kerala
കോഴിക്കോട്: ദേശീയ ഗെയിംസ് ഫുട്‌ബോള്‍ മത്സരത്തില്‍ കേരളത്തിന് തുടര്‍ച്ചയായ രണ്ടാം ജയം. തമിഴ്‌നാടിനെയാണ് കേരളം ഒരു ഗോളിന് പരാജയപ്പെടുത്തിയിരിക്കുന്നത്. ഇഞ്ചുറി ടൈമില്‍ വി.പി സുഹൈര്‍ നേടിയ ഗോളിന്റെ മികവിലാണ് കേരളം ഗെയിംസിലെ രണ്ടാം വിജയം കുറിച്ചിരിക്കുന്നത്.

ആദ്യ പകുതിയില്‍ കേരള താരങ്ങള്‍ തമിഴ്‌നാട് ഗോള്‍ മുഖത്ത് നിരവധി മുന്നേറ്റങ്ങള്‍ നടത്തിയിരുന്നുവെങ്കിലും മികച്ച പ്രതിരോധം കാഴ്ചവെച്ച തമിഴ്‌നാട് താരങ്ങള്‍ ഇതെല്ലാം തടയിടുകയായിരുന്നു. മത്സരം അവസാനിക്കാനിരിക്കെ ജോമി ജസ്റ്റിന്‍ നല്‍കിയ പാസാണ് സുഹൈര്‍ അതി സുന്ദരമായി തമിഴ്‌നാട് വലയിലേക്ക് ഹെഡ് ചെയ്തത്.

നിലവില്‍ കളിച്ച മത്സരങ്ങളെല്ലാം വിജയിച്ച കേരളം സെമിയില്‍ കടക്കുമെന്നത് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. പൂള്‍ എയില്‍ ഫെബ്രുവരി അഞ്ചിന് കേരളത്തിന് ഗോവയുമായുള്ള മത്സരം കൂടെ അവശേഷിക്കുന്നുണ്ട്.