എഡിറ്റര്‍
എഡിറ്റര്‍
താനാരാണെന്ന് തനിക്കറിയില്ലെങ്കില്‍ താനെന്നോട് ചോദിക്ക് താനാരാണെന്ന്! ; മന്ത്രി സുനില്‍കുമാറല്ലേ എന്ന് മന്ത്രി ചന്ദ്രശേഖരനോട് ഇന്റലിജന്‍സ് മേധാവി
എഡിറ്റര്‍
Wednesday 12th April 2017 12:43pm

തിരുവനന്തപുരം: സംസ്ഥാന ഇന്റലിജന്‍സ് മേധാവി മുഹമ്മദ് യാസിന് പറ്റിയ അമളിയില്‍ തലതാഴ്ത്തി സംസ്ഥാന പൊലീസ് വകുപ്പ്. റവന്യുമന്ത്രിയെയും കൃഷിമന്ത്രിയെയും മുഹമ്മദ് യാസിന് അറിയില്ല എന്നതാണ് പൊലീസിനെ നാണം കെടുത്തുന്നത്. റവന്യുമന്ത്രി ഇ. ചന്ദ്രശേഖരനെ കാണാന്‍ എത്തിയപ്പോഴാണ് സംസ്ഥാന ഇന്റലിജന്‍സ് മേധാവി മുഹമ്മദ് യാസിന് അബദ്ധം സംഭവിക്കുന്നത്.

ഇന്നുരാവിലെയാണ് നാണക്കേടാകുന്ന സംഭവമുണ്ടായത്. എട്ടുമണിയോടെ റവന്യുമന്ത്രി ഇ. ചന്ദ്രശേഖരനെ കാണാനായി അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയതായിരുന്നു മുഹമ്മദ് യാസീന്‍. ഇന്നലെ വൈകിട്ട് തന്നെ ഇതിനുളള അനുമതി വാങ്ങുകയും ചെയ്തിരുന്നു. മന്ത്രിയുടെ വീട്ടില്‍ എത്തി കൈകൊടുത്തിട്ട്, അങ്ങ് അല്ലേ കൃഷിമന്ത്രി സുനില്‍കുമാര്‍ എന്നായിരുന്നു മുഹമ്മദ് യാസീന്റെ ചോദ്യം.


Also Read: ഐശ്വര്യ റായിയെ മലര്‍ത്തിയടിച്ച നരിക്കുനിയുടെ രാജകുമാരി ഇതാ എഴുന്നള്ളുന്നു


യാസിന്റെ ചോദ്യത്തിനു മുന്നില്‍ ആദ്യം ഒന്നു പകച്ചെങ്കിലും മന്ത്രി ചന്ദ്രശേഖരന്‍ താന്‍ സുനില്‍കുമാര്‍ അല്ലെന്നും അദ്ദേഹത്തിന്റെ വീട് ഇവിടെയല്ലെന്നും വ്യക്തമാക്കി. തുടര്‍ന്ന് കൃഷിമന്ത്രിയുടെ വീടും പറഞ്ഞുകൊടുത്ത് യാസിനെ പറഞ്ഞു വിടുകയായിരുന്നു. ഇക്കാര്യം മന്ത്രി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.

അദ്ദേഹത്തെ എനിക്ക് കാണേണ്ട ആവശ്യമുണ്ടായിരുന്നില്ല. എന്നാല്‍ ഇങ്ങോട്ട് ഫോണ്‍ വന്നതുകൊണ്ടാണ് അദ്ദേഹത്തെ കണ്ടത്. റവന്യുമന്ത്രിയെ അറിയാത്ത ആളാണ് ഇന്റലിജന്‍സ് മേധാവി എന്നത് മോശമായിപ്പോയെന്നും മന്ത്രി ഇ. ചന്ദ്രശേഖരന്‍ വ്യക്തമാക്കുന്നു.

തൃശൂരിലെ പൊലീസ് വകുപ്പിന് കീഴിലുളള ഓഫിസില്‍ നിന്നും കൃഷി വകുപ്പ് ഒഴിയണമെന്ന ആവശ്യവുമായിട്ടാണ് ഇന്റലിജന്‍സ് മേധാവി എത്തിയത്. എന്നാല്‍ തന്റെ ഡ്രൈവര്‍ക്ക് പറ്റിയ അബദ്ധമാണിതെന്നാണ് മുഹമ്മദ് യാസീന്റെ വിശദീകരണം. ഡ്രൈവര്‍ മന്ത്രിയുടെ വീട് മാറി തന്നെ കൊണ്ടുചെല്ലുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.


Don’t Miss: നിങ്ങള്‍ സിറാജുന്നിസയുടെ ഉമ്മയെ കാണണമെന്ന് ചാനല്‍ ചര്‍ച്ചയില്‍ സി.പി.ഐ.എം നേതാവ്; വെടിവെപ്പിന് ഉത്തരവിട്ട രമണ്‍ ശ്രീവാസ്തവയെ ഉപദേശിയാക്കി തൊട്ടുപിന്നാലെ പിണറായി സര്‍ക്കാര്‍ 


സംസ്ഥാനത്തെ രഹസ്യാന്വേഷണത്തിന്റെ ചുമതലയുളള ഉന്നത പൊലീസ് ഉദ്യോഗസ്ഥന് മന്ത്രിമാരെപോലും തമ്മില്‍ അറിയില്ലെന്നത് വരുംദിവസങ്ങളില്‍ വലിയ ചര്‍ച്ചയാകും.

Advertisement