എഡിറ്റര്‍
എഡിറ്റര്‍
നിങ്ങള്‍ സിറാജുന്നിസയുടെ ഉമ്മയെ കാണണമെന്ന് ചാനല്‍ ചര്‍ച്ചയില്‍ സി.പി.ഐ.എം നേതാവ്; വെടിവെപ്പിന് ഉത്തരവിട്ട രമണ്‍ ശ്രീവാസ്തവയെ ഉപദേശിയാക്കി തൊട്ടുപിന്നാലെ പിണറായി സര്‍ക്കാര്‍
എഡിറ്റര്‍
Wednesday 12th April 2017 11:07am

കോഴിക്കോട്: കെ.എം ഷാജഹാന്റെ അറസ്റ്റുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയില്‍ കെ. കരുണാകരന്റെ കാലത്തെ സിറാജുന്നിസ കൊലപാതകത്തെ ഓര്‍മ്മിപ്പിച്ച് സി.പി.ഐ.എം നേതാവും കേളുവേട്ടന്‍ പഠന കേന്ദ്രം ഡയരക്ടറുമായ കെ.ടി കുഞ്ഞിക്കണ്ണന്‍. സിറാജുന്നിസയുടെ കൊലപാതകത്തിന് കാരണമായ പൊലീസ് വെടിവെപ്പിന് ഉത്തരവിട്ട രമണ്‍ ശ്രീവാസ്തവയെ പൊലീസ് ഉപദേശകനാക്കി സി.പി.ഐ.എം നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ചാനല്‍ ചര്‍ച്ചയുടെ പിറ്റേദിവസം രംഗത്തെത്തി.

കെ.എം ഷാജഹാന്റെ അറസ്റ്റിനെ ന്യായീകരിക്കാനായി കെ. കരുണാകരന്റെ കാലത്തെ പൊലീസ് നടപടിയെ ഓര്‍മ്മിപ്പിച്ച് ചാനല്‍ ചര്‍ച്ചയില്‍ കെ.ടി കുഞ്ഞിക്കണ്ണന്‍ ഇങ്ങനെ പറഞ്ഞു. ‘ നിങ്ങള്‍ സിറാജുന്നിസയുടെ ഉമ്മയെ കാണണം. 11 വയസായ കുട്ടി കൂട്ടുകാരോടൊത്ത് കളിക്കുമ്പോഴാണ് വെടിവെച്ചു കൊല്ലുന്നത്. വെടിവെച്ചിട്ട് ആ കുട്ടിയെ നൂറനി ബ്രാഹ്മണ സമൂഹത്തിന്റെ കോളനി, അവരുടെ ഗ്രാമം അക്രമിക്കാന്‍ പോയ വര്‍ഗീയ കലാപത്തിലെ ഒന്നാം പ്രതിയാക്കി രജിസ്റ്റര്‍ ചെയ്തു, ഒന്നാം പ്രതിയാക്കി എഫ്.ഐ.ആര്‍ ഇട്ടു. ഇതെല്ലാം കേരളം കണ്ടതാണ്’.

അന്ന് പൊലീസ് വെടിവെപ്പിന് ഉത്തരവിട്ട രമണ്‍ ശ്രീവാസ്തവയെ പൊലീസിന്റെ ഉപദേശകനാക്കി പിറ്റേദിവസം പത്രസമ്മേളനത്തില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിക്കുകയായിരുന്നു.

മുന്‍ സംസ്ഥാന പൊലീസ് മേധാവിയും ബി എസ് എഫ് ഡയറക്ടര്‍ ജനറലുമായിരുന്നു ഈ അലഹാബാദ് സ്വദേശി കുപ്രസിദ്ധമായ നിരവധി സംഭവങ്ങളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞയാളാണ്. 1991 ഡിസംബര്‍ 15ന് പാലക്കാട് പുതുപ്പള്ളിത്തെരുവില്‍ 11 കാരിയായ സിറാജുന്നിസ കൊല്ലപ്പെടാനിടയായ പോലിസ് വെടിവയ്പിന് ഉത്തരവിട്ടത് രമണ്‍ ശ്രീവാസ്തവയായിരുന്നു.


Dont Miss ‘ മമത ബാനര്‍ജിയുടെ തലയറുത്ത് കൊണ്ടു വരുന്നവര്‍ക്ക് 11 ലക്ഷം രൂപ സമ്മാനം’; വീണ്ടും സംഘപരിവാര്‍ കൊല വിളി; വിവാദ പ്രസ്താവനയുമായി യുവമോര്‍ച്ച നേതാവ് 


ബി.ജെ.പി നേതാവ് മുരളി മനോഹര്‍ ജോഷി നയിച്ച ഏകതാ യാത്രക്കുനേരെ അക്രമമുണ്ടായി എന്ന പേരിലായിരുന്നു പൊലീസ് വെടിവെച്ചത്. അന്ന് എനിക്ക് മുസ്‌ലിങ്ങളുടെ ശവശരീരം കാണണം എന്ന് ഇദ്ദേഹം ആക്രോശിച്ചിരുന്നതായി ആ സമയത്ത് കളക്ടേറ്റിലുണ്ടായിരുന്ന അന്നത്തെ ഒറ്റപ്പാലം എം.എല്‍.എയായിരുന്ന വി.സി കബീറും ജലസേചന മന്ത്രിയുമായിരുന്ന ടി.എം ജേക്കബ്ബുമെല്ലാം സ്ഥീകരിക്കുന്നുണ്ട്.

ഷൂട്ട് ചെയ്യാന്‍ വേണ്ടി രമണ്‍ ശ്രീവാസ്തവ നിര്‍ദ്ദേശിക്കുന്നതു കേട്ടപ്പോഴാണ് ഞങ്ങള്‍ യോഗം നിര്‍ത്തി ഇത് ശ്രദ്ധിക്കാന്‍ തുടങ്ങിയത്. എല്ലാവരേയും ഷൂട്ട് ചെയ്യാന്‍ രമണ്‍ ശ്രീവാസ്ത നിര്‍ദ്ദേശിക്കുന്നു. അതിന്റെ ആവശ്യമില്ല സര്‍, ഇവിടെ എല്ലാം കണ്‍ട്രോളാണ് സാര്‍ എന്ന് അന്ന് ഷൊര്‍ണൂര്‍ എ.എസ്.പിയായിരുന്ന സന്ധ്യ മറുപടി പറയുന്നു. എന്നാല്‍ അതൊന്നും കേള്‍ക്കേണ്ടെന്നും ഷൂട്ട് ചെയ്യാനുള്ള ഉത്തരവ് നടപ്പിലാക്കാനും രമണ്‍ ശ്രീവാസ്തവയുടെ നിര്‍ദ്ദേശം. പിന്നീടാണ് അവിടെ വെടിവെപ്പ് ഉണ്ടായതെന്ന് വി സി കബീര്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.

വീടിന് മുന്നില്‍ കളിച്ചു കൊണ്ടിരുന്ന സിറാജുന്നീസയുടെ വെടിയുണ്ട മൂക്കിനു താഴെ തുളച്ചു കയറി മറുവശത്തേക്ക് പോയി. തല്‍ക്ഷണം തന്നെ അവള്‍ മരിക്കുകയും ചെയ്തു. വെടിയേറ്റ് വീണ അവളെ എടുക്കാന്‍ ശ്രമിച്ച വീട്ടുകാര്‍ക്കും അടുത്തുണ്ടായിരുന്ന അനിയത്തിക്കുമെല്ലാം പൊലിസിന്റെ ക്രൂരമര്‍ദ്ദനവുമേറ്റു.

എന്നാല്‍ വൈദ്യുതി പോസ്റ്റില്‍ ഏറ്റ വെടിയുണ്ട തിരിച്ചടിച്ചപ്പോഴാണ് സിറാജുന്നീസയുടെ തലയില്‍ കൊണ്ടെതെന്നായിരുന്നു പൊലീസ് ഉണ്ടാക്കിയ തിരക്കഥ. 100 പേരുമായി സംഘം ചേര്‍ന്ന് പൊലിസിനെ ആക്രമിക്കാന്‍ വന്ന തീവ്രവാദി സംഘത്തിന്റെ നേതാവായി പതിനൊന്നുകാരി സിറാജുന്നീസയെ ചിത്രീകരിച്ചുകൊണ്ടായിരുന്നു പൊലീസിന്റെ ആദ്യത്തെ തിരക്കഥ.

 

Advertisement