ന്യൂദൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (സി.ഇ.സി) ഗ്യാനേഷ് കുമാറിന് പദവിയിൽ തുടരാൻ ധാർമികമായ യാതൊരു അവകാശവുമില്ലെന്നും അദ്ദേഹം ഉടൻ രാജിവെക്കണമെന്നും സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബി ആവശ്യപ്പെട്ടു.

വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നതകൾ തുറന്നുകാട്ടിയ മാധ്യമ വാർത്തകളുടെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണവുമായി (എസ്.ഐ.ആർ) ബന്ധപ്പെട്ട് മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാർ ഔദ്യോഗികമായി രേഖപ്പെടുത്തിയ വിയോജിപ്പുകളെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ പൂർണമായും അവഗണിക്കുകയായിരുന്നുവെന്ന് എം.എ. ബേബി ചൂണ്ടിക്കാട്ടി.

മൂന്ന് കമ്മീഷണർമാർക്കും തുല്യ അധികാരമാണുള്ളതെന്നിരിക്കെ, 14 തവണയാണ് മറ്റ് രണ്ട് കമ്മീഷണർമാരും തങ്ങളുടെ എതിർപ്പ് രേഖാമൂലം അറിയിച്ചത്. എന്നാൽ ഈ ഭൂരിപക്ഷ നിലപാടിനെ കാറ്റിൽപ്പറത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതേ സ്വേച്ഛാധിപത്യ ശൈലിയിലാണ് ഗ്യാനേഷ് കുമാർ പെരുമാറുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കമ്മീഷന്റെ ഈ ഏകപക്ഷീയമായ പ്രവർത്തനങ്ങൾക്കെതിരെ രൂക്ഷവിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്. വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കുന്നതിലും പുതിയ വോട്ടർമാരെ ചേർക്കുന്നതിലും വലിയ തിരിമറികൾ നടക്കുന്നുണ്ടെന്നും, പ്രക്രിയ സുതാര്യമാണെന്ന അവകാശവാദം പച്ചക്കള്ളമാണെന്നും അദ്ദേഹം പറഞ്ഞു.

എൽ.കെ. അദ്വാനി, അരവിന്ദ് കേജ്‌രിവാൾ, പ്രകാശ് രാജ് തുടങ്ങിയ പ്രമുഖർക്ക് പോലും വോട്ടർപട്ടികയിലെ അപാകതകൾ മൂലം ഓഫീസുകൾ കയറിയിറങ്ങേണ്ടി വരുന്നുണ്ട്. വോട്ടർപട്ടിക പുതുക്കൽ നടപടികൾ ഉടനടി നിർത്തിവെക്കണമെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ ആവശ്യപ്പെടുന്നതായും എം.എ. ബേബി വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ തിരഞ്ഞെടുക്കുന്ന സമിതിയിൽ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയ കേന്ദ്ര സർക്കാർ നിയമം റദ്ദാക്കണമെന്നും, സുപ്രീം കോടതി മാർഗനിർദേശങ്ങൾ അനുസരിച്ചുള്ള സുതാര്യമായ രീതി പുനസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജനാധിപത്യത്തെയും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പവിത്രതയെയും കാത്തുസൂക്ഷിക്കാൻ സഹായിക്കുന്ന വലിയൊരു സേവനമാണ് വസ്തുതകൾ പുറത്തുകൊണ്ടുവന്ന അന്വേഷണാത്മക മാധ്യമപ്രവർത്തകർ ചെയ്തതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇതോടൊപ്പം, സുപ്രീം കോടതിയിൽ ‘വന്ദേമാതരം’ കേസുമായി ബന്ധപ്പെട്ട വാദത്തിനിടെ പ്രശസ്ത കർണാടക സംഗീതജ്ഞനും സാംസ്കാരിക പ്രവർത്തകനുമായ ടി.എം. കൃഷ്ണയ്ക്കെതിരെ സോളിസിറ്റർ ജനറൽ നടത്തിയ പരാമർശത്തെയും എം.എ. ബേബി ശക്തമായി അപലപിച്ചു.

ടി.എം. കൃഷ്ണയെ ‘നക്സൽ ചിന്താഗതിയുള്ള ആളുകൾ’ എന്ന തരത്തിൽ മുദ്രകുത്താനാണ് സോളിസിറ്റർ ജനറൽ ശ്രമിച്ചതെന്നും, പ്രധാനമന്ത്രി മുൻപ് ഉപയോഗിച്ച അതേ വിദ്വേഷ രാഷ്ട്രീയ ഭാഷ തന്നെയാണ് കോടതിയിലും കേൾക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Content Highlight: Chief Election Commissioner Gyanesh Kumar Should Resign; He Has Undermined the Credibility of the Election Commission: M.A. Baby.