തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് വിമാനയാത്രയില്‍ പരിഹാസവുമായി മുന്‍ മന്ത്രി വി ശിവന്‍കുട്ടി. റിപ്പോര്‍ട്ടറിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷത്തായിരുന്നപ്പോള്‍ ഹെലികോപ്റ്റര്‍ യാത്ര എന്ന് കേട്ടാല്‍ വിറച്ചിരുന്ന ആളാണ് (മുഖ്യമന്ത്രി) ഇപ്പോള്‍ വിവാഹത്തിനും കുടുംബ ചടങ്ങിനുമെല്ലാം ഹെലികോപ്റ്ററിലേ യാത്ര ചെയ്യൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സത്യപ്രതിജ്ഞാ ലംഘനമാണ് മുഖ്യമന്ത്രി നടത്തുന്നത്. വിവാഹത്തിനും കുടുംബ ചടങ്ങുകള്‍ക്കെല്ലാം ബഹുമാനപ്പെട്ട മുഖ്യമന്ത്രി വി.ഡി സതീശന്‍ ഹെലികോപ്റ്ററിലെ യാത്ര ചെയ്യുകയുള്ളൂ… പണ്ട് ഈ ഹെലികോപ്റ്റര്‍ എന്ന് കേട്ടാല്‍ ഞാന്‍ നിയമസഭയില്‍ ഉണ്ടായിരുന്ന സമയത്ത് വിറക്കുമായിരുന്നു.

ഇപ്പൊഴൊ അദ്ദേഹം ശരിക്കും എന്തെങ്കിലും വാക്ക് പറയുന്നുണ്ടെങ്കില്‍ അതില്‍ ഒരു കള്ളത്തരം ഒളിച്ചിരിപ്പുണ്ട്,’ ശിവന്‍കുട്ടി പറഞ്ഞു.

ഇതില്‍ വന്‍ അഴിമതി ഉണ്ടെന്നുള്ള കാര്യത്തില്‍ തര്‍ക്കമില്ലെന്നും അദ്ദേഹം പറഞ്ഞു.

‘എന്തിനാണ് മുഖ്യമന്ത്രി ആവുന്നതിന് മുമ്പ് ബാംഗ്ലൂര്‍ പോയത്.. എവിടെ പോയെന്ന് ഇതുവരെ പറഞ്ഞിട്ടില്ല.. എന്തിനു പോയെന്ന് ഇതുവരെ പറഞ്ഞിട്ടില്ല.. ആരാണ് ഫ്‌ളൈറ്റില്‍ പോകുന്നതിനു വേണ്ടി സഹായിച്ചതെന്ന് ഇതുവരെ പറഞ്ഞിട്ടില്ല.

ലക്ഷങ്ങളുടെയും കോടികളുടെയും കണക്കുകളൊക്കെയാണ് പുറത്ത് കേള്‍ക്കുന്നത്. അപ്പൊ ഇതിലൊക്കെ തന്നെ അഴിമതി ഉണ്ടെന്നുള്ള കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. ഞങ്ങള്‍ അതിന്റെ ചില വിവരങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്,’ അദ്ദേഹം പറഞ്ഞു.

Content Highlights: Helicopter for weddings and family functions; V. Sivankutty mocks the Chief Minister.