തൃശൂര്‍: സോണിയാ ഗാന്ധിയുടെ ‘ബിലോങിങ്: എ ജേര്‍ണി ഓഫ് ലവ്’ എന്ന പുസ്തകം കേവലം ഒരു സാഹിത്യകൃതിയല്ലെന്നും സ്‌നേഹവും ത്യാഗവും ജീവിതാനുഭവങ്ങളും രാഷ്ട്രീയ ഉത്തരവാദിത്തവും ചേര്‍ന്ന അസാധാരണമായൊരു മനുഷ്യജീവിതത്തിന്റെ സാക്ഷ്യപ്പെടുത്തലാണെന്നും കൃഷിവകുപ്പ് മന്ത്രി ടി.സിദ്ദിഖ് പറഞ്ഞു. തൃശൂരിലെ മാതൃഭൂമി ഓഫീസില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ജനാധിപത്യം ശക്തമാകുന്നത് ഭരണഘടനാ സ്ഥാപനങ്ങള്‍ സ്വതന്ത്രമായിരിക്കുമ്പോഴാണ്’ എന്ന സോണിയാ ഗാന്ധിയുടെ പുസ്തകത്തിലെ പരാമര്‍ശം ഏറെ പ്രസക്തമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യവും, ജുഡീഷ്യറിയുടെ നിഷ്പക്ഷതയും ചോദ്യം ചെയ്യപ്പെടുന്ന സമകാലിക സാഹചര്യത്തില്‍ ഈ ആശയത്തിന് വലിയ പ്രാധാന്യമുണ്ട്. ഭരണഘടനാ സ്ഥാപനങ്ങള്‍ അവയുടെ ഉത്തരവാദിത്തങ്ങള്‍ നിര്‍ഭയമായി നിര്‍വഹിക്കേണ്ടതുണ്ട്. അവയുടെ മൗനം ജനാധിപത്യത്തിന് അപകടകരമാകാമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

രാജ്യത്തെ വിഭജനത്തിലേക്ക് നയിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളെ പ്രതിരോധിക്കാനും ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുമുള്ള പോരാട്ടത്തിന്റെ അനുഭവങ്ങളും പുസ്തകത്തില്‍ പ്രതിഫലിക്കുന്നുണ്ട്.

രാഷ്ട്രീയ അധികാരത്തേക്കാള്‍ രാജ്യത്തിന്റെ താത്പര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയ സോണിയാ ഗാന്ധിയുടെ വ്യക്തിത്വവും നേതൃത്വവും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്ന കൃതി കൂടിയാണിത്.
പുസ്തകം പുറത്തുവരാതിരിക്കാനുള്ള ശ്രമങ്ങളും വിവിധതരത്തിലുള്ള ഇടപെടലുകളും ഉണ്ടായിട്ടും എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് വായനക്കാരിലേക്ക് എത്തിക്കാന്‍ കഴിഞ്ഞത് ശ്രദ്ധേയമാണ്. പുസ്തകം രാജ്യത്തും ലോകത്തും ഗൗരവമേറിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കും.

1965ല്‍ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്നാരംഭിച്ച സോണിയാ ഗാന്ധിയുടെ യാത്ര, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഏറ്റവും ദീര്‍ഘകാലം നേതൃത്വം വഹിച്ച രാഷ്ട്രീയ വ്യക്തിത്വത്തിലേക്കുള്ള വളര്‍ച്ചയുടെ ചരിത്രം കൂടിയാണ്. തീക്ഷ്ണമായ ജീവിതാനുഭവങ്ങളും കുടുംബത്തോടുള്ള സ്‌നേഹവും ഇന്ത്യയോടുള്ള പ്രതിബദ്ധതയും രാഷ്ട്രനിര്‍മാണത്തോടുള്ള ഉത്തരവാദിത്തബോധവുമാണ് ആ യാത്രയുടെ കാതലെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയത്തിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കാതിരുന്ന സോണിയാ ഗാന്ധിക്ക് ഭര്‍ത്താവ് രാജീവ് ഗാന്ധിയുടെയും ഭര്‍തൃമാതാവ് ഇന്ദിരാ ഗാന്ധിയുടെയും വിയോഗങ്ങളിലൂടെ കടന്നുപോകേണ്ടിവന്നു. അത്തരം ദുരന്താനുഭവങ്ങള്‍ക്കിടയിലും അസാമാന്യമായ ധൈര്യത്തോടെ പൊതുജീവിതത്തിലേക്ക് കടന്നുവന്ന അവര്‍ പിന്നീട് കരുത്തുറ്റ രാഷ്ട്രീയ നേതൃത്വമായി വളര്‍ന്നു. രാജ്യത്തിന്റെ പ്രധാനമന്ത്രി പദം മുന്നിലെത്തിയപ്പോഴും അത് നിരസിച്ചു. പകരം ഡോ. മന്‍മോഹന്‍ സിങ്ങിനെ ആ സ്ഥാനത്തേക്ക് നിര്‍ദേശിച്ച സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ നിലപാട് ലോകചരിത്രത്തില്‍ത്തന്നെ സവിശേഷമായ ഇടം അര്‍ഹിക്കുന്നതാണ്.

ഡോ. മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ വിവരാവകാശ നിയമം, ഭക്ഷ്യസുരക്ഷാ നിയമം, വനാവകാശ നിയമം, വിദ്യാഭ്യാസ അവകാശ നിയമം തുടങ്ങിയ ജനകീയ നിയമനിര്‍മാണങ്ങള്‍ക്ക് പിന്നില്‍ യു.പി.എ. അധ്യക്ഷയെന്ന നിലയിലുള്ള സോണിയാ ഗാന്ധിയുടെ നിര്‍ണായകമായ നേതൃത്വമാണ്.

ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ രാജ്യത്തെ ആരോഗ്യരംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി. കേരളത്തിലെ ആശുപത്രികളുടെ പ്രവര്‍ത്തനത്തിലും ഈ പദ്ധതിയുടെ സ്വാധീനം വലുതായിരുന്നു. കാലം കാത്തിരുന്ന പുസ്തകമാണിത്. സ്‌നേഹം, കുടുംബബന്ധങ്ങള്‍, രാജ്യത്തോടുള്ള പ്രതിബദ്ധത, രാഷ്ട്രീയ ജീവിതത്തിലെ വെല്ലുവിളികള്‍ എന്നിവയെല്ലാം ചേര്‍ന്ന വൈകാരികമായ വായനാനുഭവമായിരിക്കും പുസ്തകം സമ്മാനിക്കുകയെന്നും മന്ത്രി ടി.സിദ്ദിഖ് പറഞ്ഞു.

പുസ്തകം വായനാലോകത്തിന് പരിചയപ്പെടുത്താന്‍ മാതൃഭൂമി സ്വീകരിച്ച തീരുമാനത്തെയും മന്ത്രി അഭിനന്ദിച്ചു.

Content Highlight: Minister T. Siddique spoke about Sonia Gandhi’s book