ഗുവാഹത്തി: അസമില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നാഗോണ്‍ ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കാനെത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ വാഹനവ്യൂഹത്തിന് നേരെ കല്ലേറ്.
അസം കോണ്‍ഗ്രസ് പ്രസിഡന്റും ലോക്‌സഭാ പ്രതിപക്ഷ ഉപനേതാവുമായ ഗൗരവ് ഗൊഗോയ്, ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍, മണ്ഡലത്തിലെ സ്ഥാനാര്‍ഥി ശിവമോനി ബോറ എന്നിവര്‍ സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
ഗൗരവ് ഗൊഗോയ് തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയയിലൂടെ ദൃശ്യങ്ങള്‍ സഹിതം സംഭവം പങ്കുവെച്ചത്. ലോരിമുഖ് മേഖലയിലേക്ക് പോകുന്നതിനിടെയാണ് വാഹനവ്യൂഹത്തിനുനേരെ ആക്രമണം ഉണ്ടായത്. സംഭവത്തിനുപിന്നില്‍ ബി.ജെ.പി ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
സംഭവസ്ഥലത്ത് ജനങ്ങളെ നിയന്ത്രിക്കാന്‍ പൊലീസിനെ മുന്‍കൂട്ടി ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ അവര്‍ സ്ഥിതിഗതികള്‍ വഷളാവാന്‍ അനുവദിച്ചുവെന്നും ഗൊഗോയ് ആരോപിച്ചു.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇത്തരം ആക്രമണങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകമ്മീഷന്‍ നിശബ്ദകാഴ്ചക്കാരായി തുടരുന്നുവെന്നും ബി.ജെ.പി കുറ്റവാളികള്‍ക്കായി ഒരു റിക്രൂട്ട്‌മെന്റ് സെല്‍ തുറക്കണമെന്നും പോസ്റ്റില്‍ പറയുന്നു.
ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയും മുന്‍ എം.എല്‍.എയുമായ ശിവമണി ബോറയ്ക്ക് സുരക്ഷ നല്‍കിയില്ലെന്നും ഗൊഗോയ് ആരോപിച്ചു. ബി.ജെ.പി കല്ലെറിയലില്‍ പരിശീലനം നല്‍കുന്നുണ്ടോയെന്നും അദ്ദേഹം പരിഹസിച്ചു.
‘കല്ലെറിഞ്ഞവരെ കണ്ടെത്താന്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയ്ക്ക് സാധിക്കില്ല, അദ്ദേഹം തന്റെ കഴിവില്ലായ്മ സമ്മതിക്കും. തെരഞ്ഞെടുപ്പു കമ്മീഷന്‍ സ്ഥലംമാറ്റങ്ങളോ സസ്‌പെന്‍ഷനോ ഉത്തരവിടില്ല’, ഗൊഗോയ് പറഞ്ഞു.
6എ, ദീന്‍ദയാല്‍ മാര്‍ഗിലെ ബി.ജെ.പി ആസ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറുന്നത് നന്നായിരിക്കും എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര എക്‌സിലൂടെ പറഞ്ഞു.
നാഗോണിലെ സര്‍ദാര്‍ പോലീസ് സ്‌റ്റേഷനിലെത്തി നേതാക്കള്‍ രേഖാമൂലം പരാതി നല്‍കി.
തെരഞ്ഞെടുപ്പുകള്‍ ജനാധിപത്യത്തിന്റെ ആഘോഷമാണെന്നും അക്രമം, ഭീഷണി എന്നിവയിലൂടെ ജനാധിപത്യപരമായ പ്രചാരണത്തെയോ അഭിപ്രായപ്രകടനത്തിനുള്ള അവകാശത്തെയോ തടസ്സപ്പെടുത്താന്‍ പാടില്ലെന്ന് അസം കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.
Content Highlight: Nagaon bypoll: Congress convoy attacked as black-flag protest turns violent
