
ആലപ്പുഴ: ആലപ്പുഴയിലും ചുംബന സമരം നടന്നു. ഫാസിസത്തിനെതിരെ ചുംബനം എന്ന പേരില്‍ മൂന്ന് മണിക്കാണ് ആലപ്പുഴയില്‍ ചുംബന സമരം നടന്നത്. സമാധാനപരമായി സമരം ചെയ്യാനെത്തിയവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. നേരത്തെ രണ്ട് മണിക്കൂര്‍ സമയം സമരം നടത്തുന്നതിന് വേണ്ടി പോലീസ് അനുവദിച്ചിരുന്നു. എന്നിട്ടും ചുംബന സമരം നടത്താനെത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.
രണ്ടാം ഘട്ടമായി കിടങ്ങാംപറമ്പ് ക്ഷേത്രത്തിന് സമീപം പ്രവര്‍ത്തകര്‍ ചുംബനസമരം നടത്തി. ഏതാനും പ്രവര്‍ത്തകര്‍ പോലീസിനെ കബളിപ്പിച്ച് കിടങ്ങാംപറമ്പില്‍ ഫാസിസത്തിനെതിരെ ചുംബിച്ചു. വളരെ സമാധാനപരമായി സമരം നടത്തിയ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
ആലപ്പുഴ ബീച്ചില്‍ സമരത്തിനെത്തിയ മറ്റൊരു കൂട്ടം പ്രവര്‍ത്തകരെ പ്രതിഷേധ സമരം തുടങ്ങുന്നതിന് മുമ്പ് തന്നെ ബലം പ്രയോഗിച്ച് പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. സമരത്തെ പ്രതിരോധിക്കുന്നതിനായി നിരവധി ശിവസേന-ബി.ജെ.പി പ്രവര്‍ത്തകരാണ് ബീച്ചിലെത്തിയിരുന്നത്. അതെ സമയം സമരത്തെ പ്രതിരോധിക്കാനെത്തിയ ഫാസിസ്റ്റ് ശക്തികളെ പോലീസ് സംരക്ഷിക്കുകയാണെന്ന് സംഘാടകരില്‍ ഒരാളായ ലാസര്‍ ഷൈന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
ആര്‍.എസ്.എസ് ശിവവസേന പ്രവര്‍ത്തകര്‍ എതിര്‍പ്പുമായി രംഗത്തെത്തിയതിനെത്തുടര്‍ന്നാണ് പോലീസ് അറസ്റ്റിലേക്ക് നീങ്ങിയതെന്നാണ് പോലീസ് ഭാഷ്യം. അക്രമസംഭവങ്ങള്‍ ഉണ്ടാവാതിരിക്കുന്നതിനുള്ള നടപടിയെന്നോണമാണ് പോലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നത്.
ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും കിസ് ഓഫ് ലവിന്റെയും ഇടത് അനുകൂല സംഘടനകളുടെയും പിന്തുണയോടെയാണ് സമരം നടത്തുന്നത്. നിരവധിപ്പേരാണ് സമരം കാണുന്നതിന് വേണ്ടി എത്തിച്ചേര്‍ന്നിരുന്നത്.
രണ്ട് മണിക്ക് സമരം തുടങ്ങുമെന്നായിരുന്നു ആദ്യം സംഘാടകര്‍ അറിയിച്ചിരുന്നത്. എന്നാല്‍ പ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരുന്നതിനുള്ള പ്രയാസം കണക്കിലെടുത്ത് സമരം മൂന്ന് മണിയിലേക്ക് മാറ്റുകയായിരുന്നു.

പ്രദേശത്ത് സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. മഫ്തിയിലും യൂണിഫോമിലുമുള്ള പോലീസുകാരുടെ വലിയ സംഘമാണ് ബീച്ചിലും പരിസരത്തുമായി എത്തിച്ചേര്‍ന്നിരുന്നത്.
ആലപ്പുഴ ബീച്ചില്‍ സമരം നടത്തുമെന്നാണ് സമരക്കാര്‍ അറിയിച്ചിരുന്നത്. അവിടെ സമരം നടത്താന്‍ എന്തെങ്കിലും പ്രശ്‌നം നേരിട്ടാല്‍ നടപ്പാക്കാന്‍ മറ്റ് രണ്ട് പ്ലാനുകള്‍ കൂടി സമരക്കാര്‍ തയ്യാറാക്കിയിരുന്നു. പ്ലാന്‍ എ, ബി, സി എന്നിങ്ങനെയാണ് സമരക്കാര്‍ പ്ലാന്‍ തയ്യാറാക്കിയിരുന്നത്.
എന്ത് വിലകൊടുത്തും സമരത്തെ എതിര്‍ക്കുമെന്ന് ആര്‍.എസ്.എസ് ബി.ജെ.പി പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. സമരത്തെ ചീമുട്ടയെറിഞ്ഞും കരിഓയില്‍ കൊണ്ടും നേരിടുമെന്നായിരുന്നു അവര്‍ അറിയിച്ചിരുന്നത്.
സുരക്ഷയുടെ ഭാഗമായി സമരക്കാരെ മാത്രമാണ് പോലീസ് ബീച്ചിലേക്ക് കടത്തിവിട്ടിരുന്നത്. കോഴിക്കോടും കൊച്ചിയിലും നടന്ന ചുംബന സമരത്തിനെതിരെ ശക്തമായ ആക്രമണമാണ് ഉണ്ടായത്. ഈ രണ്ട് സമരങ്ങളിലും പോലീസുകാര്‍ സമരക്കാരെ അടിച്ചമര്‍ത്താന്‍ വന്നവര്‍ക്കൊപ്പമാണ് നിലകൊണ്ടതെന്ന റിപ്പോര്‍ട്ടുകളും കടുത്ത വിമര്‍ശനങ്ങളും ഉണ്ടായിരുന്നു.
സമരത്തെ എതില്‍ക്കുന്ന ഒരു കൂട്ടം പ്രവര്‍ത്തകര്‍ രാവിലെ വയോജന കേന്ദ്രത്തിലെത്തുകയും അവിടുത്തെ അന്തേവാസികള്‍ക്ക് മധുരം നല്‍കുകയും സ്‌നേഹചുംബനം നല്‍കുകയും ചെയ്തിരുന്നു.
