തൃശ്ശൂർ: സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം മുഖ്യമന്ത്രിയിൽ നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്ന് കേന്ദ്രമന്ത്രിയും തൃശ്ശൂർ എം.പിയുമായ സുരേഷ് ഗോപി.
ഒരു എം.പിക്കോ കേന്ദ്രമന്ത്രിക്കോ ജനങ്ങളുടെ ആവശ്യങ്ങൾക്കായി നൽകേണ്ട എല്ലാവിധ സഹകരണവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടെന്നും, കഴിഞ്ഞ പത്തു വർഷമായി ലഭിക്കാതിരുന്ന പിന്തുണയാണ് ഇപ്പോൾ ലഭ്യമാകുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്ന കാര്യങ്ങളിൽ ഉടനടി അനുകൂലമായ നടപടികളുണ്ടാകുന്നുണ്ട്. ഇത് ബി.ജെ.പിയോടുള്ള രാഷ്ട്രീയ സഹായമല്ലെന്നും, മറിച്ച് ജനക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട് ലഭിക്കുന്ന ഔദ്യോഗിക പിന്തുണയാണെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ സ്വപ്ന പദ്ധതികളായ മൂന്ന് സ്വദേശ് ദർശൻ പദ്ധതികൾക്ക് അനുമതി നേടിയെടുത്ത കാര്യവും അദ്ദേഹം എടുത്തു പറഞ്ഞു. 2024-ൽ മന്ത്രിയായി ചുമതലയേറ്റ ശേഷം ഒപ്പിട്ട ഫയലുകളിൽ ഈ മൂന്ന് പെറ്റ് പ്രോജക്ടുകൾ ഉൾപ്പെട്ടിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.
തൃശ്ശൂർ ശക്തൻ മാർക്കറ്റ് വികസനം അടക്കമുള്ള പദ്ധതികളിൽ മുഖ്യമന്ത്രി നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ അനുമതി നൽകാൻ തയ്യാറായി മുന്നോട്ടുവന്നിട്ടുണ്ട്. ഇതിൽ ഒരു പദ്ധതിക്ക് അനുമതി ലഭിച്ചുകഴിഞ്ഞെന്നും ശേഷിക്കുന്ന രണ്ടെണ്ണം ഉടൻ ലഭ്യമാകുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
Content Highlight: Strong support from the Chief Minister; receiving cooperation that was not available over the past 10 years: Suresh Gopi.
