തിരുവനന്തപുരം: വിതുര വിദ്വാരി ക്ഷേത്രത്തില്‍ നടക്കാനിരുന്ന മനുഷ്യരക്തം കൊണ്ടുള്ള രക്തയൂട്ട് ഉപേക്ഷിച്ചു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് ചടങ്ങ് ഉപേക്ഷിച്ചത്. ചടങ്ങുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ ഉണ്ടായ സാഹചര്യത്തില്‍ ആചാരം ഉപേക്ഷിക്കുകയാണെന്നാണ് ക്ഷേത്രക്കമ്മിറ്റി അറിയിച്ചത്.
കാളിയൂട്ടിനോടനുബന്ധിച്ച് മനുഷ്യരക്തം സിറിഞ്ചിലൂടെ എടുത്ത് കാളിയെ കുളിപ്പിക്കുന്ന ചടങ്ങാണ് ഉപേക്ഷിച്ചത്. ഇത് സംബന്ധിച്ച വിവരങ്ങള്‍ ക്ഷേത്രക്കമ്മിറ്റി പുറത്തിറക്കിയ നോട്ടീസിലുണ്ടായിരുന്നു. മാര്‍ച്ച് 11 മുതല്‍ 24 വരെയുള്ള മഹോത്സവത്തിന്റെ ഭാഗമായാണ് രക്തയൂട്ട് നടക്കാനിരുന്നത്.
Related: മനുഷ്യരക്തം കൊണ്ടുള്ള കാളിയൂട്ട്: ഒരു കാരണവശാലും അനുവദിക്കില്ലെന്ന് കടകംപള്ളി
രണ്ടാം ദിവസം മുതല്‍ ദിവസവും മനുഷ്യരക്തം കൊണ്ട് കാളിയെ കുളിപ്പിക്കുമെന്നായിരുന്നു ക്ഷേത്രക്കമ്മിറ്റി പുറത്തിറക്കിയ പോസ്റ്ററില്‍. ശാസ്ത്രീയ സുരക്ഷയോടെ ഗവണ്‍മെന്റ് അംഗീകൃത വിദഗ്ദ്ധരാല്‍ ഡിസ്‌പോസിബിള്‍ സിറിഞ്ച് ഉപയോഗിച്ച് ലഘുവായ അളവില്‍ കാളിയെ കുളിപ്പിക്കാനുള്ള രക്തം സ്വീകരിക്കുന്നു എന്നാണ് നോട്ടീസിലുണ്ടായിരുന്നത്.
എന്നാല്‍, ചടങ്ങിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെ മന്ത്രി ഇടപെടുകയായിരുന്നു. പ്രാകൃതമായ ഇത്തരം ആചാരങ്ങള്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നാണ് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍ പറഞ്ഞത്. പ്രാകൃതമായ ആചാരങ്ങളുടെ ആവര്‍ത്തനത്തിനുള്ള ശ്രമം കേരളത്തിനാകെ അപമാനവും അപകടകരവുമാണെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.
