തിരുവനന്തപുരം: ലോട്ടറിയില്‍ നിന്നുള്ള വരുമാനം സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാനമാര്‍ഗമാണെന്ന പ്രചരണം വാസ്തവവിരുദ്ധമാണെന്ന് വിശദീകരിക്കുന്ന വീഡിയോയുമായി ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍.

ലോട്ടറി വകുപ്പുമായി ബന്ധപ്പെട്ട് കാലങ്ങളായി നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ നീക്കുകയും അവയെ കുറിച്ച് പൊതുജനത്തിനറിയാത്ത കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്യുന്നതാണ് കെ.എന്‍. ബാലഗോപാല്‍ പങ്കുവെച്ച വീഡിയോ.

മന്ത്രി തന്റെ ഫേസ്ബുക്ക്/ഇന്‍സ്റ്റഗ്രാം പേജുകളില്‍ പ്രസിദ്ധീകരിച്ച വീഡിയോയില്‍ ലോട്ടറി വകുപ്പില്‍ നിന്നുള്ള വരവ്-ചെലവ് കണക്കുകളും അതില്‍ നിന്നുള്ള യഥാര്‍ത്ഥ ലാഭവും വിശദീകരിക്കുന്നുണ്ട്.

ഇക്കഴിഞ്ഞ സാമ്പത്തികവര്‍ഷം (2024-25) ലോട്ടറിയില്‍ നിന്നുള്ള വരുമാനമായി ബജറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത് 13,244 കോടി രൂപയാണ്. എന്നാൽ ഇത് സാമ്പത്തിക വര്‍ഷത്തിലെ ലോട്ടറി ടിക്കറ്റുകളുടെ മൊത്തം വിറ്റുവരവാണ്.

ഇക്കാലയളവിലെ ടിക്കറ്റിന്റെ സമ്മാനത്തുകകള്‍, വില്‍പ്പനക്കാര്‍ക്കുള്ള കമ്മീഷന്‍, ഏജന്റുമാര്‍ക്കുള്ള ശതമാനവിഹിതം, പരസ്യചെലവുകള്‍ കൂടാതെ ജീവനക്കാരുടെ ശമ്പളം എന്നിങ്ങനെ ലോട്ടറി വകുപ്പിന്റെ നടത്തിപ്പ് ചെലവ് ഏകദേശം 12,222 കോടി രൂപയാണ്.

ഈ ചെലവ് കഴിച്ചാല്‍ ഇതില്‍ നിന്നും സര്‍ക്കാരിന് ലഭിക്കുന്ന ലാഭം വെറും 1022 കോടി രൂപയാണെന്നും ഇത് സംസ്ഥാനത്തിന്റെ ആകെ തനത് വരുമാനത്തിന്റെ ഒരു ശതമാനവും സംസ്ഥാന ബജറ്റിന്റെ അരശതമാനവുമേ ആകുന്നുള്ളൂ എന്നുമാണ് വീഡിയോ വിശദീകരിക്കുന്നത്. ലോട്ടറി മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളെപ്പോലെ ഒരു സ്വതന്ത്ര സ്ഥാപനമല്ല, മറിച്ച് ഒരു സര്‍ക്കാര്‍ വകുപ്പാണ്. അതിനാല്‍ അതിന്റെ വരവും ചെലവും ബജറ്റില്‍ രേഖപ്പെടുത്തുമെന്നും വീഡിയോയില്‍ വിശദീകരിക്കുന്നു.

പ്രായമായവര്‍, ഭിന്നശേഷിക്കാര്‍, ഹൃദ്രോഗം പോലെയുള്ള സാഹചര്യം കൊണ്ട് കഠിനജോലികള്‍ ചെയ്യാന്‍ കഴിയാത്തവര്‍ എന്നിങ്ങനെ സമൂഹത്തിലെ ഏറ്റവും അശരണരും നിരാലംബരുമായ ഒരുലക്ഷത്തോളം മനുഷ്യര്‍ക്ക് അന്തസോടെ ജീവിക്കാന്‍ മാര്‍ഗമൊരുക്കുന്ന ഒരു സംവിധാനം കൂടിയാണ് ലോട്ടറിയെന്നും മന്ത്രി പറയുന്നു.