സൗത്ത് ഇന്ത്യയയിലെ ഒട്ടുമിക്ക നായകന്മാരോടൊപ്പവും നായികയായും അമ്മയായും ഒക്കെ അഭിനയിച്ചിട്ടുള്ള നടിയാണ് ഉർവശി. മലയാളത്തിലും തമിഴിലും സജീവമായ നടി മമ്മൂട്ടി, മോഹൻലാൽ, സൂര്യ, കമൽഹാസൻ തുടങ്ങിയ നായകന്മാരോടൊപ്പവും അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഇത് വരെ തമിഴ് നടൻ വിജയ്‌ക്കൊപ്പം അഭിനയിക്കാൻ സാധിക്കാത്തതിനാലുള്ള കാരണം തുറന്നു പറയുകയാണ് നടി.
തമിഴ് നടൻ വിജയ്‌ക്കൊപ്പം അഭിനയിക്കാൻ നിരവധി അവസരങ്ങൾ വന്നിരുന്നുവെന്ന് ഉർവശി പറഞ്ഞു. വിജയ് നടനാകുന്നതിന് മുമ്പാണ് അദ്ദേഹത്തെ ആദ്യമായി കണ്ടതെന്നും പിന്നീടും ഒരുപാട് അവസരങ്ങൾ തന്നെ തേടി വന്നിരുന്നെന്നും പറയുകയാണ് നടി. ദി മോളിവുഡ് ഷോ ടൈം എന്ന ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഉർവശി ഇതിനെ കുറിച്ച് തുറന്നു സംസാരിച്ചത്.

ഉർവശി,വിജയ്. Photo. Screen Grab/ Youtube.
‘വിജയ്‌ക്കൊപ്പം അഭിനയിക്കാൻ ഒരുപാട് അവസരങ്ങൾ വന്നിട്ടുണ്ട്. വിജയ് നടനാകുന്നതിന് മുമ്പ് ഒരിക്കൽ നാഗർകോവിലിൽ ഒരു സിനിമയുടെ ഷൂട്ടിലാണ് ഞാനെന്നാണ് എന്റെ ഓർമ. അന്ന് മുകളിലത്തെ ഒരു ഫ്ലോറിലായിരുന്നു ഞാൻ. താഴത്തെ ഫ്ലോറിലേക്ക് ഇറങ്ങാൻ ലിഫ്റ്റിൽ നിൽക്കുമ്പോൾ പ്രൊഡക്ഷൻ മാനേജർ വന്ന് വിജയിയുടെ അച്ഛൻ എസ്.എ ചന്ദ്രശേഖർ സാർ താഴെയുണ്ടെന്നും ഭാര്യയും മോനുമൊക്കെയുണ്ടെന്നും പറഞ്ഞു. സാറിന് എന്നെ ഒന്ന് കാണണമെന്ന് പറഞ്ഞപ്പോൾ ഞാൻ അങ്ങോട്ട് വരാമെന്ന് പറഞ്ഞ് താഴേക്ക് പോയി,’ ഉർവശി പറഞ്ഞു.
താഴെയെത്തിയപ്പോൾ സംവിധായകൻ എസ്.എ.സി സാറിനൊപ്പം ഭാര്യ ശോഭയും ഒരു കൊച്ചുമുഖമുള്ള പയ്യനും ഇരിക്കുന്നുണ്ടായിരുന്നുവെന്ന് ഉർവശി പറയുന്നു. അന്നാണ് പിന്നീട് തമിഴിലെ മുൻനിര താരമായി മാറിയ വിജയിയെ ആദ്യമായി കാണുന്നത് എന്നും താരം പറഞ്ഞു.
‘എന്നെ കണ്ടപാടെ സാർ പറഞ്ഞു, ഉർവശി, നിങ്ങളുടെ വലിയ ഏജ് ഡിഫറൻസ് ഇല്ല ഇവൻ, അവൻ ഹീറോ ആയിട്ടാ. ഞാൻ അയ്യോ, സൂപ്പർ എന്നൊക്കെ പറഞ്ഞു. അപ്പോൾ ഒരു ക്യാരക്ടർ അതിനകത്തുണ്ടെന്നും അതിന് മലയാളത്തിൽ നിന്ന് ഒരു ആർട്ടിസ്റ്റിനെ വേണമെന്നും പറഞ്ഞു. ബിന്ദു പണിക്കർ ആ കഥാപാത്രം ചെയ്താൽ നന്നായിരിക്കുമെന്ന് ഞാൻ പറഞ്ഞു. പിന്നീട് ബിന്ദു അതിൽ അഭിനയിച്ചോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ല. അങ്ങനെ ബിന്ദുവിന്റെ നമ്പർ എന്റെ പ്രൊഡക്ഷൻ മാനേജർ കൊടുത്തു,’ നടി പറഞ്ഞു.
അവിടെവച്ചാണ് വിജയിയെ ആദ്യമായി കണ്ടതെന്നും അന്ന് അദ്ദേഹം തന്നോട് ചിരിച്ചൊക്കെ സംസാരിച്ചിരുന്നുവെന്നും ഉർവശി പറയുന്നു.
‘അന്ന് അവിടെ ഇരിക്കുന്നുണ്ടായിരുന്നു. എന്നോട് ചിരിച്ചൊക്കെ ചെയ്തു. അന്ന് പല്ലിന് നല്ല ഇടയൊക്കെയുണ്ടായിരുന്നു,’ ഉർവശി പറഞ്ഞു.
പിന്നീട് വിജയ് നായകനായ എം. കുമരൻ സൺ ഓഫ് മഹാലക്ഷ്മി എന്ന ചിത്രത്തിലേക്കും തന്നെ സമീപിച്ചിരുന്നു. അച്ചുവിന്റെ അമ്മയിലെ മീരയും താനും തമ്മിലുള്ള ബന്ധത്തിന് സമാനമായ രീതിയിലാണ് ചിത്രത്തിലെ കഥാപാത്രങ്ങളെന്നും അങ്ങനെയാണ് ആദ്യം ആലോചിച്ചിരുന്നതെന്നും ഉർവശി പറഞ്ഞു.
‘എം കുമരൻ സൺ ഓഫ് മഹാലക്ഷ്മി എന്ന പടം ആദ്യം എന്നെയും വിജയിയെ വെച്ച് ചെയ്യാനിരുന്ന സിനിമയായിരുന്നു. അച്ചുവിന്റെ അമ്മയിലെ മീരയും ഞാനും തമ്മിലുള്ള ക്യാരക്ടർ ആയിട്ടാണ് അത് കൺസീവ് ചെയ്തിരുന്നത്. അമ്മയും മോനുമാണെന്ന് ഒരിക്കലും പറയില്ല. അങ്ങനെ മാത്രമേ നായികയുടെ അടുത്ത് പോയി സംസാരിക്കുകയും കാര്യങ്ങളൊക്കെ ചെയ്യുകയും ചെയ്യുമ്പോൾ നന്നായിരിക്കുകയുള്ളൂ എന്നൊക്കെ എന്നോട് പറഞ്ഞിരുന്നു,’ ഉർവശി പറഞ്ഞു.
എന്നാൽ ആ കഥാപാത്രം തനിക്ക് ഉൾക്കൊള്ളാൻ കഴിയില്ലെന്ന് അറിയിച്ചതോടെയാണ് സിനിമയിൽ നിന്ന് പിന്മാറിയതെന്നും പിന്നീട് ആ വേഷം നാദിയയിലേക്ക് എത്തിയെന്നും ഉർവശി വ്യക്തമാക്കി.

എം കുമരൻ സൺ ഓഫ് മഹാലക്ഷ്മി. Photo. Facebook.com
‘ഞാൻ പറഞ്ഞു, എനിക്കത് അങ്ങനെ ഉൾക്കൊള്ളാൻ തന്നെ പറ്റുന്നില്ലെന്ന്. അന്ന് കല്യാണം കഴിഞ്ഞിട്ട് എന്റെ മോൾ പോലും ജനിച്ചിട്ടില്ല. എനിക്ക് ബുദ്ധിമുട്ടാണെന്നും അത് അഭിനയിക്കാൻ പറ്റില്ലെന്നും പറഞ്ഞു. അങ്ങനെയാണ് അത് കറങ്ങിത്തിരിഞ്ഞ് നാദിയയിലേക്ക് പോയത്,’ താരം പറഞ്ഞു.
വിജയ്‌ക്കൊപ്പം അഭിനയിക്കാനുള്ള അവസരങ്ങൾ പിന്നീട് പലതവണ വന്നിരുന്നെങ്കിലും അപ്പോഴൊക്കെ താൻ മലയാളത്തിലോ തമിഴിലോ തിരക്കിലായിരുന്നുവെന്നും ഉർവശി പറയുന്നു. പിന്നീട് പ്രധാന കഥാപാത്രങ്ങളിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതും ചില അവസരങ്ങൾ നഷ്ടപ്പെടാൻ കാരണമായെന്ന് താരം കൂട്ടിച്ചേർത്തു.
‘അതിന് ശേഷവും വിജയ്‌ക്കൊപ്പം പല സിനിമകളും വന്നിട്ടുണ്ട്. അപ്പോഴൊക്കെ ഞാൻ മലയാളത്തിൽ ബിസിയായിരിക്കും, അല്ലെങ്കിൽ തമിഴിലായിരിക്കും. പിന്നെ ഒരു സ്റ്റേജ് കഴിഞ്ഞ് ഞാൻ ലീഡിലേക്ക് മാത്രം പോയപ്പോൾ ചില അമ്മ വേഷങ്ങളൊക്കെ വരുമായിരുന്നു. പക്ഷേ ഞാൻ മെയിൻ ആയി വരുന്ന കഥാപാത്രങ്ങളാണ് കൂടുതലും ചെയ്തിട്ടുള്ളത്. അതുകൊണ്ടാണ് പിന്നീട് അഭിനയിക്കാൻ സാധിക്കാതിരുന്നത്,’ താരം വ്യക്തമാക്കി.
Content Highlights: Urvashi opens up about why she hasn’t acted alongside Vijay
