അണ്ടര്‍ 19 ഏഷ്യാകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി തകര്‍പ്പന്‍ പ്രകടനവുമായി ആര്യവീര്‍ സെവാഗ്. യു.എ.ഇയ്‌ക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിലാണ് സെവാഗ് ജൂനിയറിന്റെ ഹീറോയിസം.

ഇതോടെ അണ്ടര്‍ 19 ലെവലില്‍ ഇന്ത്യയ്ക്ക് വേണ്ടി 160 റണ്‍സ് നേടുന്ന മൂന്നാമത്തെ താരമായി ആര്യവീര്‍ സെവാഗ് മാറി. മായങ്ക് അഗര്‍വാളും ശുഭ്മന്‍ ഗില്ലുമാണ് ഇതിന് മുമ്പ് 160 നേടിയ അണ്ടര്‍ 19 താരങ്ങള്‍. അണ്ടര്‍ 19 ലെവലിലെ ഇന്ത്യന്‍ താരത്തിന്റെ അഞ്ചാമത്തെ വലിയ സ്‌കോറാണ് ഇത്.

2009ല്‍ ഹോര്‍ബട്ടില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ മായങ്ക് അഗര്‍വാളാണ് ഇന്ത്യയ്ക്ക വേണ്ടി 160 നേടിയത്. 2017ല്‍ വാംഖെഡേയില്‍ ഇംഗ്ലണ്ടിനെതിരെയാണ് ശുഭ്മന്‍ ഗില്‍ നേട്ടം കൈവരിച്ചത്.

എന്നാല്‍ അണ്ടര്‍ 19 ലെവലിലെ ടോപ് സ്‌കോറര്‍ അമ്പാട്ടി റായുഡുവാണ്. 2002ല്‍ ഇംഗ്ലണ്ടിനെതിരെ നേടിയ 177 റണ്‍സ് ആണ് റായുഡുവിനെ പട്ടികയില്‍ ഒന്നാമത് നിര്‍ത്തുന്നത്. 2026ല്‍ അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ വണ്ടര്‍കിഡ് വൈഭവ് സൂര്യവംശി ഇംഗ്ലണ്ടിനെതിരെ 80പന്തില്‍ 175 റണ്‍സ് നേടി റായുഡുവിന്റെ റെക്കോഡിന് തൊട്ടടുത്തെത്തിയിരുന്നു. വൈഭവിന്റെ തന്നെ 171 റണ്‍സ് ആണ് പട്ടികയില്‍ മൂന്നാമത്.

2022ല്‍ ഉഗാണ്ടയ്‌ക്കെതിരെ 162 റണ്‍സ് നേടിയ രാജ് ബവയാണ് നാലാമന്‍. ബവയ്ക്കും പിന്നില്‍ അഞ്ചാം സ്ഥാനത്ത് ഗില്ലിനും മായങ്കിനുമൊപ്പമാണ് ആര്യവീര്‍ ഇപ്പോള്‍.

168 പന്ത് നേരിട്ട ആര്യവീര്‍ 17 ഫോറും 7 സിക്‌സറുകളുമടക്കം 160 റണ്‍സ് നേടി. ടോസ് നേടിയ യു.എ.ഇ ഇന്ത്യയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു.

ഇന്ത്യയുടെ തുടക്കം പതിയെ ആയിരുന്നു. 14ാം ഓവറില്‍ ഓപ്പണര്‍ ക്യാപ്റ്റന്‍ ലക്ഷ്യ റായചന്ദാനിയെ നഷ്ടപ്പെട്ടെങ്കിലും രണ്ടാം വിക്കറ്റില്‍ വി.കെ. വിനീതിന്റെ കൂട്ടുപിടിച്ച് 193 റണ്‍സ് ചേര്‍ത്തു.

45ാം ഓവറില്‍ ആര്യവീര്‍ പുറത്താവുമ്പോഴേക്കും ഇന്ത്യയുടെ സ്‌കോര്‍ 250 കടന്നിരുന്നു. വി.കെ വിനീത് 69 പന്തില്‍ 67 റണ്‍സ് നേടി. ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 309 റണ്‍സ് നേടി. യു.എ.ഇ യ്ക്ക് വേണ്ടി നസീം ഖാന്‍ നാല് വിക്കറ്റ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ യു.എ.ഇ നിലവില്‍ 40 ഓവറില്‍ ആറ്‌ വിക്കറ്റ് നഷ്ടത്തില്‍ 153 എന്ന നിലയിലാണ്.

Content Highlight: Aryaveer Sehwag  joins  Subhman Gill and  Mayank Agarwal in elite list after 160 against UAE at U19 world cup