കുഞ്ചാക്കോ ഡാന്‍സ് കളിക്കുന്ന ദേവദൂതര്‍ എന്ന സോങ് ആണ് സോഷ്യല്‍ മീഡിയയില്‍ എപ്പോള്‍ തരംഗം. അദ്ദേഹത്തിന്റെ ഡാന്‍സിനെ പ്രശംസിച്ച് ഒരുപാട് പേര്‍ മുന്നോട്ടെത്തുന്നുണ്ട്.

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ ഗാനമാണിത്. ഇതിനകം തന്നെ ഗാനം യൂട്യൂബില്‍ വൈറലായിട്ടുണ്ട്.

1985ല്‍ ഭരതന്‍ സംവിധാനം ചെയ്ത കാതോട് കാതോരം എന്ന ചിത്രത്തിലെ ഗാനത്തിന്റെ റീമേക്ക് ആണ് ഈ പാട്ട്. മമ്മൂട്ടിയായിരുന്നു ഈ സിനിമയിലെ നായകന്‍. ഒ.എന്‍.വി കുറുപ്പിന്റെ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം നല്‍കിയ ഗാനം ആലപിച്ചത് യേശുദാസ് ആയിരുന്നു. ന്നാ താന്‍ കേസ് കൊടിലെ ദേവദൂതര്‍ പാടിയത് ബിജു നാരായണനാണ്.

ഗാനവും അദ്ദേഹത്തിന്റെ ഡാന്‍സും വൈറലായതിനെ തുടര്‍ന്ന് സന്തോഷം പങ്കുവെക്കുകയാണ് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ കുഞ്ചാക്കോ. ഈ ഗാനം ആദ്യം തന്നെ മമ്മൂട്ടിയെ കാണിച്ച് സമ്മതം വാങ്ങിയെന്നും എന്തെങ്കിലും കൈപ്പിഴ പറ്റിയിരുന്നെങ്കില്‍ നാട്ടുകാര്‍ എയറില്‍ നിര്‍ത്തിയേനെ എന്നുമാണ് അഭിമുഖത്തില്‍ കുഞ്ചാക്കോ പറഞ്ഞത്.

‘വളരെ അധികം സന്തോഷം നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. എവര്‍ഗ്രീന്‍ സോങ് റീക്രിയേറ്റ് ചെയ്ത് വേറൊരു തരത്തില്‍ അവതരിപ്പിക്കുമ്പോള്‍ അത് മോശമാകരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ആദ്യം തന്നെ മമ്മൂക്കയെ കാണിച്ച് സമ്മതം വാങ്ങി. ഇത് കണ്ട അദ്ദേഹം വാട്‌സാപ്പിലൂടെ തമ്പ്‌സ് അപ്പും നന്നായി ഇരിക്കുന്നു, ലവ് യൂ എന്നുമാണ് മറുപടി തന്നത്.

എന്നെ സംബന്ധിച്ച് ശരിക്കും ഫാന്‍ബോയ് മൊമന്റ് എന്ന് പറയാം. അദ്ദേഹം തന്നെ അത് ഒഫീഷ്യലായി അനൗണ്‍സ് ചെയ്തു. മാത്രമല്ല ഔസേപ്പച്ചന്‍ ചേട്ടന്‍ വിളിച്ച് സന്തോഷം പറഞ്ഞു. കൂടാതെ സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം സന്തോഷം പങ്കുവച്ചു. എന്തെങ്കിലും കൈപ്പിഴ പറ്റിയിരുന്നെങ്കില്‍ നാട്ടുകാര്‍ എയറില്‍ നിര്‍ത്തിയേനെ. ജനങ്ങള്‍ ഏറ്റെടുത്തതില്‍ സന്തോഷവും സമാധാനവുമുണ്ട്,’ കുഞ്ചാക്കോ പറഞ്ഞു.

കൊഴുമ്മല്‍ രാജീവന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണമാണ് ടീസറിന് ലഭിച്ചത്.

കുഞ്ചാക്കോ ബോബന്റെ കഥാപാത്രം ഒരു ചെറിയ പ്രശ്നവുമായി കോടതിയെ സമീപിക്കുന്നതും, തന്റെ കേസ് വാദിക്കാന്‍ ശ്രമിക്കുന്നതുമാണ് ന്നാ താന്‍ കേസ് കൊട് എന്ന സിനിമയുടെ പ്രമേയമെന്നാണ് സൂചന. ഗായത്രി ശങ്കറാണ് ചിത്രത്തിലെ നായിക. ബേസില്‍ ജോസഫ്, ഉണ്ണിമായ എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Content Highlight: Kunchakko Boban says that Mammootty replied ‘I love you’ when he shared Devduthar, if there had been any trouble he will be in air