'ഫലസ്തീന്‍ ജനതയുടെ ചെറുത്തുനില്‍പ്പ് അവസാനിക്കുന്നില്ല': ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ ഫലസ്തീന്‍ ആരാധകര്‍
World News
'ഫലസ്തീന്‍ ജനതയുടെ ചെറുത്തുനില്‍പ്പ് അവസാനിക്കുന്നില്ല': ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ ഫലസ്തീന്‍ ആരാധകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd November 2023, 8:25 am

കുവൈത്ത്: ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഫലസ്തീന്‍ ഓസ്ട്രേലിയയെ നേരിടുമ്പോള്‍ സ്റ്റേഡിയത്തില്‍ ഭൂരിപക്ഷം വരുന്ന ആരാധകര്‍ ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കുവൈത്തിലെ ജാബര്‍ അല്‍ അഹമ്മദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഫലസ്തീന്‍ പതാകകളും കഫിയകളും ഉയര്‍ത്തിക്കൊണ്ടായിരുന്നു ആരാധകര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

ഇസ്രഈല്‍ – ഫലസ്തീന്‍ സംഘര്‍ഷം തുടങ്ങിയതിന് ശേഷം ആദ്യമായാണ് ഫലസ്തീന്‍ ആരാധകര്‍ക്ക് മുന്നില്‍ മത്സരിക്കുന്നത്. 60,000 പേര്‍ക്ക് ഇരിക്കാന്‍ സാധിക്കുന്ന വേദിയില്‍ ആയിരക്കണക്കിന് ഫലസ്തീനികളും അവരെ പിന്തുണക്കുന്നവരും മത്സര ദിവസം ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ എത്തി.

‘ഫലസ്തീന്‍ ഞങ്ങളുടെ ഹൃദയത്തിലാണ്, അവര്‍ക്ക് പിന്തുണയുമായി ഞങ്ങള്‍ സ്റ്റേഡിയത്തില്‍ എത്തിയിരിക്കുന്നു, ഫലസ്തീന്‍ ജനതയുടെ ചെറുത്തുനില്‍പ്പ് അവസാനിക്കുന്നില്ല,’ എന്നിങ്ങനെ മത്സരത്തിനിടെ ആരാധകര്‍ മുദ്രാവാക്യം ഉയര്‍ത്തി.

മത്സരത്തിലെ വിജയത്തെയും തോല്‍വിയെയും കാര്യമായെടുക്കുന്നില്ലെന്നും ഒരു സന്ദേശം ലോക ജനതക്ക് മുന്നില്‍ പ്രകടിപ്പിക്കാനാണ് തങ്ങള്‍ സ്റ്റേഡിയത്തില്‍ എത്തിയതെന്നും ഇസ്രഈലിലെ അഷ്‌കെലോണില്‍ നിന്നുള്ള ഫലസ്തീനിയായ വെയ്ല്‍ യൂസഫ് ലബ്ബാദ് അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു.

ഫലസ്തീന്‍ ജനതക്കും കഫിയക്കും ഫലസ്തീന്‍ പതാകക്കുമൊപ്പം തങ്ങള്‍ എല്ലായ്പോഴും ഉറച്ചുനില്‍ക്കുമെന്നും പലപ്പോഴായും മറ്റു ആരാധകര്‍ കഫിയയുടെ അര്‍ത്ഥത്തെ വളച്ചൊടിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും അനുകൂലികള്‍ പറഞ്ഞു.

ഇസ്രഈല്‍ സ്ഥാപിതമായതിന് ശേഷം ഏഴ് ലക്ഷത്തിലധികം ഫലസ്തീനികള്‍ ബലപ്രയോഗത്തിലൂടെ കുടിയിറക്കപ്പെട്ടവരുടെയും സംഘര്‍ഷങ്ങളില്‍ വീടുകള്‍ നഷ്ടപെട്ടവരുടെയും പ്രതീകമായി ‘ഗസയെ സ്വതന്ത്രമാക്കുക’ എന്നെഴുതിയ ബാനറുകളും പ്ലക്കാഡുകളും സ്റ്റേഡിയത്തില്‍ ഉയര്‍ത്തി.

നിലവില്‍ ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 5,600 കുട്ടികളടക്കം 14,100ലധികം പേര്‍ ഫലസ്തീനില്‍ ഇസ്രഈലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

മത്സരത്തില്‍ ഡിഫന്‍ഡര്‍ ഹാരി സൗത്താറിന്റെ പതിനെട്ടാം മിനിറ്റിലെ ആകസ്മികമായ ഗോളില്‍ ഓസ്ട്രേലിയ 1-0ന് വിജയിച്ചു.

Content Highlight: Palestinian fans at a football qualifier