മലയാള ചലച്ചിത്രരംഗത്ത് ജനപ്രിയ ചിത്രങ്ങളിലൂടെ തന്റേതായ ഇടം കണ്ടെത്തിയ സംവിധായകരിൽ ഒരാളാണ് കമൽ. ഉള്ളടക്കം, മഴയെത്തും മുൻപേ, മേഘമൽഹാർ, പെരുമഴക്കാല, സെല്ലുലോയ്ഡ് തുടങ്ങി മലയാളി നെഞ്ചിലേറ്റിയ ഒട്ടനവധി ചിത്രങ്ങൾ മലയാളത്തിന് അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ഇപ്പോഴിതാ കാലത്തിനനുസരിച്ച് സിനിമയിലും കഥാപാത്രങ്ങളിലും ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും, ഇന്നത്തെ സിനിമകളിൽ നായികമാർക്ക് ലഭിക്കുന്ന പ്രാധാന്യത്തെക്കുറിച്ചും ഉള്ള തന്റെ അഭിപ്രായങ്ങൾ പങ്കുവെക്കുകയാണ് കമൽ. സിനിഗ്രാം എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മുൻകാലങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ, ഇന്ന് സിനിമയിൽ വരുന്ന കഥാപാത്രങ്ങൾക്ക് ആഴം കുറവാണെന്ന് പറയാൻ പറ്റില്ല. ഇപ്പോഴും നല്ല സിനിമകൾ ഒക്കെ വരുന്നുണ്ട്. സിനിമയിൽ കാലത്തിനനുസരിച്ച് കഥയുടെ രൂപം മാറുന്നുണ്ട്. കഥയ്ക്കനുസരിച്ചാണല്ലോ കഥാപാത്രങ്ങൾ ഉണ്ടാകുന്നത്, അപ്പോൾ ആ രീതിയിലാണ് ഇപ്പോൾ മാറ്റങ്ങൾ വരുന്നത്.
പിന്നെ, മുൻപ് സിനിമയിൽ വളരെ പരമ്പരാഗതമായ ചില കാര്യങ്ങൾ ഉണ്ടായിരുന്നു, പ്രത്യേകിച്ച് നായികമാരുടെ കാര്യത്തിൽ. എന്നാൽ വളരെ പ്രാധാന്യമുള്ള നായിക കഥാപാത്രങ്ങളാണ് അന്നത്തെ സിനിമയിൽ കൂടുതലും ഉണ്ടായിരുന്നത് എന്നത് സത്യമായിരുന്നു. ഇപ്പോൾ അത് കുറഞ്ഞു. വളരെ അപൂർവമായി മാത്രമാണ് നായികമാർക്ക് പ്രാധാന്യമുള്ള സിനിമകൾ വരുന്നത്. സിനിമകൾ കൂടുതൽ ഹീറോ സെൻട്രിക് ആയി മാറിയിട്ടുണ്ട്. സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രധാന്യം ഇല്ലെന്ന് മാത്രമല്ല, ചില സിനിമകളിൽ സ്ത്രീകളെ കാണാൻ പോലുമില്ല, ഒന്നുരണ്ടു ഷോട്ടുകളിൽ മാത്രം സ്ത്രീകൾ പ്രത്യക്ഷപ്പെടുന്ന സിനിമകൾ വരുന്നുണ്ട്. അതിൽ പോലും നായകന്റെ പ്രാധാന്യം വെച്ച് നോക്കുമ്പോൾ നായികമാർക്ക് ഒന്നും ചെയ്യാനുണ്ടാകില്ല.
പണ്ട് സത്യനും പ്രേംനസീറും ഒക്കെ തിളങ്ങിനിന്ന കാലത്ത്, ഷീലയും ശാരദയുമൊക്കെ അവരേക്കാൾ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. മമ്മൂട്ടിയും മോഹൻലാലും സജീവമായിരുന്ന സമയത്ത് പോലും സ്ത്രീകൾക്ക് വലിയ പ്രാധാന്യമുള്ള സിനിമകൾ വന്നിട്ടുണ്ട്. ഉദാഹരണത്തിന്, പഞ്ചാഗ്നി എന്ന സിനിമയിൽ മോഹൻലാൽ ഉണ്ടെങ്കിലും അതിലെ പ്രധാന കഥാപാത്രം ഗീതയുടേതായിരുന്നു. അതുപോലെ പെരുമഴക്കാലം പോലുള്ള സിനിമകളിലൊക്കെ സ്ത്രീകൾക്ക് തന്നെയായിരുന്നു പ്രാധാന്യം. അക്കാലത്ത് ആ രീതിയിൽ സിനിമകൾ വന്നിട്ടുണ്ട്, പക്ഷേ ഇപ്പോൾ അത്തരം സിനിമകൾ വളരെ കുറവാണ്. അന്നത്തെ സിനിമകളിൽ അത്തരം കഥാപാത്രങ്ങളെയും വേഷങ്ങളെയും മനോഹരമായി അവതരിപ്പിക്കാൻ പറ്റുന്ന ആർട്ടിസ്റ്റുകളും ഉണ്ടായിരുന്നു.
ഇന്നത്തെ സിനിമകളിലും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ പറ്റുന്ന പുതിയ പിള്ളേർ വരുന്നുണ്ട്. അപ്പോൾ അതിനെ കുറച്ചുകാണേണ്ട കാര്യമില്ലെന്നാണ് എന്റെ അഭിപ്രായം. സിനിമ മാറുന്നതിനനുസരിച്ച് കഥ മാറും, സാങ്കേതികവിദ്യ മാറും, കൂടാതെ സിനിമ കാണുന്ന പ്രേക്ഷകന്റെ അഭിരുചിയും മാറും,’ കമൽ പറഞ്ഞു.