മെസിയെ കാണാനെത്തിയ 33000 പേര്‍ക്ക് ടിക്കറ്റ് പണം തിരിച്ച് നല്‍കും; പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി
Sport-News
മെസിയെ കാണാനെത്തിയ 33000 പേര്‍ക്ക് ടിക്കറ്റ് പണം തിരിച്ച് നല്‍കും; പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി
ശ്രീരാഗ് പാറക്കല്‍
Sunday, 30th August 2026, 12:38 pm

ലയണല്‍ മെസിയുടെ കൊല്‍ക്കത്ത സന്ദര്‍ശനത്തിനായി ടിക്കറ്റെടുത്ത 33,000 പേര്‍ക്ക് പണം തിരികെ നല്‍കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി. ദേശീയ കായികദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. പണം തിരിച്ചുനല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 13നാണ് മെസി കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലെത്തിയത്. താരത്തെ കാണുന്നതിനായി വന്‍ ജനക്കൂട്ടമാണ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. 4,000 മുതല്‍ 6,000 രൂപ വരെയായിരുന്നു ടിക്കറ്റ് നിരക്ക്. 10,000 രൂപ വരെ നല്‍കി ടിക്കറ്റ് സ്വന്തമാക്കിയവരുമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ രാജ്യമാകെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പരിപാടി ആസൂത്രണത്തിലെ പിഴവുകള്‍ മൂലം പരാജയമായിരുന്നു. ഗ്രൗണ്ടില്‍ വി.ഐ.പികള്‍ സെല്‍ഫിയെടുക്കാനായി മെസിയെ വളഞ്ഞതോടെ, വലിയ തുക നല്‍കി ഗ്യാലറിയില്‍ ടിക്കറ്റെടുത്തെത്തിയവര്‍ക്ക് താരത്തെ ഒരു നോക്ക് കാണാന്‍ പോലും കഴിഞ്ഞില്ല. ഇതോടെ ക്ഷുഭിതരായ കാണികള്‍ അക്രമാസക്തരാകുകും ചെയ്തു. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ സംഘാടകര്‍ക്കും സാധിച്ചില്ല.

മെസിയെ കാണാനെത്തിയ കാണികള്‍ അക്രമാസക്തമായപ്പോള്‍

ഇതോടെ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായതോടെ മെസി ഡ്രെസ്സിങ് റൂമിലേക്ക് മടങ്ങി. ഇതോടെ കാണികളുടെ പ്രതിഷേധം കൂടുതല്‍ ശക്തമായി. ജനക്കൂട്ടം ഗ്രൗണ്ടിലേക്ക് ഇരച്ചുകയറുകയും ഗ്യാലറിയിലെ കസേരകള്‍ തകര്‍ക്കുകയും കുപ്പികള്‍ വലിച്ചെറിയുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് ബലപ്രയോഗം നടത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.

മെസി താമസിച്ചിരുന്ന ഹോട്ടലിന് മുന്നിലും വലിയ തോതില്‍ ജനങ്ങള്‍ തടിച്ചുകൂടിയിരുന്നു. ഇതിന് പിന്നാലെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ അന്ന് പ്രതിപക്ഷത്തായിരുന്ന ബി.ജെ.പി രംഗത്തെത്തുകയും സംഭവത്തെ സര്‍ക്കാരിനെതിരായ പ്രധാന രാഷ്ട്രീയ ആയുധമാക്കുകയും ചെയ്തു.

പരിപാടിയുടെ സംഘാടകനായ സതദ്രു ദത്തയെ പിന്നീട് അറസ്റ്റ് ചെയ്തു. സംഭവത്തിന് പിന്നാലെ അന്ന് മമത ബാനര്‍ജി സര്‍ക്കാരില്‍ കായികമന്ത്രിയായിരുന്ന അനില്‍ ബിശ്വാസിന് രാജിവെക്കേണ്ടിവന്നു. തുടര്‍ന്ന് മുഖ്യമന്ത്രി തന്നെ കായികവകുപ്പിന്റെ ചുമതല ഏറ്റെടുത്തു.

പരിപാടിക്കായി ടിക്കറ്റെടുത്തവരുടെ പണം തിരികെ നല്‍കണമെന്ന ആവശ്യം അന്ന് മുതല്‍ തന്നെ ശക്തമായിരുന്നു. ടിക്കറ്റ് വില്‍പനയിലൂടെ ഏകദേശം 19 കോടി രൂപ സംഘാടകര്‍ സമാഹരിച്ചിരുന്നുവെന്നാണ് പിന്നീട് നടന്ന അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് സുദത്രു ദത്തയുടെ ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് മരവിപ്പിക്കുകയും ചെയ്തു.

എന്നാല്‍ കാണികളില്‍നിന്ന് ഈടാക്കിയ ടിക്കറ്റ് തുക ഇതുവരെ തിരികെ നല്‍കിയിരുന്നില്ല. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ ടിക്കറ്റെടുത്ത കാണികള്‍ക്ക് ആശ്വാസം നല്‍കുന്ന തീരുമാനം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Content Highlight: West Bengal Chief Minister Suvendu Adhikari stated that refunds would be issued to the 33,000 people who purchased tickets for Lionel Messi’s visit to Kolkata

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ