സിയോള്‍: കൊറിയന്‍ ഉപദ്വീപിലെ സംഘര്‍ഷാവസ്ഥ രൂക്ഷമാക്കാന്‍ ഉത്തരകൊറിയ രണ്ട് മിസൈലുകള്‍ വിക്ഷേപിച്ചതായി റിപ്പോര്‍ട്ട്. ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈലുകള്‍ കിഴക്കന്‍ കടലിലേക്ക് വിക്ഷേപിച്ചതായി ദക്ഷിണ കൊറിയന്‍ സൈന്യം അറിയിച്ചു.
ഞായറാഴ്ചയാണ് വോണ്‍സാന്‍ തീരപ്രദേശത്തുനിന്ന് രണ്ട് മിസൈലുകള്‍ വിക്ഷേപിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഏകദേശം മൂന്ന് മണിക്കൂര്‍ ഇടവേളയിലാണ് മിസൈലുകള്‍ വിക്ഷേപിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ മിസൈല്‍ ഏകദേശം 450 കിലോമീറ്റര്‍ സഞ്ചരിച്ചപ്പോള്‍ രണ്ടാമത്തേത് 600 കിലോമീറ്ററിലധികം ദൂരം പിന്നിട്ടതായി ദക്ഷിണ കൊറിയന്‍ സൈന്യം അറിയിച്ചു. രണ്ടും കിഴക്കന്‍ ഭാഗത്തെ കടലിലാണ് പതിച്ചത്.
ജപ്പാന്‍ പ്രതിരോധ മന്ത്രാലയവും മിസൈല്‍ വിക്ഷേപണം സ്ഥിരീകരിച്ചു. മിസൈല്‍ പ്രാദേശിക സമുദ്രപരിധിയില്‍ പതിച്ചിട്ടില്ലെന്നാണ് ജപ്പാന്റെ വിശദീകരണം.
വിക്ഷേപണത്തെ തുടര്‍ന്ന് ദക്ഷിണ കൊറിയയും അമേരിക്കയും ജപ്പാനും സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയും വിവരങ്ങള്‍ പരസ്പരം കൈമാറുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് ദക്ഷിണ കൊറിയ ആവശ്യപ്പെട്ടു. ഇത്തരം വിക്ഷേപണങ്ങള്‍ യു.എന്‍ സുരക്ഷാസമിതി പ്രമേയങ്ങളുടെ ലംഘനമാണെന്നും ദക്ഷിണ കൊറിയ പറഞ്ഞു.
അമേരിക്ക-ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസങ്ങള്‍ക്കെതിരെ ഉത്തരകൊറിയ തുടര്‍ച്ചയായി രംഗത്തെത്തുന്നതിനിടെയാണ് പുതിയ മിസൈല്‍ വിക്ഷേപണം. സെപ്റ്റംബര്‍ 12നും ഉത്തരകൊറിയ നിരവധി ബാലിസ്റ്റിക് മിസൈലുകള്‍ കിഴക്കന്‍ കടലിലേക്ക് വിക്ഷേപിച്ചതായും റിപ്പോര്‍ട്ടുണ്ട്.
Content Highlights: North Korea test-fires ballistic missiles again on the Korean Peninsula.
