അദ്ദേഹം ഇന്ത്യയുടെ വൈറ്റ് ബോള്‍ ഫോര്‍മാറ്റ് കളിക്കാന്‍ അര്‍ഹന്‍; പിന്തുണയുമായി ക്രിസ് ശ്രീകാന്ത്
Cricket
അദ്ദേഹം ഇന്ത്യയുടെ വൈറ്റ് ബോള്‍ ഫോര്‍മാറ്റ് കളിക്കാന്‍ അര്‍ഹന്‍; പിന്തുണയുമായി ക്രിസ് ശ്രീകാന്ത്
ശ്രീരാഗ് പാറക്കല്‍
Wednesday, 27th May 2026, 3:28 pm

ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തിയതോടെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു 2026ലെ ഐ.പി.എല്‍ ഫൈനലില്‍ പ്രവേശിച്ചിരുന്നു. ബെംഗളൂരുവിന്റെ ക്യാപ്റ്റനും വെടിക്കെട്ട് ബാറ്ററുമായ രജത് പടിദാറിന്റെ പ്രകടനത്തിന്റെ കരുത്തിലാണ് ബെംഗളൂരു ഫൈനലിലെത്തിയത്. ഇതിന് പിന്നാലെ താരത്തെ പ്രശംസിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്. പടിദാര്‍ ഇന്ത്യയ്ക്ക് വേണ്ടി വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ കളിക്കാന്‍ അര്‍ഹനാണെന്നാണ് ശ്രീകാന്ത് പറഞ്ഞത്.

‘ടെസ്റ്റില്‍ ഇന്ത്യ അദ്ദേഹത്തിന് (രജത് പടിദാര്‍) അവസരം നല്‍കിയിട്ടുണ്ട്, പക്ഷേ വൈറ്റ്-ബോള്‍ ക്രിക്കറ്റില്‍ അവസരം ലഭിച്ചിട്ടില്ല. പക്ഷേ ഇന്ത്യയ്ക്കായി വൈറ്റ്-ബോള്‍ ഫോര്‍മാറ്റുകള്‍ കളിക്കാന്‍ അദ്ദേഹത്തിന് അവസരം നല്‍കണം.

കുറഞ്ഞത് അദ്ദേഹം 15ാം സ്ഥാനത്തുള്ളയാളെങ്കിലും ആയിരിക്കണം. ഇന്ത്യയ്ക്കായി വൈറ്റ്-ബോള്‍ ക്രിക്കറ്റില്‍ പടിദാര്‍ ഒരു സ്ഥാനം അര്‍ഹിക്കുന്നുണ്ട്. കാരണം മധ്യ ഓവറുകളില്‍ ഒറ്റയ്ക്ക് ഫിനിഷ് ചെയ്ത് മത്സരം വിജയിപ്പിക്കാന്‍ കഴിയുന്ന ഒരാളാണ് അദ്ദേഹം,’ ക്രിസ് ശ്രീകാന്ത് പറഞ്ഞു.

രജത് പടിദാർ. Photo: iplt20.com

ധര്‍മശാലയില്‍ നടന്ന ഒന്നാം ക്വാളിഫയറില്‍ 92 റണ്‍സിനായിരുന്നു ബെംഗളൂരു ഗുജറാത്തിനെ തകര്‍ത്തത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സിന്റെ കൂറ്റന്‍ ടോട്ടലാണ് ഗുജറാത്തിനെതിരെ ഉയര്‍ത്തിയത്. ഐ.പി.എല്‍ പ്ലേ ഓഫില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കൂടിയായിരുന്നു ഇത്. വമ്പന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഗുജറാത്ത് 19.3 ഓവറില്‍ 162 റണ്‍സിന് തകര്‍ന്നടിയുകയായിരുന്നു.

മത്സരത്തില്‍ ക്യാപ്റ്റന്‍ രജത് പാടിദാറിന്റെ വെടിക്കെട്ട് ഇന്നിങ്സിന്റെ കരുത്തിലാണ് ബെംഗളൂരു കൂറ്റന്‍ സ്‌കോര്‍ നേടിയത്. 33 പന്തില്‍ നിന്നും പുറത്താവാതെ 93 റണ്‍സ് നേടിയാണ് ആര്‍.സി.ബി ക്യാപ്റ്റന്‍ തിളങ്ങിയത്. അഞ്ച് ഫോറും ഒമ്പത് കൂറ്റന്‍ സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 281.82 എന്ന വമ്പന്‍ സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് ചെയ്തത്.

അതേസമയം രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള വമ്പന്‍ പോരാട്ടമാണ് ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്നത്. നിര്‍ണായകമായ എലിമിനേറ്റര്‍ മത്സരം പി.സി.എ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ഡു ഓര്‍ ഡൈ മത്സരത്തില്‍ ഇരു ടീമുകളും വിജയത്തില്‍ കുറഞ്ഞത് ഒന്നും പ്രതീക്ഷിക്കുന്നില്ല.

ഇന്ന് നടക്കുന്ന എലിമിനേറ്റര്‍ മത്സരത്തില്‍ വിജയിക്കുന്നവരും ഗുജറാത്ത് ടൈറ്റന്‍സും രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ ഏറ്റുമുട്ടും. കലാശപ്പോരാട്ടം മെയ് 31നും നടക്കും.

Content Highlight: Kris Srikkanth Talking About Rajat Patidar

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ