2010ല്‍ ജാക്കിച്ചാനും ഹോളിവുഡ് നായകന്‍ വില്‍സ്മിത്തിന്റെ മകന്‍ ജേഡന്‍ സ്മിത്തും പ്രധാന കഥാപാത്രങ്ങളിലെത്തിയ സിനിമയായിരുന്നു കരാട്ടെ കിഡ്. ലോകത്തുള്ള സിനിമാ ആരാധകര്‍ ഏറെ ഇഷ്ടപെടുന്ന ഒരു സിനിമയാണ് ഇത്.

1984ല്‍ പുറത്തിറങ്ങിയ മാര്‍ഷല്‍ ആര്‍ട്സ് മൂവിയായ കരാട്ടെ കിഡ് എന്ന സിനിമ അതേപേരില്‍ ചെറിയ മാറ്റങ്ങളോടെ ജാക്കിച്ചാനെയും ജേഡന്‍ സ്മിത്തിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി കൊണ്ടുവരികയായിരുന്നു.

ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള സിനിമാ വിപണികളില്‍ വന്‍ വരവേല്‍പ്പായിരുന്നു കരാട്ടെ കിഡിന് ലഭിച്ചത്. ഇന്ത്യയില്‍ നിന്ന് മാത്രം ആദ്യ ആഴ്ചയില്‍ നാലരക്കോടി രൂപയായിരുന്നു ഈ സിനിമക്ക് ലഭിച്ചിരുന്ന കളക്ഷന്‍.

പുതിയ കരാട്ടെ കിഡ് സിനിമ വരുമെന്ന് മുമ്പുതന്നെ ഇതിന്റെ നിര്‍മാതാക്കളായ സോണി പിക്ചേഴ്സ് പറഞ്ഞിരുന്നു. സിനിമയ്ക്ക് ലഭിച്ച സ്വീകാര്യത തന്നെയാണ് ഇതിന് കാരണം. ഇപ്പോള്‍ ആ സിനിമയുടെ അടുത്ത ഭാഗം വരുമെന്ന സന്തോഷ വാര്‍ത്തയാണ് പുറത്തു വരുന്നത്.

1984ലെ കരാട്ടെ കിഡില്‍ റാല്‍ഫ് മച്ചിയോ ആയിരുന്നു കരാട്ടെ കിഡിന്റെ വേഷം ചെയ്തത്. അതേ റാല്‍ഫ് മച്ചിയോയും ജാക്കിച്ചാനും പുതിയ കരാട്ടെ കിഡില്‍ ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

സോണി പിക്ചേഴ്സിന്റെ ഒഫിഷ്യല്‍ യൂട്യൂബ് ചാനലിലൂടെയാണ് ജാക്കി ചാനും റാല്‍ഫ് മച്ചിയോയും സിനിമയില്‍ ഒന്നിക്കുന്ന കാര്യം പുറത്തു വിട്ടത്. നിലവില്‍ 2024 ഡിസംബര്‍ 13നാകും സിനിമ റിലീസിനെത്തുകയെന്നാണ് സോണി പിക്ചേഴ്സ് പറഞ്ഞിരിക്കുന്നത്.

പുതിയ സിനിമയിലേക്ക് തങ്ങള്‍ കരാട്ടെ കിഡിനെ തേടുന്ന കാര്യവും വീഡിയോയിലൂടെ ഇരുവരും പങ്കുവെക്കുന്നുണ്ട്. അതിനായി ഗ്ലോബല്‍ കാസ്റ്റിങ്ങ് സെര്‍ച്ച് ആരംഭിച്ചിട്ടുണ്ട്.

കാസ്റ്റിങ്ങ് വിവരങ്ങള്‍ KarateKidCasting.com ലഭ്യമാണെന്നും ഒഡിഷന്‍ വീഡിയോ സമര്‍പ്പിക്കാനും വീഡിയോയിലൂടെ ജാക്കി ചാനും റാല്‍ഫ് മച്ചിയോയും പറയുന്നു.

Content Highlight: Karate Kid Next Movie Release; Jackie Chan With Ralph Macchio Global Casting Call Started