സെഞ്ച്വറിയും വെടിക്കെട്ടുമില്ല; എന്നിട്ടും ചരിത്രനേട്ടമെഴുതി സഞ്ജു
IPL
സെഞ്ച്വറിയും വെടിക്കെട്ടുമില്ല; എന്നിട്ടും ചരിത്രനേട്ടമെഴുതി സഞ്ജു
ഫസീഹ പി.സി.
Sunday, 26th April 2026, 4:11 pm

ഐ.പി.എല്ലില്‍ പുതിയ നേട്ടങ്ങള്‍ കൈപ്പിടിയിലൊതുക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. ടൂര്‍ണമെന്റ് ചരിത്രത്തില്‍ 5000 റണ്‍സ് എന്ന നേട്ടമാണ് ഇത്തവണ വിക്കറ്റ് കീപ്പര്‍ തന്റെ അക്കൗണ്ടിലെത്തിച്ചത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്സ് – ഗുജറാത്ത് ടൈറ്റന്‍സ് മത്സരത്തിലാണ് ചേട്ടന്റെ ചരിത്ര നേട്ടം.

ഗുജറാത്തിനെതിരെ ഇറങ്ങുമ്പോള്‍ ഐ.പി.എല്ലില്‍ സഞ്ജുവിന് 4997 റണ്‍സാണുണ്ടായിരുന്നത്. ഇതിലേക്ക് മൂന്ന് റണ്‍സ് കൂടി ചേര്‍ത്തതാണ് 5000 റണ്‍സ് നേടിയവരുടെ ക്ലബ്ബിലേക്ക് താരം കാലെടുത്ത് വെച്ചത്.

സഞ്ജു സാംസൺ. Photo: iplt20.com

മത്സരത്തില്‍ താരം മത്സരത്തില്‍ 15 പന്തില്‍ രണ്ട് ഫോറുകളടക്കം 11 റണ്‍സുമായി സഞ്ജു മടങ്ങി. അതോടെ ടൂര്‍ണമെന്റിലെ തന്റെ സമ്പാദ്യം താരം 5008 റണ്‍സായി ഉയര്‍ത്തി. 180 ഇന്നിങ്‌സില്‍ കളിച്ചാണ് താരം ഇത്രയും റണ്‍സ് തന്റെ അക്കൗണ്ടിലാക്കിയത്.

സി.എസ്.കെയ്ക്ക് പുറമെ സഞ്ജു ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനും ദല്‍ഹി ക്യാപിറ്റല്‍സിനും വേണ്ടി കളത്തിലിറങ്ങിയിട്ടുണ്ട്.

ഇതോടെ ഈ നേട്ടത്തിലെത്തുന്ന പത്താമത്തെ താരമാകാനും സഞ്ജുവിന് സാധിച്ചു. വിരാട് കോഹ്ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ഡേവിഡ് വാര്‍ണര്‍, സുരേഷ് റെയ്ന, എം.എസ് ധോണി, കെ.എല്‍ രാഹുല്‍, അജിന്‍ക്യ രഹാനെ, എ.ബി. ഡി വില്ലിയേഴ്സ് എന്നിവരാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയവര്‍.

അതേസമയം, മത്സരത്തില്‍ സഞ്ജുവിന് പുറമെ ഉര്‍വില്‍ പട്ടേലും (മൂന്ന് പന്തില്‍ നാല്) ഇംപാക്ട് പ്ലെയറായി ഇറങ്ങിയ സര്‍ഫറാസ് ഖാനും (ഗോള്‍ഡന്‍ ഡക്ക്) പുറത്തായിട്ടുണ്ട്.

നിലവില്‍ ഏഴ് ഓവറുകള്‍ പിന്നിടുമ്പോള്‍ ചെന്നൈ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 33 റണ്‍സെടുത്തിട്ടുണ്ട്. 18 പന്തില്‍ 15 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദും അഞ്ച് പന്തില്‍ രണ്ട് റണ്‍സ് നേടിയ ഡെവാള്‍ഡ് ബ്രെവിസുമാണ് ക്രീസിലുള്ളത്.

ഗുജറാത്തിനായി കാഗിസോ റബാദ രണ്ട് വിക്കറ്റുകളും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും വീഴ്ത്തി.

ചെന്നൈ സൂപ്പര്‍ കിങ്സ് പ്ലെയിങ് ഇലവന്‍

സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), ഉര്‍വില്‍ പട്ടേല്‍, ഡെവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ, കാര്‍ത്തിക് ശര്‍മ, ജെയ്മി ഓവര്‍ട്ടണ്‍, അകീല്‍ ഹൊസൈന്‍, നൂര്‍ അഹമ്മദ്, അന്‍ഷുല്‍ കംബോജ്, ഗുര്‍ജാപ്നീത് സിങ്.

ഗുജറാത്ത് ടൈറ്റന്‍സ് പ്ലെയിങ് ഇലവന്‍

സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), ഷാരൂഖ് ഖാന്‍, വാഷിങ്ടണ്‍ സുന്ദര്‍, ജേസണ്‍ ഹോള്‍ഡര്‍, റാഷിദ് ഖാന്‍, അര്‍ഷാദ് ഖാന്‍, കഗിസോ റബാദ, മുഹമ്മദ് സിറാജ്, മാനവ് സുതര്‍.

 

Content Highlight: IPL 2026: CSK vs GT: Sanju Samson completed 5000 runs in IPL

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി