മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിക്ക് വീണ്ടും സമനില. സാൻ ഡിഗോയാണ് മയാമിയെ സമനിലയിൽ തളച്ചത്. മത്സരത്തിൽ ഇരു ടീമുകളും രണ്ട് ഗോൾ വീതം നേടി പോയിന്റുകൾ പങ്കുവെക്കുകയായിരുന്നു.
മത്സരം സമനിലയായെങ്കിലും മയാമിയുടെ തട്ടകമായ നു സ്റ്റേഡിയത്തിൽ ഇതിഹാസ താരം ലയണൽ മെസിയുടെ മിന്നും പ്രകടനങ്ങൾക്കും ആരാധകർ സാക്ഷിയായി.
മത്സരത്തിൽ ഒരു തകർപ്പൻ ഫ്രീ കിക്ക് ഗോൾ നേടിയാണ് അർജന്റൈൻ ഇതിഹാസം ശ്രദ്ധ നേടിയത്. മത്സരത്തിന്റെ 24ാം മിനിട്ടിലായിരുന്നു താരത്തിന്റെ മഴവിൽ ഗോൾ പിറന്നത്.
ഇതോടെ ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഫ്രീകിക്ക് ഗോൾ നേടുന്ന താരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറാനും മെസിക്ക് സാധിച്ചു. 75 ഫ്രീകിക്ക് ഗോളുകളാണ് മെസിയുടെ ഇടംകാലിൽ നിന്നും പിറവിയെടുത്തത്.
ബ്രസീലിയൻ ഇതിഹാസം ജെയർ റോസ പിന്റോയെ മറികടന്നാണ് മെസിയുടെ കുതിപ്പ്. 78 ഫ്രീ കിക്ക് ഗോളുകൾ നേടിയ മുൻ ബ്രസീലിയൻ താരം മാർസെലിനോ കരിയോകയാണ് ഈ നേട്ടത്തിൽ ഒന്നാം സ്ഥാനത്തുള്ളത്. നാല് ഫ്രീ കിക്ക് ഗോളുകൾ കൂടി എതിരാളികളുടെ ഈ പട്ടികയിൽ ഒന്നാമനാവാൻ അർജന്റൈൻ ഇതിഹാസത്തിന്റെ സാധിക്കും.
ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഫ്രീ കിക്ക് ഗോളുകൾ നേടിയ താരം, ഫ്രീ കിക്ക് ഗോളുകളുടെ എണ്ണം
മാർസെലിനോ കരിയോക (ബ്രസീൽ) – 78
ലയണൽ മെസി (അർജന്റീന) – 75
ജെയർ റോസ പിന്റോ (ബ്രസീൽ) – 74
റോബർട്ടോ ഡിനാമൈറ്റ് (ബ്രസീൽ) – 73
ജൂനിഞ്ഞോ പെർനാംബുക്കാനോ (ബ്രസീൽ) – 72
മാർക്കോസ് അസുർക്കാവോ (ബ്രസീൽ) – 68
മിഹ്റാജ്ലോവിച് (സെർബിയ) – 67
ജോർജ് അരവെണ (ചിലി) – 65
ക്രിസ്റ്റ്യാനോ റൊണാൾഡോ (പോർച്ചുഗൽ) – 64
സിക്കോ (ബ്രസീൽ) – 62
ഡീഗോ മറഡോണ (അർജന്റീന) – 61
അതേസമയം മത്സരത്തിൽ ആൻഡേഴ്‌സ് ഡ്രെയറാണ് സാൻ ഡിഗോക്ക് വേണ്ടി ഇരട്ട ഗോൾ നേടി തിളങ്ങിയത്. മയാമിക്കായി മെസിക്ക് പുറമെ സുവാരസുമാണ് ഗോൾ നേടിയത്.
നിലവിൽ എം.എൽ.എസ് ഈസ്റ്റേൺ കോൺഫറൻസിൽ മൂന്നാം സ്ഥാനത്താണ് മെസിയും സംഘവും. 26 മത്സരങ്ങളിൽ നിന്നും 12 വിജയവും 10 സമനിലയും നാല് തോൽവിയും അടക്കം 46 പോയിന്റാണ് മയാമിക്കുള്ളത്.
എം.എൽ.എസിൽ സെപ്റ്റംബർ 28നാണ് ഹെറോൺസ് അടുത്ത മത്സരത്തിനിറങ്ങുന്നത്. കൊളംബസ് ക്രൂവാണ് മയാമിയുടെ എതിരാളികൾ.
Content Highlight: Lionel Messi becomes second player to score most free kick goals in football
