ചരിത്രത്തിലെ മികച്ച താരം മെസി തന്നെയെന്ന് വിശേഷിപ്പിച്ച പരിശീലകൻ
Football
ചരിത്രത്തിലെ മികച്ച താരം മെസി തന്നെയെന്ന് വിശേഷിപ്പിച്ച പരിശീലകൻ
ഫസീഹ പി.സി.
Thursday, 5th February 2026, 1:20 pm

ലയണൽ മെസിയെന്ന ഫുട്ബോൾ ഇതിഹാസം കാൽപന്ത് പ്രേമികളുടെ മാത്രമല്ല, പല ഫുട്ബോളർമാരുടെയും പ്രിയ താരമാണ്. പല താരങ്ങളും അർജന്റൈൻ ഇതിഹാസത്തോടുള്ള തങ്ങളുടെ ഇഷ്ടത്തെ കുറിച്ച് തുറന്ന് സംസാരിച്ചിട്ടുണ്ട്. അവരെല്ലാം തങ്ങളുടെ മിശിഹയാണ് ഏറ്റവും മികച്ച ഫുട്ബോളർ എന്ന അഭിപ്രായവും പലവുരു പങ്കുവെച്ചിട്ടുണ്ട്.

ഇതുപോലെ എന്നും മെസിയെ തന്റെ പ്രിയ താരവും മികച്ച ഫുട്ബോളറുമായി വിശേഷിപ്പിക്കുന്ന ഒരാളാണ് പി.എസ്‌.ജി പരിശീലകൻമെസിയുടെ ദീർഘകാലത്തെ കരിയർ താരത്തെ എക്കാലത്തും മികച്ച ഫുട്ബോളറാക്കുന്നുവെന്നും ഓരോ ദിവസവും താരം ഉയർന്ന നിലവാരമുള്ള കളിയാണ് പുറത്തെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലൂയിസ് എൻറിക്വ്. Photo: Eurofoot/x.com

പരിശീലനത്തിൽ പോലും മെസി അവിശ്വസനീയമായ കാര്യങ്ങളാണ് ചെയ്യാറുള്ളതെന്നും ഒരു താരത്തെ കൊണ്ട് മാത്രം മെസിയെ തടയുകയെന്നത് പ്രയാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2025 ക്ലബ്ബ് ലോകകപ്പിനിടെ പി.എസ്‌.ജിയും ഇന്റർ മയാമിയും നേർക്കുനേർ വന്ന മത്സരത്തിന് മുന്നോടിയായാണ് മെസിയെ കുറിച്ച് എൻറിക്വ് സംസാരിച്ചത്.

‘സംശയിക്കേണ്ട, എനിക്ക് എക്കാലത്തും മികച്ച ഫുട്ബോളർ മെസി തന്നെയാണ്. കഴിഞ്ഞ 10 – 15 വർഷമായി അദ്ദേഹം ഏറ്റവും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ദീർഘകാലത്തെ അവന്റെ കരിയറാണ് അവനെ ചരിത്രത്തിലെ മികച്ച താരമാകുന്നത്. ഓരോ ദിവസവും മെസി ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള ഫുട്ബോൾ കളിക്കുന്നുവെന്നത് വിലകുറച്ച് കാണാൻ സാധിക്കില്ല. അത് വളരെ ശ്രദ്ധേയമാണ്.

മെസി പരിശീലനത്തിൽ അവിശ്വസനീയമായ കാര്യങ്ങൾ ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. അവ വളരെ അത്ഭുകരവും അസാധ്യവുമായിരുന്നു. ഒരു കളിക്കാരനെ കൊണ്ട് മാത്രം അവനെ തടഞ്ഞ് നിർത്തുക പ്രയാസമാണ്. മെസി നന്നായി ഡ്രിബിൾ ചെയ്യുന്നൊരു താരമാണ്. അത് അവനെ പ്രതിരോധിക്കുന്നതിൽ പ്രയാസമുണ്ടാക്കുന്നു,’ എൻറിക്വ് പറഞ്ഞു.

ലയണൽ മെസി. Photo: Onefootball/x.com

2014 മുതൽ 2017 വരെ മെസിയും എൻറികും ബാഴ്‌സലോണയിൽ ഒരുമിച്ചുണ്ടായിരുന്നു. ഇരുവരും ചേർന്ന് ടീമിന് 2015 ൽ ലാലിഗ, കോപ്പ ഡെൽ റെ, ചാമ്പ്യൻസ് ലീഗ്, യുവേഫ സൂപ്പർ കപ്പ്, ക്ലബ്ബ് വേൾഡ് കപ്പ് എന്നിവ സമ്മാനിച്ച് ചരിത്രം സൃഷ്ടിച്ചു.

Content Highlight: Luis Enrique once said Lionel Messi is his all time best footballer

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി