ഫഹദിന്റെതായ പൂര്‍ണതയിലാണ് കഥാപാത്രം ചെയ്തിരിക്കുന്നത്: മഹേഷ് നാരായണന്‍
Malayalam Cinema
ഫഹദിന്റെതായ പൂര്‍ണതയിലാണ് കഥാപാത്രം ചെയ്തിരിക്കുന്നത്: മഹേഷ് നാരായണന്‍
അശ്വിന്‍ രാജേന്ദ്രന്‍
Wednesday, 6th May 2026, 9:05 am

അടുത്തിടെ സൗത്ത് ഇന്ത്യയില്‍ തന്നെ വലിയ രീതിയില്‍ ചര്‍ച്ചയായി മാറിയ ചിത്രമായിരുന്നു മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത പേട്രിയറ്റ്. കേരളത്തിലെ ഏറ്റവും വലിയ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ചെത്തുന്ന ചിത്രമെന്ന സവിശേഷതയില്‍ ഒരുങ്ങിയ പേട്രിയറ്റ് റിലീസ് ചെയ്ത് ദിസങ്ങള്‍ക്കുള്ളില്‍ 70 കോടിയിലധികം കളക്ഷന്‍ നേടി മുന്നേറുകയാണ്. ബിഗ് എംസിന് പുറമെ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, രേവതി, രാജീവ് രവി, നയന്‍താര തുടങ്ങിയവരും പേട്രിയറ്റില്‍ പ്രധാനവേഷത്തിലെത്തിയിരുന്നു.

മഹേഷ് നാരായണന്‍. Photo: Deccan Herald

കാലിക പ്രസക്തിയുള്ള വിഷയം ചര്‍ച്ച ചെയ്യുന്ന ചിത്രത്തിന് ആദ്യ ദിനങ്ങളില്‍ സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. എന്നാല്‍ ചിത്രത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച ശക്തി എന്ന കഥാപാത്രത്തിന് ഒട്ടനവധി വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നിരുന്നു. താരം അവതരിപ്പിച്ച കുമ്പളങ്ങി നൈറ്റ്‌സിലെയും ട്രാന്‍സിലെയും കഥാപാത്രങ്ങളുടെ മിക്‌സാണ് ശക്തി എന്ന കഥാപാത്രമെന്നും പല സ്ഥലങ്ങളിലും അലറിക്കൊണ്ടുള്ള താരത്തിന്റെ അഭിനയം അരോചകരമായിരുന്നുവെന്നുമായിരുന്നു വിമര്‍ശനം. ഇപ്പോഴിതാ താരത്തിന് നേരെ ഉയര്‍ന്ന വിമര്‍ശനങ്ങളെക്കുറിച്ച് സംവിധായകന്‍ മഹേഷ് നാരായണന്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

‘ഞാന്‍ കാണുന്നത് ഫഹദ് ഫഹദിന്റെതായ ഒരു പൂര്‍ണതയിലാണ് ആ കഥാപാത്രം ചെയ്തിരിക്കുന്നത്. കാരണം അദ്ദേഹം അവതരിപ്പിച്ച ശക്തി എന്ന കഥാപാത്രത്തെ ഒരുപാട് പ്രശ്‌നങ്ങള്‍ നിറഞ്ഞ കുട്ടിക്കാലമുള്ള കഥാപാത്രമായാണ് ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുള്ളത്. അദ്ദേഹം ഒരു പ്രോപ്പര്‍ വില്ലനല്ല. അയാള്‍ക്ക് വില്ലനാകാനുള്ള ഒരു റീസണും സാഹചര്യവുമുണ്ട്. മറ്റൊരു ഭാവി ഉണ്ടാകേണ്ടിയിരുന്ന ആളെ സാഹചര്യങ്ങളുടെ സമ്മര്‍ദം കൊണ്ട് ഇത്തരത്തില്‍ ആക്കിയിരിക്കുകയാണ്.

ആ സമയത്ത് അയാളുടെ സുഹൃത്ത് ഒരു കമ്പിനി തുടങ്ങിയപ്പോള്‍ ആ കമ്പിനിയുടെ കൂടെ ശക്തിയും ചേരുകയാണ്. അതിലെല്ലാം ഒരു ഫ്രണ്ട്ഷിപ്പിന്റെ ഡൈനാമിക്‌സുണ്ട്. പെര്‍ഫോമന്‍സിന്റെ അകത്ത് നമുക്ക് അളവ് കോല്‍ വെയ്ക്കാന്‍ സാധിക്കില്ല. അയാള്‍ ട്രൂത്ത്ഫുള്ളായിട്ടാണ് പെര്‍ഫോം ചെയ്തിട്ടുള്ളത്. ആളുകള്‍ക്ക് അങ്ങനെ തോന്നുന്നില്ലെങ്കില്‍ അത് എന്റെ ഡിഫെക്ടാണ് ഒരിക്കലും അദ്ദേഹത്തിന്റെ ഡിഫെക്ട് അല്ല,’മഹേഷ് നാരായണന്‍ പറഞ്ഞു.

പേട്രിയറ്റ്. Photo: Mammootty/ Facebook.com

ടേക്ക് ഓഫ്, സി.യു.സൂണ്‍, മാലിക്ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മഹേഷ് നാരായണനും ഫഹദ് ഫാസിലും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് പേട്രിയറ്റ്. പെഗാസസ്, സഞ്ചാര്‍ സാഥി തുടങ്ങി രാജ്യത്തെ പിടിച്ചുകുലുക്കിയ ഒട്ടനവധി സംഭവങ്ങള്‍ ചിത്രത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.

Content Highlight: Mahesh Narayan talks about Fahad Fasil’s role in Patriot Movie

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.