ടി-20 ലോകകപ്പിൽ പാകിസ്ഥാനെതിരെ ഹസ്തദാനം ചെയ്യുമോ? നിലപാട് വ്യക്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ
Cricket
ടി-20 ലോകകപ്പിൽ പാകിസ്ഥാനെതിരെ ഹസ്തദാനം ചെയ്യുമോ? നിലപാട് വ്യക്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ
സുദേവ് എ
Sunday, 14th June 2026, 3:09 pm

ക്രിക്കറ്റില്‍ വീണ്ടുമൊരു ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തിന് കളമൊരുങ്ങുകയാണ്. ഐ.സി.സി വിമണ്‍സ് ടി-20 ലോകകപ്പിലാണ് ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ എത്തുന്നത്. ഇന്ന് രാത്രി ഏഴ് മണിക്ക് ബര്‍മിങ്ഹാമിലെ എഡ്ബാജ്സ്റ്റാണിലാണ് മത്സരം നടക്കുന്നത്. മറ്റൊരു മേജര്‍ ടൂര്‍ണമെന്റില്‍ കൂടി ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ഹസ്തദാന വിവാദവും ചര്‍ച്ചയാവുകയാണ്.

കഴിഞ്ഞ വര്‍ഷത്തെ ഏഷ്യ കപ്പിന് ശേഷം നടന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സരങ്ങളിലെല്ലാം ഇരുരാജ്യങ്ങളിലെയും താരങ്ങള്‍ ഹസ്തദാനം ചെയ്യുന്നത് ഒഴിവാക്കിയിരുന്നു. അണ്ടര്‍ 19 ലോകകപ്പ്, റേസിങ് സ്റ്റാര്‍ ഏഷ്യ കപ്പ്, ടി-20 ലോകകപ്പ് എന്നീ ടൂര്‍ണമെന്റുകളിലെല്ലാം ഇന്ത്യ പാക് താരങ്ങള്‍ക്ക് കൈ കൊടുത്തിരുന്നില്ല.

ഇന്ന് നടക്കുന്ന മത്സരത്തില്‍ ഹസ്തദാനം ചെയ്യുമോയെന്ന ചോദ്യത്തിന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. ക്രിക്കറ്റ് കളിക്കാന്‍ വേണ്ടി മാത്രമാണ് തങ്ങള്‍ ഇവിടെയെത്തിയതെന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ പ്രതികരിച്ചത്. പാകിസ്ഥാനെതിരെ കളിക്കുമ്പോള്‍ സമ്മര്‍ദം ഉണ്ടാവുമെന്നും എന്നാല്‍ ഇതെല്ലം മറികടന്ന് ആസ്വദിച്ചുകൊണ്ട് കളിക്കുകയാണ് ലക്ഷ്യമെന്നും ഹര്‍മന്‍പ്രീത് വ്യക്തമാക്കി.

‘ഞങ്ങള്‍ ഇവിടെ വന്നിരിക്കുന്നത് ക്രിക്കറ്റ് കളിക്കാന്‍ വേണ്ടി മാത്രമാണ്. ക്രിക്കറ്റിനെക്കുറിച്ച് മാത്രമേ ഞങ്ങള്‍ സംസാരിക്കൂ. അതിനെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും ഞങ്ങള്‍ സംസാരിക്കാറില്ല, ചിന്തിക്കാറില്ല. ക്രിക്കറ്റ് ഞങ്ങളുടെ സ്വപ്നമാണ്. ഞങ്ങള്‍ പാകിസ്ഥാനെതിരെ മറ്റൊരു മത്സരം പോലെയാണ് കാണുന്നത്.

സമ്മര്‍ദം ഉണ്ടാവുമെന്ന് എനിക്കറിയാം. പാകിസ്ഥാനെതിരെ കളിക്കുമ്പോള്‍ ഇപ്പോഴും സമ്മര്‍ദമുണ്ടാവും. എന്നാല്‍ ആ സമ്മര്‍ദത്തെ നമ്മള്‍ എങ്ങനെ എടുക്കുന്നുവെന്നതാണ് കാര്യം. എല്ലാ ഇന്റര്‍നാഷണല്‍ മത്സരത്തിലും സമ്മര്‍ദമുണ്ടാവും. നൂറ് ശതമാനം നല്‍കി ഓരോ നിമിഷവും ആസ്വദിച്ച് കളിക്കുകയാണ് പ്രധാനം,’ ഹര്‍മന്‍പ്രീത് കൗര്‍ മത്സരത്തിന് മുമ്പ് മാധ്യമങ്ങളോട് പറഞ്ഞു.

ഒരുമാസത്തിലധികം നീണ്ടു നില്‍ക്കുന്ന ലോകകപ്പില്‍ രണ്ട് ഗ്രൂപ്പുകളില്‍ നിന്ന് 12 ടീമുകളാണ് മാറ്റുരക്കുന്നത്. ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സാണ് ടൂര്‍ണമെന്റിന് വേദിയാവുന്നത്. കുട്ടിക്രിക്കറ്റിലെ ആദ്യ കിരീടമാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്.

ഗ്രൂപ്പ് എയി-ലാണ് ഇന്ത്യ ഇടം നേടിയിട്ടുള്ളത്. പാകിസ്ഥാന് പുറമെ ഓസ്ട്രേലിയ, സൗത്ത് ആഫ്രിക്ക, ബംഗ്ലാദേശ്, നെതര്‍ലന്‍ഡ്സ് എന്നീ ടീമുകളാണ് ഇന്ത്യക്കൊപ്പം ഗ്രൂപ്പ് എ-യില്‍ നിന്നും കിരീട പോരാട്ടത്തിനായി മാറ്റുരക്കുന്നത്.

2026 ടി-20 ലോകകപ്പിനുള്ള ഇന്ത്യ വിമണ്‍സ് സ്‌ക്വാഡ്

ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), ഷെഫാലി വര്‍മ, ജെമീമ റോഡ്രിഗസ്, ദീപ്തി ശര്‍മ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), അരുന്ധതി റെഡ്ഡി, രേണുക താക്കൂര്‍, ക്രാന്തി ഗൗഡ്, ശ്രീ ചരണി, ശ്രേയങ്ക പാട്ടീല്‍, ഭാരതി ഫുല്‍മാലി, യാസ്തിക ഭാട്ടിയ(വിക്കറ്റ് കീപ്പര്‍), നന്ദിനി ശര്‍മ, രാധ യാദവ്.

 

Content Highlight: Indian captain Harmanpreet Kaur clarifies her stance on whether will shake hands in the match against Pakistan

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.