ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പര്യ്ക്കുള്ള സ്‌ക്വാഡില്‍ അണ്‍ക്യാപ്ഡ് പേസര്‍ ആഖിബ് നബിയെ ഉള്‍പ്പെടുത്താത്തതില്‍ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ഇര്‍ഫാന്‍ പത്താന്‍. രഞ്ജി ട്രോഫിയില്‍ ആഖിബ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും കെ.എല്‍. രാഹുല്‍ അടക്കമുള്ള താരങ്ങളെ ബുദ്ധിമുട്ടിച്ചവെന്നും പത്താന്‍ ചൂണ്ടിക്കാട്ടി.
‘നബിയെ തിരഞ്ഞെടുക്കാത്തതിന് യുക്തിസഹമായ ഒരു ഉത്തരം എന്റെ പക്കലില്ല. വേഗതയെക്കുറിച്ച് ആളുകള്‍ സംസാരിക്കാറുണ്ട്, എന്നാല്‍ ഒരു ബൗളര്‍ എങ്ങനെയൊക്കെ ബാറ്ററെ തോല്‍പ്പിക്കുന്നു എന്നും ആഭ്യന്തര ക്രിക്കറ്റിലെ മികച്ച ബാറ്റര്‍മാരെ ബുദ്ധിമുട്ടിക്കുന്നുണ്ടോ എന്നും നോക്കണം.
രഞ്ജി ട്രോഫി ഫൈനലില്‍ കെ.എല്‍. രാഹുലിനെപ്പോലുള്ള സീനിയര്‍ ബാറ്റര്‍മാരെപ്പോലും നബി പ്രയാസത്തിലാക്കിയത് എല്ലാവരും കണ്ടതാണ്. അതിനാല്‍ അദ്ദേഹത്തിന്റെ പ്രകടനത്തിന് അര്‍ഹിച്ച പ്രതിഫലം ലഭിക്കേണ്ടതായിരുന്നു,’ പത്താന്‍ പറഞ്ഞു.
ആഖിബ് നബി. Photo: BCCI Domestic/x.com
27 മുതല്‍ 32 വയസ്സ് വരെയുള്ള സമയത്താണ് ഫാസ്റ്റ് ബൗളര്‍മാര്‍ അവരുടെ ഏറ്റവും മികച്ച ഫോമില്‍ നില്‍ക്കുന്നത്. ആ സമയത്ത് ഫോമിലുള്ള ഒരു പേസറെ ടീമിലെടുക്കാന്‍ വൈകിയാല്‍ കളിക്കാരന്റെ ഏറ്റവും മികച്ച ഘട്ടമാണ് നഷ്ടമാകുന്നതെന്ന് സെലക്ടര്‍മാര്‍ക്ക് പത്താന്‍ മുന്നറിയിപ്പ് നല്‍കി.
വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമല്ലാതിരുന്ന അഫ്ഗാനിസ്ഥാനെതിരെ നേരത്തെ അവസാനിച്ച വണ്‍ ഓഫ് ടെസ്റ്റ് മത്സരത്തില്‍ മുഹമ്മദ് സിറാജിനെ കളിച്ചതിന് പകരം ആഖിബ് നബിക്ക് അവസരം നല്‍കണമായിരുന്നു എന്നും പത്താന്‍ അഭിപ്രായപ്പെട്ടു.
ആഭ്യന്തര പ്രകടനങ്ങള്‍ക്ക് വില കല്‍പ്പിക്കുന്നുണ്ടെങ്കില്‍, അന്താരാഷ്ട്ര തലത്തില്‍ നബിയെ പരീക്ഷിക്കാന്‍ ഏറ്റവും അനുയോജ്യമായ അവസരം അതായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഖിബ് നബി. Photo: BCCI Domestic/x.com
2025/26 രഞ്ജി ട്രോഫി സീസണില്‍ ജമ്മു കശ്മീരിനായി പത്ത് മത്സരങ്ങളില്‍ നിന്ന് 12.56 ശരാശരിയില്‍ 60 വിക്കറ്റുകള്‍ നേടി വിക്കറ്റ് വേട്ടക്കാരിലൊന്നാമന്‍ നബിയായിരുന്നു. ജമ്മു കശ്മീരിന്റെ കന്നി രഞ്ജി ട്രോഫി കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചതും അദ്ദേഹമാണ്.
29കാരനായ ആഖിബ് നബി ഇതുവരെ 43 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 18.63 ശരാശരിയില്‍ 15 അഞ്ച് വിക്കറ്റ് നേട്ടങ്ങളടക്കം 162 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.
അതേസമയം, രണ്ട് ടെസ്റ്റുകള്‍ക്കായാണ് ഇന്ത്യ ശ്രീലങ്കയില്‍ പര്യടനം നടത്തുക. ആഗസ്റ്റ് 15 മുതല്‍ 19 വരെയാണ് പരമ്പരയിലെ ആദ്യ മത്സരം. ഗല്ലെയാണ് വേദി. 23ന് സിംഹളീസ് സ്പോര്‍ട്സ് ക്ലബ്ബില്‍ രണ്ടാം മത്സരവും നടക്കും.