ഞങ്ങളുടെ നിബന്ധനകള്‍ അംഗീകരിക്കണം; ലോകകപ്പില്‍ കളിക്കുമെന്ന് സ്ഥിരീകരിച്ച് ഇറാന്‍
Sport-News
ഞങ്ങളുടെ നിബന്ധനകള്‍ അംഗീകരിക്കണം; ലോകകപ്പില്‍ കളിക്കുമെന്ന് സ്ഥിരീകരിച്ച് ഇറാന്‍
ഫസീഹ പി.സി.
Sunday, 10th May 2026, 8:28 am

2026 ഫിഫ ലോകകപ്പില്‍ കളിക്കുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് ഇറാന്‍. എന്നാല്‍, അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ ആതിഥേയ രാജ്യങ്ങള്‍ തങ്ങളുടെ നിബന്ധനകള്‍ അംഗീകരിക്കണമെന്നും ഇറാനിയന്‍ ഫെഡറേഷന്‍ അറിയിച്ചു.

ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെയാണ് ലോകകപ്പ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. 2026 ഫെബ്രുവരിയില്‍ അമേരിക്കയും ഇസ്രഈലും നടത്തിയ സൈനിക നീക്കങ്ങളുടെ ഭാഗമായി ഉടലെടുത്ത സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ഇറാനിന്റെ ലോകകപ്പ് പങ്കാളിത്തം അനിശ്ചിതത്തിലായിരുന്നു.

‘2026 ലോകകപ്പില്‍ തീര്‍ച്ചയായും ഞങ്ങള്‍ പങ്കെടുക്കും. പക്ഷേ, ആതിഥേയര്‍ ഞങ്ങളുടെ ആശങ്കകള്‍ കണക്കിലെടുക്കണം. ഇറാന്റെ സംസ്‌കാരത്തിലും വിശ്വാസങ്ങളിലും ബോധ്യങ്ങളിലും നിന്നും ഒരു വിട്ടുവീഴ്ചയുമില്ലാതെയായിരിക്കും ഞങ്ങളുടെ പങ്കാളിത്തം.

ഇറാൻ ഫുട്ബോൾ ടീം. Photo: Sanjay Tirdiya/x.com

ആതിഥേയ മര്യാദകള്‍ ലംഘിച്ചാല്‍ അവരുടെ ഭാഷയില്‍ ഞങ്ങള്‍ ശക്തമായി മറുപടി നല്‍കും. കാനഡയില്‍ മുമ്പ് ഇറാനിയന്‍ പ്രതിനിധി സംഘം കാണിച്ച അതേ ധൈര്യത്തോടെയും ദേശീയ താത്പ്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും വിശ്വാസങ്ങളിലും തീരുമാനങ്ങളിലും ഉറച്ച് നിന്നുമായിരിക്കും അത്,’ ഇറാനിയന്‍ ഫെഡറേഷന്‍ തങ്ങളുടെ വെബ്സൈറ്റില്‍ പറഞ്ഞു.

ഫിഫ കോണ്‍ഗ്രസിന് മുന്നോടിയായി കാനഡയിലെത്തിയ ഇറാനിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് മെഹ്ദി താജിന് പ്രവേശനം നിഷേധിച്ചിരുന്നു. ഇത് 2024ല്‍ കനേഡിയന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്പസുമായി (ഐ.ആര്‍.ജി.സി) താജിന് ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു.

പ്രവേശനം വിലക്കിയതോടെ ഇറാന്‍ പ്രതിനിധി സംഘം കോണ്‍ഗ്രസ് ബഹിഷ്‌ക്കരിച്ച് ഇറാനിലേക്ക് മടങ്ങിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇറാന്‍ ഇപ്പോള്‍ അന്ത്യശാസനം നല്‍കിയിരിക്കുന്നത്.

അതേസമയം, ലോകകപ്പില്‍ പങ്കെടുക്കാന്‍ തങ്ങള്‍ പത്ത് നിബന്ധനങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ടെന്ന് മെഹ്ദി താജ് കഴിഞ്ഞ ദിവസം വ്യക്തമാക്കി. ടീം അംഗങ്ങള്‍ക്കും സ്റ്റാഫിനും തടസമില്ലാതെ വിസ ലഭ്യമാക്കുക, ടൂര്‍ണമെന്റിലുടനീളം ഇറാന്റെ ദേശീയ പതാകക്കും ദേശീയഗാനത്തിനും ടീം അംഗങ്ങള്‍ക്കും അര്‍ഹമായ ബഹുമാനം നല്‍കുക എന്നിവയാണ് പ്രധാന ആവശ്യം.

ഇതിനൊപ്പം വിമാനത്താവളങ്ങള്‍, താമസിക്കുന്ന ഹോട്ടലുകള്‍, മത്സരത്തിനായി സ്റ്റേഡിയങ്ങളിലേക്ക് പോകുന്ന വഴികള്‍ എന്നിവിടങ്ങളില്‍ ഇറാന്‍ ടീമിന് കനത്ത സുരക്ഷ ഉറപ്പാക്കുന്നതും നിബന്ധനങ്ങളിലുണ്ട്.

ഇറാന്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് ടൂര്‍ണമെന്റിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു. എന്നാല്‍, ഐ.ആര്‍.ജി.സിയുമായി ബന്ധമുള്ള അംഗങ്ങള്‍ക്ക് പ്രവേശന വിലക്ക് നേരിട്ടേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഇറാന്‍ മുന്‍ നിശ്ചയിച്ച പ്രകാരം ലോകകപ്പില്‍ കളിക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയും ആവര്‍ത്തിച്ചു. ഇറാന്‍ ലോകകപ്പില്‍ ന്യൂസിലാന്‍ഡ്, ബെല്‍ജിയം, ഈജിപ്ത് എന്നീ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് ജി-യിലാണ്.

Content Highlight: Iran confirm participation in 2026 FIFA World Cup; But put forward 10 demands to hosts

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി