പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അതേ പാത പിന്തുടർന്ന് മകൻ റൊണാൾഡോ ജൂനിയറും. വീണ്ടും തകർപ്പൻ പ്രകടനവുമായി ഫുട്‌ബോളിൽ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് റൊണാൾഡോ ജൂനിയർ.

അൽ നസറിന്റെ യൂത്ത് ടീമിന് വേണ്ടി കളിക്കുന്ന താരം അൽ അഹ്‌ലി ജിദ്ദ അണ്ടർ 17 ടീമിനെതിരെ ഇരട്ട ഗോൾ നേടിയാണ് തിളങ്ങിയത്. മത്സരത്തിൽ റൊണാൾഡോ ജൂനിയറുടെ മികവിൽ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു അൽ നസറിന്റെ വിജയം.

അൽ നസറിന്റെ റിസർവ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏഴാം മിനിട്ടിൽ തന്നെ മർവാൻ അബ്‌ദുല്ല അൽ മുവല്ലദിലൂടെ അൽ അഹ്‌ലിയാണ് ആദ്യം ലീഡ് നേടിയത്. എന്നാൽ റൊണാൾഡോ ജൂനിയറിലൂടെ ഇരട്ട ഗോൾ തിരിച്ചടിച്ചുകൊണ്ട് മത്സരം അൽ നസർ കൈപ്പിടിയിലാക്കുകയായിരുന്നു.

ആദ്യ ഗോൾ വഴങ്ങി അഞ്ച്‌ മിനിട്ടുകൾക്ക് ശേഷം റോണോ ജൂനിയർ സമനില ഗോൾ നേടുകയായിരുന്നു. പിന്നീട് ആദ്യ പകുതിക്ക് തൊട്ടുമുമ്പ് താരം വിജയ ഗോളും സ്വന്തമാക്കി.

റൊണാൾഡോ കളിക്കുന്ന ക്ലബ്ബുകളുടെയെല്ലാം ജൂനിയർ അക്കാദമിയിലൂടെയാണ് റൊണാൾഡോ ജൂനിയർ കളി പഠിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, യുവന്റസ്, അൽ നസർ എന്നീ ക്ലബ്ബുകളുടെയെല്ലാം അക്കാദമികളിൽ റോണോ ജൂനിയർ കളിച്ചിട്ടുണ്ട്.

അൽ നസറിന്റെ യൂത്ത് ടീമിന് വേണ്ടി മിന്നും പ്രകടനം നടത്തുന്ന റൊണാൾഡോ ജൂനിയർ കഴിഞ്ഞ വർഷം പോർച്ചുഗൽ യുവനിരയിലും ഇടം നേടിയിരുന്നു. കഴിഞ്ഞ വർഷം പോർച്ചുഗൽ ടീമിനൊപ്പം കിരീടം നേടാനും റൊണാൾഡോ ജൂനിയർക്ക് സാധിച്ചിരുന്നു.

വ്ലാറ്റ്കോ മാർക്കോവിച്ച് ടൂർണമെന്റിലാണ് പോർച്ചുഗൽ കിരീടം ചൂടിയത്. ഫൈനലിൽ ക്രോയേഷ്യയെ 3-2 എന്ന ത്രില്ലർ സ്‌കോറിന് വീഴ്ത്തിയാണ് പറങ്കിപ്പട ചാമ്പ്യന്മാരായത്. ഫൈനലിൽ പോർച്ചുഗലിനായി ഇരട്ട ഗോൾ നേടി റൊണാൾഡോ ജൂനിയർ തിളങ്ങുകയും ചെയ്തിരുന്നു.

അതേസമയം റൊണാൾഡോ തന്റെ 41ാം വയസിലും പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സൗദി പ്രൊ ലീഗിൽ അൽ നസറിന് വേണ്ടി ഈ സീസണിലും കളത്തിലിറങ്ങി ഗോൾ വേട്ട തുടരുകയാണ് റൊണാൾഡോ.

ഫുട്‌ബോൾ ചരിത്രത്തിൽ തുടർച്ചയായി 25 സീസണുകളിലും ഗോൾ നേടുന്ന ആദ്യ താരവും റൊണാൾഡോ തന്നെയാണ്.

ഈ സീസണായിരിക്കും ഫുട്‌ബോളിലെ തന്റെ അവസാന വർഷമെന്ന് റൊണാൾഡോ തുറന്നു പറഞ്ഞിരുന്നു. നിലവിൽ ഇതുവരെ 979 ഗോളുകൾ നേടിയ റൊണാൾഡോക്ക് 21 ഗോളുകൾ കൂടി നേടാൻ സാധിച്ചാൽ 1000 ഗോളുകളെന്ന ചരിത്ര നേട്ടത്തിലേക്കും നടന്നുകയറാൻ സാധിക്കും.

 

Content Highlight: Ronaldo Junior great performance for Al Nassr youth team