സീനിയർ താരങ്ങളെ ടീമിൽ നിന്ന് ഒഴിവാക്കാനുള്ള ചീഫ് സെലക്ടർ അജിത് അഗാർക്കറുടെ തീരുമാനത്തെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ.

അഗാർക്കറുടെ കാലയളവിൽ ടീമിൽ നിന്ന് മാറിനിന്ന സീനിയർ താരങ്ങളിൽ ഒരാളായിരുന്നു താനെന്നും അശ്വിൻ പറഞ്ഞു.
അശ്വിൻ തന്റെ യൂട്യൂബ് ചാനലിലാണ് ഇത്തരമൊരു കാര്യം പങ്കുവെച്ചത്.

ഇന്ത്യൻ ടീം മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും മുഖ്യ സെലക്ടർ അജിത് അഗാർകറും

‘അജിത് അഗാർക്കറെ എനിക്ക് നന്നായി അറിയാം. എന്റെ വിരമിക്കൽ സമയത്തും ഞങ്ങൾ സംസാരിച്ചിരുന്നു. ഞാൻ അദ്ദേഹത്തെ വിളിച്ച് വിരമിക്കാൻ പോകുകയാണെന്ന് പറഞ്ഞു. അത് വ്യക്തിപരമായ തീരുമാനമാണെന്നാണ് അദ്ദേഹം പറഞ്ഞത്. സീനിയർ താരങ്ങളെ ഘട്ടംഘട്ടമായി ഒഴിവാക്കേണ്ടത് അഗാർക്കറുടെ ചുമതലയാണ്. അതൊരു എളുപ്പമുള്ള കാര്യമായിരുന്നില്ല. അദ്ദേഹത്തിന്റെ കാലത്ത് ടീമിൽ നിന്ന് മാറ്റിനിർത്തപ്പെട്ട സീനിയർ താരങ്ങളിൽ ഒരാളാണ് ഞാനും. എന്നാൽ വ്യക്തിപരമായ കാര്യങ്ങളിൽ നിന്ന് അൽപ്പം മാറിനിന്ന് നോക്കുമ്പോൾ, അദ്ദേഹം വളരെ മികച്ച ചീഫ് സെലക്ടറായിരുന്നു.

പലപ്പോഴും നമ്മൾ കാര്യങ്ങളെ അഹങ്കാരത്തിന്റെയോ വ്യക്തിബന്ധങ്ങളുടെയോ അടിസ്ഥാനത്തിലാണ് നോക്കുന്നത്. എന്നാൽ അവരുടെ സ്ഥാനത്ത് നിന്ന് കാര്യങ്ങളെ കാണാൻ നമ്മൾ മറന്നുപോകുന്നു. അഗാർക്കർ എന്താണ് ചെയ്തത്? അടുത്ത തലമുറയിലെ ഒരു ടീമിനെ ഒരുക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. കഴിയുന്നത്ര മത്സരങ്ങൾ വിജയിപ്പിക്കുക എന്നത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമായിരുന്നു. അതോടൊപ്പം യുവതാരങ്ങളെ വളർത്തിയെടുക്കുകയും വേണമായിരുന്നു. അതിൽ അദ്ദേഹം തെറ്റൊന്നും ചെയ്തിട്ടില്ല,’ അശ്വിൻ കൂട്ടിച്ചേർത്തു.

വിവിധ ഫോർമാറ്റുകളിലായി ഇന്ത്യൻ ടീമിൽ തലമുറമാറ്റത്തിന് തുടക്കം കുറിക്കുന്നതിൽ അഗാർക്കർ ടീം മാനേജ്മെന്റിനൊപ്പം നിർണായക പങ്കുവഹിച്ചിട്ടുണ്ട്. അഗർ ക്കാരിന്റെ കാലയളവിലാണ് രോഹിത് ശർമയും വിരാട് കോഹ്‌ലിയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് ഒരു വിരമിക്കൽ മത്സരത്തിന് പോലും സാക്ഷ്യം സഹിക്കാതെ പടിയിറങ്ങിയത്. ഇതോടെ വിവിധ ഫോർമാറ്റുകളിലും യുവ താരങ്ങൾ ക്യാപ്റ്റൻ സ്ഥാനത്തേക്ക് എത്തുകയും ചെയ്തിരുന്നു.

2024-25 ബോർഡർ-ഗവാസ്കർ പരമ്പരയിലെ ഗാബ ടെസ്റ്റ്‌ പരമ്പരയ്ക്കിടെയാണ് ഓഫ് സ്പിന്നർ അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്.

കരാർ നീട്ടുന്നതിനുള്ള ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിൽ, അഗാർക്കറിന് പകരക്കാരനെ കണ്ടെത്താനുള്ള നീക്കത്തിലാണ് ബി.സി.സി.ഐ എന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ചീഫ് സെലക്ടർ സ്ഥാനത്ത് ആരാവും അടുത്തത് എന്ന ചർച്ചകളും സജീവമാണ്.

2023-ൽ ചേതൻ ശർമയ്ക്ക് പകരക്കാരനായാണ് അജിത് അഗാർക്കർ ചീഫ് സെലക്ടർ സ്ഥാനത്തെത്തിയത്. അഗാർക്കറിന്റെ മൂന്ന് വർഷത്തെ കാലയളവിൽ ഇന്ത്യ രണ്ട് ടി-20 ലോകകപ്പ് കിരീടങ്ങളും 2025 ൽ ചാമ്പ്യൻസ് ട്രോഫിയും നേടിയിട്ടുണ്ട്.

 

Content Highlights: Former Indian player Ravichandran Ashwin has supported chief selector Ajith Agharkar’s decision to drop senior players from the team.