മിന്നല്‍പിണരായി സഞ്ജു; ചേട്ടന്റെ സ്ട്രൈക്കില്‍ ഗില്ലിന് മടക്കം: വീഡിയോ
Cricket
മിന്നല്‍പിണരായി സഞ്ജു; ചേട്ടന്റെ സ്ട്രൈക്കില്‍ ഗില്ലിന് മടക്കം: വീഡിയോ
ഫസീഹ പി.സി.
Sunday, 26th April 2026, 6:59 pm

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള മത്സരം ചെപ്പോക്കില്‍ നടക്കുകയാണ്. മത്സരത്തില്‍ 13 ഓവറുകള്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് 118 റണ്‍സെടുത്തിട്ടുണ്ട്. 37 പന്തില്‍ 64 റണ്‍സെടുത്ത സായി സുദര്‍ശനും 18 പന്തില്‍ 20 റണ്‍സുമായി ജോസ് ബട്‌ലറുമാണ് ക്രീസിലുള്ളത്.

മത്സരത്തില്‍ ഗുജറാത്തിന് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ നഷ്ടമായിട്ടുണ്ട്. 23 പന്തില്‍ 33 റണ്‍സെടുത്താണ് താരത്തിന്റെ മടക്കം. മലയാളി താരം സഞ്ജു സാംസണിന്റെ ഒരു തകര്‍പ്പന്‍ സ്റ്റംപിങ്ങിലൂടെയാണ് ഗുജറാത്ത് നായകന്‍ തിരികെ നടന്നത്.

നൂര്‍ അഹമ്മദ് എറിഞ്ഞ ഏഴാം ഓവറിലായിരുന്നു സംഭവം. നാലാം പന്തില്‍ അഫ്ഘാന്‍ ബൗളര്‍ വൈഡായി പന്തെറിഞ്ഞപ്പോള്‍ ഗില്‍ ഷോട്ടടിക്കാന്‍ സ്റ്റെപ്ഔട്ട് ചെയ്തു. ഷോട്ട് മിസായതോടെ ഗുജറാത്ത് നായകന്‍ കാല്‍ ക്രീസിലേക്ക് വെക്കാന്‍ ശ്രമിച്ചു.

എന്നാല്‍, അതിനകം പന്ത് കൈക്കലാക്കിയ സഞ്ജു ഒട്ടും സമയം കളയാതെ ഗില്ലിനെ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. അതോടെ ടീമിന് ആദ്യ ബ്രേക്ക് ത്രൂ ലഭിച്ചു.

ഋതുരാജ് ഗെയ്ക്വാദ്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തിരുന്നു. 60 പന്തില്‍ 74 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് മാത്രമാണ് തിളങ്ങിയത്. ശിവം ദുബെ (17 പന്തില്‍ 22), ജെയ്മി ഓവര്‍ട്ടണ്‍ (ആറ് പന്തില്‍ 18), കാര്‍ത്തിക് ശര്‍മ (ഒമ്പത് പന്തില്‍ 15) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി.

ഗുജറാത്തിനായി കഗിസോ റബാദ മൂന്ന് വിക്കറ്റുകളും അര്‍ഷദ് ഖാന്‍ രണ്ട് വിക്കറ്റുകളും വീഴ്ത്തി. ജേസണ്‍ ഹോള്‍ഡര്‍, മുഹമ്മദ് സിറാജ്, മാനവ് സുതര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു.

Content Highlight: IPL 2026: CSK vs GT: Sanju Samson with excellent stumping: Video

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി