2026 ഫിഫ ലോകകപ്പിന്റെ പ്രീ-ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് ഓസ്ട്രിയയും സ്‌പെയ്‌നും കളത്തിലിറങ്ങും. മത്സരത്തില്‍ ഏവരും കാത്തിരിക്കുന്നത് സ്‌പെയ്‌നിന്റെ സൂപ്പര്‍ താരം ലാമിന്‍ യമാലിന്റെ എന്‍ട്രിയാണ്. ഇന്ന് കളത്തിലിറങ്ങി ഗോള്‍ നേടാനായാല്‍ കൗമാരതാരം ലാമിന്‍ യമാലിന് ഒരു ചരിത്ര നേട്ടവും സ്വന്തമാക്കാന്‍ സാധിക്കും.
ലോകകപ്പ് നോക്കൗട്ട് ഘട്ടത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്പാനിഷ് താരമെന്ന അപൂര്‍വ റെക്കോഡാണ് 18കാരനെ കാത്തിരിക്കുന്നത്. യൂറോ 2024ല്‍ ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍സ്‌കോററെന്ന റെക്കോഡ് യമാല്‍ ഇതിനോടകം സ്വന്തമാക്കിയിരുന്നു. തന്റെ അരങ്ങേറ്റ ലോകകപ്പില്‍ തന്നെ ആദ്യ ഗോള്‍ നേടി ശ്രദ്ധേയനാകാനും താരത്തിന് സാധിച്ചു.
ലോകകപ്പ് ചരിത്രത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമെന്ന നേട്ടവും യമാല്‍ സ്വന്തമാക്കിയിട്ടുണ്ട്. ഈ റെക്കോഡ് ലിസ്റ്റില്‍ ഇതിഹാസ താരം പെലെ യമാലിന് മുന്നിലുള്ളത്.
ഇന്ന് ഓസ്ട്രിയക്കെതിരെ താരം കളത്തിലിറങ്ങുമെന്നും ഗോള്‍ നേടുമെന്നുമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
അതേസമയം 2026 ഫിഫ ലോകകപ്പില്‍ ഇതുവരെ തോല്‍വിയറിയാതെയാണ് സ്‌പെയിന്‍ നോക്കൗട്ട് ഘട്ടത്തിലെത്തിയത്. ഗ്രൂപ്പ് എച്ച്-ലെ ആദ്യ മത്സരത്തില്‍ അരങ്ങേറ്റക്കാരായ കേപ് വെര്‍ദെയുമായി ഗോള്‍രഹിത സമനില വഴങ്ങിയ സ്‌പെയിന്‍ പിന്നീട് സൗദി അറേബ്യയെ 4-0ന് തകര്‍ക്കുകയും നിര്‍ണായകമായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഉറുഗ്വേയെ 1-0ന് കീഴടക്കുകയും ചെയ്തു.
ഇതോടെ രണ്ട് ജയവും ഒരു സമനിലയും ഉള്‍പ്പെടെ ഏഴ് പോയിന്റുമായി ഗ്രൂപ്പ് ജേതാക്കളായാണ് സ്‌പെയിന്‍ പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. മൂന്ന് മത്സരങ്ങളില്‍ അഞ്ച് ഗോളുകള്‍ നേടിയ സ്പാനിഷ് ടീം ഇതുവരെ ഒരു ഗോള്‍ പോലും വഴങ്ങിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
യൂറോ 2024 ചാമ്പ്യന്‍മാരായ സ്‌പെയ്‌നായി ലാമിന്‍ യമാല്‍, പെഡ്രി, നിക്കോ വില്യംസ്, മികേല്‍ ഒയാര്‍സ്ബാല്‍ എന്നിവര്‍ മികച്ച ഫോമിലാണ്. ഓസ്ട്രിയക്കെതിരായ ഇന്നത്തെ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിലും ഈ മികവ് തുടര്‍ന്ന് പ്രീ-ക്വാര്‍ട്ടറിലേക്ക് മുന്നേറാനാണ് സ്പയ്‌നിന്റെ ലക്ഷ്യം. അതേസമയം ലോസ് ആഞ്ചലസില്‍ നടക്കുന്ന മത്സരത്തില്‍ സ്‌പെയ്ന്‍ വിജയിച്ചാല്‍, പോര്‍ച്ചുഗല്‍ ക്രൊയേഷ്യ മത്സരത്തിലെ വിജയികളെ പ്രീക്വാര്‍ട്ടറില്‍ നേരിടും.
Content Highlight: Lamine Yamal Need One Goal To Create Great Record Achievement In World Cup