| ഒപ്പിനിയന്‍: മെഹ്താബ് |
പ്രിയ രോഹിത്
ഈ കത്ത് നിങ്ങള്‍ക്ക് വായിക്കാന്‍ കഴിയുമോ എന്നെനിക്കറിയില്ല. എന്നിരുന്നാലും നിങ്ങള്‍ എഴുതിയ അവസാനത്തെ കുറിപ്പ് വീണ്ടും വീണ്ടും വായിച്ചപ്പോള്‍ നിങ്ങള്‍ക്ക് എഴുതണമെന്നു എനിക്ക് തോന്നി. സാമൂഹ്യനീതിക്കും, മാന്യമായി ജീവിക്കാനും വേണ്ടി പൊരുതിയ ഒരു യുവ ദളിതന് ഒരു മുസ്‌ലിം യുവാവ് (“ഡി” എന്ന കാപ്പിറ്റലോടുകൂടി നിങ്ങള്‍ ദളിതനായി ചുരുക്കപ്പെട്ടതുപോലെ ഞാനും “എം” എന്ന കാപ്പിലോടുകൂടി ഒരു മുസ്‌ലിം ആയി ചുരുക്കപ്പെട്ടു, അതില്‍ എനിക്കു ലജ്ജയില്ല) എഴുതുന്ന കത്താണിത്.
അവസാന യാത്ര പറഞ്ഞ് പോകാനുള്ള നിങ്ങളുടെ തീരുമാനം ധീരവും ശ്രേഷ്ഠവുമാണെന്ന കാര്യത്തില്‍ എനിക്ക് യാതൊരു ശങ്കയുമില്ല. നിങ്ങളുടെ ജീവിതവും പോരാട്ടവും എനിക്ക് മൂന്നു പ്രധാന പാഠങ്ങളാണ് നല്‍കിയത്; ചുരുക്കി പറഞ്ഞാല്‍, ധൈര്യം, അന്തസ്സ്, ഐക്യം. നിങ്ങളുടെ കത്ത് വായിക്കുമ്പോള്‍ എനിക്കോര്‍മ്മവരുന്നത് ഹിന്ദുസ്ഥാനി കവി ദുഷ്യന്തിന്റെ ഈരടികളാണ്:
“jiye to apne bagiche main gulmohar ke liye/mare to Gair ki galiyon main gulmohar ke liye ”
കരയാന്‍ തോന്നുന്നുണ്ടെങ്കിലും ഞാന്‍ കരയില്ലെന്നു പറയാനാണ് ഈ കത്തെഴുതുന്നത്… ഞാന്‍ ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടില്‍ നില്‍ക്കും കാരണം “കണ്ണുനീര്‍ പൊഴിക്കരുതെന്ന്” നിങ്ങള്‍ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. “ജീവിച്ചിരിക്കുന്നതിനേക്കാള്‍ സന്തോഷം എനിക്ക് മരിക്കുമ്പോഴാണ്” എന്നു നിങ്ങള്‍ പറഞ്ഞപ്പോള്‍ എനിക്കു നിങ്ങളെ വിശ്വാസമായി.
ഞങ്ങളില്‍ പലരെയും (മുസ്‌ലിം യുവാക്കള്‍) നിങ്ങളുമായി സാമ്യപ്പെടുത്താം. “പുറമേ കാണുന്ന സ്വത്വത്തിലും ഏറ്റവുമടുത്ത സാധ്യതകളിലുമൊതുക്കി ഒരു മനുഷ്യന്റെ മൂല്യം ചുരുക്കുകയാണ്; ഒരു വോട്ടിലേക്ക്, ഒരു അക്കത്തിലേക്ക്, അല്ലെങ്കില്‍ ഒരു വസ്തുവിലേക്ക്… എന്നാല്‍ ഒരു മനുഷ്യനെ ഒരു മനസ്സെന്ന നിലയില്‍ ഒരിക്കലും പരിഗണിക്കുന്നേയില്ല. ” എന്ന നിങ്ങളുടെ അഭിപ്രായം തീര്‍ത്തും ശരിയാണ്.

നിങ്ങളെ നേരിട്ടു പരിചയപ്പെടാന്‍ സാധിക്കാത്തത് എന്റെ ജീവിതത്തില്‍ ഒരിക്കലും നികത്താനാവാത്ത നഷ്ടമായിരിക്കും. എങ്കിലും നേരിട്ടുള്ള കൂടിക്കാഴ്ചയിലൊന്നും യാതൊരു കാര്യവുമില്ലെന്ന കാര്യം എനിക്ക് ബോധ്യമുണ്ട്. നിങ്ങള്‍ ഇപ്പോഴും എനിക്കു മുമ്പിലുണ്ട്, നേരിട്ടു കണ്ടിട്ടില്ലെങ്കിലും ആറു വര്‍ഷം മുമ്പ് നമുക്കിടയില്‍ നിന്നും തട്ടിപ്പറിച്ചെടുത്ത അഡ്വ. ഷാഹിദ് അസ്മിയെപ്പോലെ. ഷാഹിദിന്റെ ഊര്‍ജ്ജസ്വലവും പോരാട്ടനിര്‍ഭരവുമായ ജീവിതത്തിന്റെ ഓര്‍മ്മകള്‍ നിലനില്‍ക്കുന്നതുപോലെ നിങ്ങളെ കാണാന്‍ നിങ്ങളുടെ ഓര്‍മ്മകള്‍ തന്നെ എനിക്കു ധാരാളം.
നിങ്ങള്‍ കാണിച്ച വഴി ഞാന്‍ പിന്തുടരുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നു, അത് പറയുന്നത്ര എളുപ്പമല്ലെങ്കില്‍ കൂടി. അത് നിങ്ങള്‍ മാര്‍ഗദര്‍ശിയായി എന്നതുകൊണ്ടുമാത്രമല്ല, കാരണം ഞങ്ങള്‍ അതു ചെയ്യുന്നില്ലെങ്കില്‍ ഞങ്ങളും തകരും. ജ്യോതിഭ ഫൂലെയെയും, ബാബ അംബേദ്കറിനെയും പോലെയുള്ളവര്‍ തുടങ്ങിവെച്ച പോരാട്ടം നിങ്ങള്‍ മുന്നോട്ടുകൊണ്ടുപോയതുപോലെ ഞങ്ങളും ഈ പോരാട്ടം തുടരുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നു.
വിദ്യാഭ്യാസം നേടൂ, സംഘടിക്കു, പ്രക്ഷോഭം നടത്തൂ”; ബാബാ അംബേദ്ക്കറുടെ പ്രശസ്തമായ ഈ വരികള്‍.. എനിക്കറിയാം ഈ വരികളാണ് താങ്കളെ നയിച്ചിരുന്നതെന്ന്. . ലോകത്തുള്ള അടിച്ചമര്‍ത്തപ്പെട്ടവരെല്ലാം ഒരുമിച്ച് പഠിക്കുകയും, സംഘടിക്കുകയും പ്രക്ഷോഭം നടത്തുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നു കൂടി ഞാന്‍ പറയട്ടെ.
Rest in power, my friend.
നക്ഷത്രങ്ങളില്‍ വെച്ച് കണ്ടുമുട്ടാമെന്ന പ്രതീക്ഷയോടെ
ഐക്യദാര്‍ഢ്യം.
മെഹ്താബ്
