Malayalam Cinema
എന്റെ അപൂർവം സിനിമകളിൽ മാത്രമേ വില്ലൻ കഥാപാത്രങ്ങൾ ഉണ്ടായിട്ടുള്ളൂ: കമൽ
മലയാളികൾ നെഞ്ചിലേറ്റിയ നിരവധി പ്രണയ-കുടുംബ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഒരു ഇടം കണ്ടെത്തിയ സംവിധായകനാണ് കമൽ. ഇപ്പോഴിതാ, തന്റെ പഴയകാല സിനിമകളിലെ വില്ലൻ കഥാപാത്രങ്ങളുടെ സാന്നിധ്യത്തെകുറിച്ച് പറയുകയാണ് അദ്ദേഹം. സിനിഗ്രാം എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു.
‘എന്റെ സിനിമകളിൽ അധികം വില്ലൻ വേഷങ്ങൾ ഉണ്ടായിട്ടില്ല എന്നതാണ് ഒരു തമാശ. ഒരു സിനിമയിൽ മുഴുനീളം നായകനോടൊപ്പം നിൽക്കുന്ന വില്ലന്മാരും ഉണ്ടായിട്ടില്ല, അല്ലെങ്കിൽ വളരെ കുറവാണ്. ടിപ്പിക്കൽ ഹീറോ-വില്ലൻ സംഘർഷങ്ങൾ വരുന്ന സിനിമകൾ ഞാൻ അധികം ചെയ്തിട്ടില്ല എന്നതാണ് അതിന്റെ പ്രധാന കാരണം.

കമൽ.Photo.screen grab/youtube
വളരെ അപൂർവം സിനിമകളിൽ മാത്രമേ വില്ലൻ കഥാപാത്രങ്ങൾ ഉള്ളൂ. അതിലൊന്ന് കാക്കോത്തിക്കാവിലേ അപ്പൂപ്പൻ താടികൾ എന്ന സിനിമയിൽ വി.കെ. ശ്രീരാമൻ ചെയ്തിട്ടുള്ള കഥാപാത്രമാണ്. പക്ഷേ, അതിനെ ഒരു വില്ലൻ എന്ന് മുഴുവനായിട്ടും പറയാൻ പറ്റില്ല. കാരണം, ആ സിനിമയിലെ ഒരു കേന്ദ്രകഥാപാത്രമാണത്, അവിടെ ഹീറോയിനോട് അദ്ദേഹം ഏറ്റുമുട്ടുന്നില്ല, പകരം ഒരു ഭീതിയായി നിലനിൽക്കുന്നെന്നേയുള്ളൂ.
അതുപോലെ ഭീതിയുണർത്തുന്ന മറ്റൊരു കഥാപാത്രം ചെയ്തത് മധുരനൊമ്പരക്കാറ്റ് എന്ന സിനിമയിലാണ്. അതിലെ കാട്ടുമാക്കൻ എന്ന വില്ലനും നായകനുമായി ഒറ്റ ഫൈറ്റ് സീൻ പോലുമില്ല. എങ്കിലും ആ കാട്ടുമാക്കൻ ഭയങ്കരമായ ഭീതി ഉണ്ടാക്കുന്നുണ്ട്. സിനിമയിൽ ഒടുവിൽ ഉണ്ണികൃഷ്ണൻ ചെയ്ത ഹെഡ്മാസ്റ്റർ കഥാപാത്രം എപ്പോഴും ഭീതിയോടെ പറയുന്ന ഒരു കാര്യമുണ്ട്; കാട്ടുമാക്കൻ വന്നാൽ കാറ്റടിക്കും എന്നൊക്കെ. പക്ഷേ, ആ കഥാപാത്രം അത്രകണ്ട് ചർച്ച ചെയ്യപ്പെടാതിരുന്നതിന്റെ കാരണം നായകനുമായി ഫൈറ്റ് ചെയ്യുന്നില്ല എന്നതാണ്. എങ്കിലും ആശയപരമായി ആ സിനിമ സമ്പന്നമാണ്.
പിന്നെ സിനിമകളിൽ വില്ലന്മാരില്ല എന്ന് പൂർണമായി പറയാനും പറ്റില്ല. കാരണം വിഷ്ണുലോകം എന്ന ചിത്രത്തിൽ മുരളി വില്ലനായി അഭിനയിച്ചിട്ടുണ്ട്. ഓർക്കാപ്പുറത്ത് എന്ന സിനിമയിൽ വില്ലന്മാരുണ്ടെങ്കിലും അവർ കോമഡി അല്ലെങ്കിൽ ഫൺ വില്ലന്മാരായിരുന്നു. ജെ ജെ , ചാച്ചാ എന്ന കെ.പി. ഉമ്മറും തിലകൻ ചേട്ടനും ചെയ്ത കഥാപാത്രങ്ങളായിരുന്നു അത്. അപ്പോൾ ഇതൊക്കെ അല്ലാതെ ആലോചിച്ചു നോക്കുമ്പോൾ എന്റെ സിനിമകളിൽ വില്ലൻ കഥാപാത്രങ്ങൾ വളരെ കുറവാണ്.
ഞാൻ പിന്നീട് ഇതേക്കുറിച്ച് ആലോചിക്കുമായിരുന്നു. കാരണം മിക്കവാറും എല്ലാവരുടെയും ചിത്രങ്ങളിൽ വില്ലന്മാരുണ്ടാവാറുണ്ടല്ലോ, പ്രത്യേകിച്ച് ആക്ഷൻ പടങ്ങൾ ചെയ്യുന്ന സംവിധായകരുടെ സിനിമകളിൽ വില്ലന്മാർ നിറഞ്ഞു നിൽക്കും. എന്നാൽ എന്റെ സിനിമകളിൽ അങ്ങനെയല്ല എന്നതാണ് സത്യം,’ കമൽ പറഞ്ഞു.

വില്ലൻ കഥാപാത്രങ്ങൾ.കാക്കോത്തിക്കാവിലേ അപ്പൂപ്പൻ താടികൾ.മധുരനൊമ്പരക്കാറ്റ്.photo.screen grab/youtube
Content Highlight: Kamal talks about anti-hero character in his movies
നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം