മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ ആരാണെന്ന ചോദ്യത്തിന് പ്രേക്ഷകർ സംശയമേതുമില്ലാതെ പറയുന്ന പേരാണ് ഉർവശിയുടേത്. 1979ൽ പുറത്തിറങ്ങിയ കതിർമണ്ഡപം എന്ന ചിത്രത്തിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച ഉർവശി തന്റെ പതിമൂന്നാം വയസിൽ തന്നെ നായിക നടിയായി അരങ്ങേറ്റം കുറിക്കുകയായിരുന്നു.

എന്നാൽ ഇപ്പോൾ ഉർവശിയും സംവിധായകൻ സിബി മലയിലും തമ്മിലുള്ള അഭിമുഖങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഉർവശിയെ ആദ്യമായി കണ്ട അനുഭവം മൂവി മാൻ ബോർകാസ്റ്റിംങ് എന്ന യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുകയാണ് സിബി മലയിൽ.

സിബി മലയിൽ,ഉർവശി. Photo. Screen Grab/ Youtube

നടി ഉർവശിയെ ആദ്യമായി കണ്ടത് സിനിമയിൽ അഭിനയിച്ചുതുടങ്ങുന്നതിനും വർഷങ്ങൾക്കുമുമ്പായിരുന്നുവെന്ന് സംവിധായകൻ സിബി മലയിൽ പറഞ്ഞു. 1979ൽ പ്രസാദ് സ്റ്റുഡിയോയിൽ വെച്ചാണ് അന്ന് പത്തുവയസോളം പ്രായമുള്ള കവിതയെ ആദ്യമായി കണ്ടതെന്നും സിബി മലയിൽ പറയുന്നു. ഉർവശിയുമായുള്ള ഒരു അഭിമുഖത്തിനിടെയാണ് സംവിധായകൻ ആ പഴയ ഓർമ പങ്കുവെച്ചത്.

‘ഉർവശിയെ ഞാൻ ആദ്യം കണ്ട ഓർമ എന്ന് പറയുന്നത് പൊടിമോൾക്ക് അത് ഓർമയുണ്ടോ എന്നെനിക്കറിയില്ല. അന്ന് ഉർവശിയായിട്ടില്ല, കവിതയാണ്. 1979ലാണ് ഇത് നടക്കുന്നത്. പത്തുവയസോ അങ്ങനെ എന്തോ കാണുകയുള്ളൂ. അന്ന് അഭിനയിക്കാൻ വന്നതല്ല നവോദയയുടെ ‘തീക്കനൽ’ എന്ന് പറയുന്ന ഒരു സിനിമയുണ്ടായിരുന്നു. അമ്പിളിയുടെ കൂടെ ഡബ്ബിങ് സമയത്ത് പ്രസാദ് സ്റ്റുഡിയോയിൽ ഡബ്ബിങ് കാണാൻ വന്നതാണ്. അമ്പിളിയാണ് ഡബ്ബ് ചെയ്യാൻ വന്നത്. പൊടിമോൾ അത് കാണാൻ വന്നതാണ്,’ സിബി മലയിൽ പങ്കുവെച്ചു.

അന്ന് ഉർവശിയും അമ്പിളിയും ഒരേ പ്രായക്കാരായിരുന്നുവെന്നും ഇരുവരും തമ്മിൽ നല്ല കൂട്ടായിരുന്നുവെന്നും സിബി മലയിൽ പറയുന്നു. അന്ന് ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു താനെന്നും വൈകുന്നേരത്തെ ടിഫിൻ ബ്രേക്കിനിടെ ഇരുവരെയും സ്റ്റുഡിയോയുടെ പരിസരത്ത് കൊണ്ടുപോയതും സംവിധായകൻ ഓർത്തെടുത്തു.

‘എനിക്ക് തോന്നുന്നു നിങ്ങൾ രണ്ടുപേരും ഒരേ പ്രായമാണ്. രണ്ടുപേരും ഭയങ്കര കൂട്ടിലാണ്. അന്ന് വൈകുന്നേരത്തെ ടിഫിൻ ബ്രേക്ക് വരുമ്പോൾ ഞാനായിരുന്നു അവിടെ അസിസ്റ്റന്റ് ഡയറക്ടർ. അന്ന് ബ്രേക്ക് സമയത്ത് ഞാൻ നിങ്ങളെ കൈപിടിച്ചുകൊണ്ട് പ്രസാദ് സ്റ്റുഡിയോയുടെ അവിടെ ഒക്കെയുള്ള സിനിമയുടെ ഷൂട്ട് കാണാൻ പോയി. അവിടെ അപ്പോഴൊക്കെ എന്തൊക്കെയോ സിനിമകളുടെ ഷൂട്ട് നടക്കുന്നുണ്ട്. നമ്മൾ അതൊക്കെ കാണാൻ പോയി. അതൊക്കെയാണ് പൊടിമോളുടെ ഒപ്പമുള്ള ആദ്യത്തെ ഓർമ എനിക്കുള്ളത്,’ സിബി പറഞ്ഞു.

പിന്നീട് മാത്രമാണ് കവിത സിനിമയിൽ അഭിനയിച്ചുതുടങ്ങിയത്. ആദ്യമായി കണ്ട സമയത്ത് ഉർവശി എന്ന പേരിൽ അറിയപ്പെട്ടിരുന്നില്ലെന്നും, ആ കൂടിക്കാഴ്ച കഴിഞ്ഞ് ഏകദേശം മൂന്ന് വർഷത്തിന് ശേഷമാണ് അഭിനയരംഗത്തേക്ക് എത്തിയതെന്നും സിബി മലയിൽ കൂട്ടിച്ചേർത്തു.

‘അന്നൊന്നും അഭിനയിച്ചുതുടങ്ങിയിട്ടില്ല. അതൊക്കെ കഴിഞ്ഞ് മൂന്ന് വർഷം കഴിഞ്ഞാണ് പിന്നെ അഭിനയിക്കാൻ തുടങ്ങുന്നത്. അപ്പോ അതൊക്കെയാണ് ഉർവശിയുമായിട്ടുള്ള എന്റെ ആദ്യത്തെ ഓർമ,’ സിബി മലയിൽ പറഞ്ഞു.

Content Highlight: Director Sibi malayil Talks about Actress urvashi