Malayalam Cinema
ഞാൻ അങ്ങനെ ചെയ്യരുതായിരുന്നു, സിനിമയെ സ്നേഹിച്ചാൽ മാത്രമേ അത് നമ്മളിലേക്ക് എത്തൂ: ജൂഡ് ആന്തണി
സംവിധാനം ചെയ്ത സിനിമകളെല്ലാം ഹിറ്റ് സ്റ്റാറ്റസ് സ്വന്തമാക്കിയ ചുരുക്കം സംവിധായകരിലൊരാളാണ് ജൂഡ് ആന്തണി ജോസഫ്. ഓം ശാന്തി ഓശാനയിലൂടെ കരിയറാരംഭിച്ച ജൂഡ് ആന്തണി 2018 ലൂടെ ഇൻഡസ്ട്രി ഹിറ്റും സ്വന്തമാക്കി. മോഹൻലാലിന്റെ മകൾ വിസ്മയയെ നായികയാക്കി അദ്ദേഹം ഒരുക്കിയ തുടക്കം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ, സംവിധാനത്തിന് പുറമേ സിനിമയിലെ തന്റെ അഭിനയത്തെക്കുറിച്ചും സംസാരിക്കുകയാണ് ജൂഡ് ആന്തണി ജോസഫ്.
2018 സിനിമയുടെ ചിത്രീകരണ വേളയിൽ തന്നെത്തേടി ഒരുപാട് അഭിനയ അവസരങ്ങൾ വന്നിരുന്നുവെന്നും, എന്നാൽ തിരക്കുകൾ കാരണം അവയോടൊക്കെ ഒഴിഞ്ഞുമാറുകയായിരുന്നു എന്നും പറയുകയാണ് ജൂഡ് ആന്തണി ജോസഫ്. എന്നാൽ, തുടർച്ചയായി വിളിച്ച് അഭിനയിക്കാൻ നിർബന്ധിക്കുന്ന ചില ചലച്ചിത്ര പ്രവർത്തകരോട് താൻ ദേഷ്യപ്പെടേണ്ടി വരെ വന്നിട്ടുണ്ടെന്ന് അദ്ദേഹം തുറന്നുപറയുന്നു.

ജൂഡ് ആന്തണി. Photo. Screen grab/ Youtube
‘2018 സിനിമ സംവിധാനം ചെയ്യുന്ന സമയത്തൊക്കെ അഭിനയിക്കാൻ എനിക്ക് ഒരുപാട് അവസരങ്ങൾ വന്നിട്ടുണ്ടായിരുന്നു. ആ സമയത്തൊക്കെ ഞാൻ ചിലപ്പോൾ ലൊക്കേഷൻ ഹണ്ടിങ്ങിലോ അല്ലെങ്കിൽ ഷൂട്ടിങ്ങിലോ ഒക്കെയായിരിക്കും. പ്രൊഡക്ഷൻ കൺട്രോളർമാരായിരിക്കും ചേട്ടാ, നല്ലൊരു റോൾ ഉണ്ട് എന്ന് പറഞ്ഞ് എന്നെ വിളിക്കുന്നത്. അപ്പോൾ ഇല്ല, താത്പര്യമില്ല എന്ന് പറഞ്ഞ് ഞാൻ ഒഴിവായിപ്പോവുകയാണ് പതിവ്.
പിന്നീട് ചിലപ്പോൾ ആ സിനിമയുടെ സ്ക്രിപ്റ്റ് റൈറ്റേഴ്സോ പ്രൊഡക്ഷൻ മാനേജർമാരോ വീണ്ടും വിളിച്ച് നിർബന്ധിക്കും. അപ്പോൾ എനിക്ക് ദേഷ്യം വരും, ഞാൻ പറഞ്ഞതല്ലേ ഇപ്പോൾ വേറെ വർക്കിലാണെന്ന് എന്ന് ചോദിക്കും. പിന്നെയും മൂന്നാമതും വിളിക്കുന്നവൻ എന്റെ വായിൽ ഇരിക്കുന്നത് കേൾക്കേണ്ടി വരാറുണ്ട് നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ലേ എന്ന് ചോദിച്ച് ഞാൻ ഫോൺ കട്ട് ചെയ്യും,’ ജൂഡ് ആന്തണി പറഞ്ഞു.
ഇത്തരത്തിലുള്ള തന്റെ ഭാഗത്തുനിന്നുള്ള പ്രതികരണമായിരിക്കും ഒരുപക്ഷേ എല്ലാവരിലേക്കും എത്തിയിട്ടുണ്ടാവുക എന്ന് പറയുകയാണ് ജൂഡ്. കാരണം, പിന്നീട് ഇൻഡസ്ട്രിയിൽ നിന്ന് അവസരങ്ങൾ തന്നെ തേടിയെത്തുന്നത് കുറഞ്ഞിട്ടുണ്ടായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഇങ്ങനെ മൂന്നോ നാലോ സിനിമകൾ ഞാൻ വേണ്ടെന്ന് വെച്ചിട്ടുണ്ട്. അതൊക്കെ നല്ല രീതിയിൽ പാട്ടായിട്ടുണ്ട് എന്ന് തോന്നുന്നു. കാരണം അയാൾ അഭിനയം നിർത്തി എന്ന് കരുതിയിട്ടാവാം പിന്നീട് ഒരു കുഞ്ഞുപോലും എന്നെ വിളിച്ചിട്ടില്ല. പക്ഷേ, അതിനുശേഷം മന്ദാകിനി എന്ന സിനിമയിലേക്ക് വിളിച്ചിരുന്നു. ഇപ്പോൾ കോസ്മിക് സാംസൺ എന്നൊരു ചിത്രത്തിലും അഭിനയിച്ചു,’ താരം പറഞ്ഞു.
ഒരു കഥാപാത്രത്തിനായി നമ്മളിലുള്ള വിശ്വാസം കൊണ്ടാണ് അണിയറപ്രവർത്തകർ വിളിക്കുന്നത്. അപ്പോൾ ആ രീതിയിൽ പ്രതികരിക്കാൻ പാടില്ലായിരുന്നു എന്നും, സിനിമയെ സ്നേഹിച്ചാൽ മാത്രമേ അത് നമ്മളിലേക്ക് എത്തുകയുള്ളൂ എന്നും ജൂഡ് കൂട്ടിച്ചേർത്തു.
‘എനിക്ക് അഭിനയം ഒരുപാട് ഇഷ്ടമാണ്. നമ്മൾ സിനിമയെ സ്നേഹിച്ചാൽ മാത്രമേ സിനിമ നമ്മളിലേക്ക് എത്തുകയുള്ളൂ. ഞാൻ ഒരിക്കലും അങ്ങനെ ചെയ്യരുതായിരുന്നു. നമ്മളെ അന്വേഷിച്ച് ഒരു കഥാപാത്രം വരുമ്പോൾ അവർ അത്രയും വിശ്വസിച്ചാണ് നമ്മളെ വിളിക്കുന്നത്. സിനിമയിൽ അഭിനയിക്കാൻ വേണ്ടി ആളുകൾ ക്യൂ നിൽക്കുമ്പോൾ ആണ്, എന്റെ ഭാഗത്തുനിന്നുള്ള ഇത്തരത്തിൽ ഉള്ള പ്രതികരണം. അത് ചിലപ്പോൾ ഇവൻ ആരാടാ അവന്റെയൊരു അഹങ്കാരം എന്നൊരു തോന്നൽ അവരിലൊക്കെ ഉണ്ടാക്കിയിട്ടുണ്ടാവും,’ ജൂഡ് ആന്തണി ജോസഫ് പറഞ്ഞു.

ജൂഡ് ആന്തണി. Photo. Screen grab/ Youtube
Content Highlight: Jude Anthany talks about rejecting some acting roles
നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം