ഇതിഹാസ താരം ലയണൽ മെസിക്ക് ആദരം നൽകാനൊരുങ്ങി സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ. പുതിയ സ്റ്റേഡിയത്തിന്റെ നിർമാണം പൂർത്തിയാവുന്നതോടെ മെസിക്ക് ആദരവ് നൽകുമെന്നാണ് ക്ലബ്ബ് പ്രസിഡന്റ് ജൊവാൻ ലപോർട്ട പ്രഖ്യാപിച്ചത്. 2028ന്റെ തുടക്കത്തിൽ സ്റ്റേഡിയത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2021ൽ ബാഴ്സ വിട്ട മെസിക്ക് അർഹിച്ച ആദരം ലഭിച്ചിരുന്നില്ല. ഇപ്പോൾ ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച ഇതിഹാസമായ മെസി വീണ്ടും ബാഴ്സയുടെ മണ്ണിൽ തിരിച്ചെത്തുന്നുവെന്ന വാർത്ത ആരാധകർക്കിടയിൽ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്.

ബാഴ്സലോണയിൽ കളിച്ചാണ് മെസി ലോക ഫുട്‌ബോളിൽ തന്റേതായ സ്ഥാനം അടയാളപ്പെടുത്തിയത്. 2004 ഒക്ടോബർ 16ന് എസ്പാനിയോളിനെതിരായ മത്സരത്തിലാണ് മെസി ബാഴ്‌സയ്ക്കായി തന്റെ അരങ്ങേറ്റം കുറിച്ചത്. ബാഴ്‌സയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകളും അസിസ്റ്റുകളും നേടിയ താരവും മെസി തന്നെയാണ്.

672 ഗോളുകളും 303 അസിസ്റ്റുകളുമാണ് മെസി സ്പാനിഷ് ടീമിന് വേണ്ടി സ്വന്തമാക്കിയത്. ബാഴ്‌സക്കൊപ്പം ഒരുപിടി കിരീട നേട്ടങ്ങളിലും പങ്കാളിയാവാൻ മെസിക്ക് സാധിച്ചു. 10 ലാലിഗ കിരീടങ്ങൾ, രണ്ട് കോപ്പ കിരീടങ്ങൾ, ഏഴ് കോപ്പ ഡെൽ റേ, നാല് ചാമ്പ്യൻസ് ലീഗ് എന്നീ കിരീടങ്ങളാണ് താരം ബാഴ്‌സയ്‌ക്കൊപ്പം നേടിയത്.

2021ലാണ് മെസി 21 വർഷത്തെ ബാഴ്‌സയിലെ തന്റെ അവിസ്മരണീയമായ കരിയറിന് വിരാമമിട്ടത്. മെസിയുടെ കരാർ അവസാനിക്കുമ്പോൾ ബാഴ്സയിലെ കടുത്ത സാമ്പത്തിക പ്രതിസന്ധികാരണം മെസിയുമായി പുതിയ കരാറിൽ ഏർപ്പെടാൻ ബാഴ്‌സയ്ക്ക് കഴിഞ്ഞില്ല.

ബാഴ്‌സയിൽ നിന്നും ഫ്രഞ്ച് വമ്പൻമാരായ പാരീസ് സെയ്ന്റ് ജെർമെയ്നിക്കാണ് മെസി ചേക്കേറിയത്. പി.എസ്.ജിയിൽ നിന്നും 2023ൽ മേജർ ലീഗ് സോക്കർ ടീമായ ഇന്റർ മയാമിയിലേക്കും താരം കൂടുമാറി.

അതേസമയം അടുത്തിടെയാണ് മെസി ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. 2028 കോപ്പ അമേരിക്കയിൽ അർജന്റീനക്കായി മെസി കളത്തിലിറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആരാധകരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയായിരുന്നു ഇതിഹാസത്തിന്റെ പടിയിറക്കം.

 

വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും അവസാനമായി മെസി അർജന്റീനക്കൊപ്പം വിടവാങ്ങൽ മത്സരം കളിക്കും. സൗഹൃദ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിൽ മെസി ഇടം നേടിയിട്ടുണ്ട്.

ഒക്ടോബർ ആറിനാണ് മെസി അവസാനമായി അർജന്റീനക്ക് വേണ്ടി ബൂട്ട് കെട്ടുക. മോനുമെന്റൽ സ്‌റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ബെനിൻ ആയിരിക്കും അർജന്റീനയുടെ എതിരാളികൾ.

 

Content Highlight: Barcelona are preparing to honor Argentina legend Lionel Messi