Mohammad
ഇസ്‌ലാമാബാദ്: പാക് ക്രിക്കറ്റ് താരം മുഹമ്മദ് ആമിറിന്റെ വിലക്ക് ഐ.സി.സി നീക്കി. ഇതോടെ ആമിറിന് അഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിവരാനുള്ള അവസരം കൈവന്നിരിക്കുകയാണ്. 22കാരനായ ആമിറിനെ നേരത്തെ വാതുവെയ്പ് കേസുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ് ചെയ്തിരുന്നത്. ഇതിനെ തുടര്‍ന്ന് ആറ് മാസത്തെ ജയില്‍ ശിക്ഷയും അദ്ദേഹം അനുഭവിച്ചിരുന്നു. 2010ല്‍ നടന്ന ഇംഗ്ലണ്ട് പാകിസ്ഥാന്‍ മത്സരത്തിനിടെയായിരുന്നു അദ്ദേഹം ഒത്തു കളിച്ചിരുന്നത്.

ദുബൈയില്‍ കഴിഞ്ഞ രണ്ട് ദിവസമായി ചേര്‍ന്ന ഐ.സി.സി യോഗത്തിലാണ് ആമിറിന് അനുകൂലമായ തീരുമാനം ഉണ്ടായിരിക്കുന്നത്. അഞ്ച് വര്‍ഷത്തേക്കായിരുന്നു ആമിറിന് വിലക്ക് ലഭിച്ചിരുന്നത്. ഇദ്ദഹത്തിന്റെ വിലക്ക് 2015 സെപ്റ്റംബറില്‍ അവസാനിക്കാനിരിക്കുകയായിരുന്നു.

നേരത്തെ ആമിറിനെ കൂടാതെ പാക് താരങ്ങളായ മുഹമ്മദ് ആസിഫ്, അന്നത്തെ പാക് ടീം ക്യാപ്റ്റനായിരുന്ന സല്‍മാന്‍ ഭട്ട് എന്നിവരും വിലക്ക് നേരിട്ടിരുന്നു. മുന്‍ കൂട്ടി തീരുമാനിച്ച പ്രകാരം നോ ബോള്‍ എറിഞ്ഞായിരുന്നു ഇവര്‍ വാതുവെയ്പുകാരില്‍ നിന്നും പണം വാങ്ങിയിരുന്നത്. ആസിഫിന് ഏഴ് വര്‍ഷത്തേക്കും സല്‍മാന്‍ ഭട്ടിന് പത്ത് വര്‍ത്തേക്കുമാണ് വിലക്ക് ലഭിച്ചിരുന്നത്.

വിലക്ക് നേരിടുമ്പോള്‍ പതിനേഴ് വയസ് മാത്രം പ്രായമായിരുന്ന ആമിര്‍  ഇപ്പോള്‍ തന്റെ 22 വയസില്‍ തുടക്കക്കാരനെന്ന പോലെ വീണ്ടും തിരിച്ച് വരാന്‍ ഒരുങ്ങുകയാണ്.