അവന്‍ അവസരങ്ങള്‍ പാഴാക്കുകയാണ്: നിരാശ പങ്കുവെച്ച് മനോജ് തിവാരി
Cricket
അവന്‍ അവസരങ്ങള്‍ പാഴാക്കുകയാണ്: നിരാശ പങ്കുവെച്ച് മനോജ് തിവാരി
Sudev A
Thursday, 16th April 2026, 5:12 pm

2026 ഐ.പി.എല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് താരം അബ്ദുല്‍ സമദ് നടത്തുന്ന മോശം പ്രകടനങ്ങളില്‍ നിരാശ പങ്കുവെച്ച് മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി. അബ്ദുല്‍ സമദ് അവസരങ്ങള്‍ പാഴാക്കുകയാണെന്നാണ് മനോജ് തിവാരി പറഞ്ഞത്. ഐ.പി.എല്ലില്‍ ഒരുപാട് മത്സരങ്ങള്‍ കഴിഞ്ഞെന്നും ഇതുവരെ അബ്ദുല്‍ സമദ് മികച്ച പ്രകടനം നടത്തിയിട്ടില്ലെന്നും മുന്‍ ഇന്ത്യന്‍ താരം വ്യക്തമാക്കി. ക്രിക് ബസിലൂടെ സംസാരിക്കുകയായിരുന്നു മനോജ് തിവാരി.

”അബ്ദുള്‍ സമദിനെ സംബന്ധിച്ചിടത്തോളം അവന്‍ തന്റെ അവസരങ്ങള്‍ പാഴാക്കുകയാണെന്ന് ഞാന്‍ കരുതുന്നു. ഒരുപാട് മത്സരങ്ങള്‍ കഴിഞ്ഞു പോയി. എന്നാല്‍ അവന്‍ മികച്ച പ്രകടനം നടത്തിയിട്ടില്ല. കൊല്‍ക്കത്തക്കെതിരെയുള്ള ഒരു മത്സരം ഞാന്‍ ഓര്‍ക്കുന്നു. രണ്ട് ഓവറുകള്‍ ബാക്കി നില്‍ക്കെ വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന സമയം അവന്‍ 35 റണ്‍സ് നേടി. എന്നാല്‍ ആ സമയത്തും അവസാന ഓവറുകള്‍ വരെ കാളിക്കാന്‍ ശ്രമിക്കാമായിരുന്നുവെന്നും ആ മത്സരത്തില്‍ വലിയ ഷോട്ടുകള്‍ നേടാമായിരുന്നുവെന്നും എനിക്ക് തോന്നി. എന്നാല്‍ അവന്റെ തീരുമാനത്തില്‍ സംഭവിച്ചത് തെറ്റാണ്” മനോജ് തിവാരി പറഞ്ഞു.

ഈ സീസണില്‍ അബ്ദുല്‍ സമദ് അഞ്ച് മത്സരങ്ങളില്‍ നിന്നും വെറും 72 റണ്‍സ് മാത്രമാണ് നേടിയത്. 110.76 സ്‌ട്രൈക്ക് റേറ്റിലാണ് താരം ഇതുവരെ ബാറ്റ് വീശിയത്. കഴിഞ്ഞ ദിവസം റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെയുള്ള മത്സരത്തില്‍ റണ്‍സ് ഒന്നും നേടാതെയാണ് സമദ് മടങ്ങിയത്. കൃണാല്‍ പാണ്ഡ്യയുടെ പന്തില്‍ ആര്‍.സി.ബി ക്യാപ്റ്റന്‍ രജത് പടിതാറിന് ക്യാച്ച് നല്‍കിയാണ് സമദ് മടങ്ങിയത്.

അതേസമയം കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ലഖ്നൗവിനെതിരെ അഞ്ച് വിക്കറ്റുകള്‍ക്കായിരുന്നു ബെംഗളൂരുവിന്റെ വിജയം. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗ 146 റണ്‍സായിരുന്നു നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ 29 പന്ത് ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു ബെംഗളൂരു. ഇതോടെ പോയിന്റ് ടേബിളില്‍ എട്ട് പോയിന്റുമായി ഒന്നാമതെത്താനും ആര്‍.സി.ബിക്ക് സാധിച്ചു.

മറുഭാഗത്ത് അഞ്ച് മത്സരങ്ങളില്‍ നിന്നും രണ്ട് വിജയവും മൂന്ന് തോല്‍വിയും അടക്കം നാല് പോയിന്റുമായി ഏഴാം സ്ഥാനത്താണ് റിഷബ് പന്തും സംഘവും. ഏപ്രില്‍ 19ന് പഞ്ചാബ് കിങ്‌സിനെതിരെയാണ് എല്‍.എസ്.ജിയുടെ അടുത്ത മത്സരം.

Content Highlight: Manoj Tiwary talks about Abdul Samad Performance in IPL 2026

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.