചുമത്താന്‍ കഴിഞ്ഞ വര്‍ഷം ട്രംപ് വീണ്ടും അധികാരമേറ്റയുടന്‍ തന്നെ നീക്കങ്ങളുണ്ടായിരുന്നു. ഇസ്രഈലിന്റെ ഉന്നത നേതാക്കള്‍ക്കെതിരായ ഐ.സി.സി അന്വേഷണ നടപടികളെത്തുടര്‍ന്നായിരുിന്നു ഈ നീക്കം. 2025 ജനുവരിയില്‍ പ്രസിഡന്റായി അധികാരമേറ്റ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇതിനായുള്ള എക്‌സിക്യൂട്ടീവ് ഓര്‍ഡറില്‍ ട്രംപ് ഒപ്പുവെക്കുകയും ചെയ്തിരുന്നു.
ഇസ്രഈല്‍ പ്രധാനമന്ത്രി നെതന്യാഹുവിനും അന്നത്തെ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും എതിരെ ഐ.സി.സി 2024 നവംബറില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 2023 ഒക്ടോബര്‍ മുതല്‍ ഗസയില്‍ നടന്ന യുദ്ധക്കുറ്റങ്ങള്‍ക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കും ഇവര്‍ ഉത്തരവാദികളാണെന്ന് പറഞ്ഞായിരുന്നു വാറണ്ട്. ഇതിന് പിന്നാലെയായിരുന്നു ട്രംപ് എക്‌സിക്യൂട്ടീവ് ഓര്‍ഡറില്‍ ഒപ്പുവെച്ചത്.
ഹമാസിനുമേല്‍ സമ്മര്‍ദം ചെലുത്തുന്നതിനായി ഫലസ്തീന്‍ പ്രദേശങ്ങളിലേക്കുള്ള മാനുഷിക സഹായം തടഞ്ഞതുമായി ബന്ധപ്പെട്ടാണ് കോടതി യുദ്ധക്കുറ്റത്തിനെതിരായ നടപടികളുമായി മുന്നോട്ട് പോയത്. ഇസ്രഈലിന്റെ നടപടി മാനുഷിക നിയമങ്ങളുടെ ലംഘനമാകാന്‍ സാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ഇസ്രഈല്‍ ധനമന്ത്രി ബെസാലെല്‍ സ്‌മോട്രിച്ച്, ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ എന്നിവര്‍ക്കെതിരെയും ഐ.സി.സി അന്വേഷണം നടത്തുന്നുണ്ട്. വെസ്റ്റ് ബാങ്കിലെ ഇസ്രഈലി കുടിയേറ്റങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ ഇവര്‍ പങ്കുവഹിച്ചതിനെതിരെയാണ് അന്വേഷണം. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് അനധികൃത കുടിയേറ്റങ്ങള്‍ വ്യാപിപ്പിക്കുന്ന നടപടിയിലൂടെ ഇവര്‍ ചെയ്തിരിക്കുന്നതെന്നും കോടതി നിരീക്ഷിച്ചിരുന്നു.
രാജ്യത്തിന്റെ പരമാധികാരത്തിന് ഐ.സി.സി. ഭീഷണിയാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഐ.സി.സി.യില്‍ അംഗമല്ലാത്ത രാജ്യങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനുള്ള കോടതിയുടെ തീരുമാനം അപകടകരമായ ഒരു കീഴ്‌വഴക്കം സൃഷ്ടിക്കുന്നതാണെന്നും യു.എസ്. പരമാധികാരത്തിന് ഭീഷണിയാണെന്നുമായിരുന്നു റൂബിയോ പറഞ്ഞത്. യു.എസും ഇസ്രഈലും ഐ.സി.സി അംഗങ്ങളല്ല.
ഐ.സി.സി.ക്കെതിരെ വിപുലമായ പ്രചാരണം ആരംഭിക്കുമെന്നും റൂബിയോ പറഞ്ഞിരുന്നു. ആവശ്യമെങ്കില്‍ കോടതിയെ തകര്‍ത്ത് പൊളിച്ചു നീക്കുമെന്നും പരമാര്‍ശവും റൂബിയോ നടത്തിയിരുന്നു.
Content Highlight: Donald Trump Administration in US trying to Impose Sanction against International Criminal Court (ICC) – Report
