ബെര്‍ലിന്‍: ഇസ്രഈലുമായുള്ള സംഘര്‍ഷത്തില്‍ ഫലസ്തീന്‍ കാഴ്ചപ്പാടിന് ജര്‍മന്‍കാര്‍ പ്രാധാന്യം നല്‍കണമെന്ന് ബെര്‍ലിന്റെ അടുത്ത മേയറാകാന്‍ സാധ്യതയുള്ള ഡൈ ലിങ്കെ (ദ ലെഫ്റ്റ്) പാര്‍ട്ടി നേതാവ് എലിഫ് എരാല്‍പ്. ‘ദി ലെഫ്റ്റ്’ പാര്‍ട്ടി സഹ-ചെയര്‍പേഴ്‌സണ്‍ ഇനസ് ഷ്വെര്‍ഡ്റ്റ്നര്‍ക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘മുസ്‌ലിങ്ങളുടെയും, ജൂത വ്യക്തികളടക്കമുള്ള ഫലസ്തീന്‍ ജനതയുടെയും കാഴ്ചപ്പാടുകളെ ഈ സര്‍ക്കാര്‍ കാര്യമായി പരിഗണിക്കാറില്ല. ആ കാഴ്ചപ്പാടുകളെ അംഗീകരിക്കുകയും അവയെ ഏകോപിപ്പിക്കുകയും ചെയ്യുക എന്നത് എന്റെ കടമയായി ഞാന്‍ കാണുന്നു. അത് സാധ്യമാണെന്നും ഞാന്‍ വിശ്വസിക്കുന്നു,’ എരാല്‍പ് പറഞ്ഞതായി അനഡോലു ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ജൂതവിരുദ്ധതയും (ആന്റി സെമിറ്റിസം) ഇസ്രഈല്‍ സര്‍ക്കാരിനെതിരായ വിമര്‍ശനവും തമ്മിലുള്ള വ്യത്യാസം വ്യക്തമായി മനസ്സിലാക്കേണ്ടത് അനിവാര്യമാണെന്നും എലിഫ് ചൂണ്ടിക്കാട്ടി. ജൂത വിരുദ്ധതയുടെ എല്ലാ രൂപങ്ങളെയും തങ്ങള്‍ എതിര്‍ക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി.
ജൂതവിരുദ്ധതയും ഇസ്രഈല്‍ സര്‍ക്കാരിനെതിരായ വിമര്‍ശനവും വ്യത്യസ്ത കാര്യങ്ങളാണെന്ന് മനസ്സിലാക്കുന്നതില്‍ ജര്‍മനിയിലെ ഭരണകക്ഷിയായ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ (സി.ഡി.യു) പരാജയപ്പെട്ടു. അതൊരു തെറ്റാണെന്നും എലിഫ് എരാല്‍പ് കൂട്ടിച്ചേര്‍ത്തു.
ഇസ്രഈല്‍ സര്‍ക്കാരിനെയും അവരുടെ സൈന്യത്തെയും വിമര്‍ശിക്കുന്നതിനെ ജൂതവിരുദ്ധതയായി കണക്കാക്കരുതെന്ന് ഇനസ് ഷ്വെര്‍ഡ്റ്റ്നറും വ്യക്തമാക്കി.
‘ജൂതവിരുദ്ധത എന്ന യഥാര്‍ത്ഥ പ്രശ്‌നത്തെ അഭിസംബോധന ചെയ്യുമ്പോള്‍ തന്നെ ഇസ്രഈല്‍ സര്‍ക്കാരിനെയും സൈന്യത്തെയും വിമര്‍ശിക്കാനുള്ള അവകാശവും നിലനില്‍ക്കണം. ജര്‍മനിയിലെ ജൂതവിരുദ്ധതയും ജൂതന്മാരോടുള്ള വിദ്വേഷവും എത്രത്തോളം ഗൗരവമുള്ളതാണോ, അത്രത്തോളം തന്നെ ഈ യുദ്ധക്കുറ്റങ്ങളും ഗൗരവമായി കാണേണ്ടതുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബര്‍ലിനില്‍ പ്രാദേശിക തെരഞ്ഞെടുപ്പില്‍ ലെഫ്റ്റ് പാര്‍ട്ടി മുന്നേറ്റമുണ്ടാക്കിയിരുന്നു. കഴിഞ്ഞ ദിവസം പുറത്ത് വന്ന തെരഞ്ഞെടുപ്പ് ഫലത്തില്‍ പാര്‍ട്ടിക്കാണ് ലീഡുള്ളത്. എന്നാല്‍ ഭരിക്കാനുള്ള ഭൂരിപക്ഷം നേടാന്‍ മറ്റു പാര്‍ട്ടികളുടെ പിന്തുണ ലെഫ്റ്റ് പാര്‍ട്ടിക്ക് വേണ്ടിവരും.
സോഷ്യല്‍ ഡെമോക്രാറ്റ്സ്, ഗ്രീന്‍സ് എന്നീ പാര്‍ട്ടികളുടെ പിന്തുണ ലെഫ്റ്റ് പാര്‍ട്ടി ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. ഈ പാര്‍ട്ടികളുടെ പിന്തുണ നേടിയാല്‍ എലിഫിന് ബെര്‍ലിന്റെ പുതിയ മേയറാവാന്‍ സാധിക്കും.
അതേസമയം, ജനങ്ങളെ പരസ്പരം ഒരുമിച്ച് കൊണ്ടുവരിക എന്നതിലായിരിക്കും ബെര്‍ലിന്‍ മേയറായാല്‍ താന്‍ പ്രധാനമായും ശ്രദ്ധിക്കുക എന്ന് എലഫ് എരാല്‍പ് വ്യക്തമാക്കി. നമ്മുടെ നഗരത്തിന് മികച്ച നയങ്ങള്‍ എങ്ങനെ രൂപീകരിക്കാം എന്നതിനെക്കുറിച്ച് ക്രിയാത്മകമായ ചര്‍ച്ചകള്‍ നടക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ജനങ്ങളെ ഒന്നിപ്പിക്കുകയും എല്ലാ വിഭാഗങ്ങളുടെയും കാഴ്ചപ്പാടുകള്‍ പരിഗണിക്കുകയും ചെയ്യുന്ന നയങ്ങളാവണം അവയെന്നും അവര്‍ പറഞ്ഞു.
ജര്‍മനിയില്‍ മുസ്‌ലിം, ഫലസ്തീന്‍ വിഭാഗക്കാരെ മുന്‍വിധിയോടെയും അവരെ കുറ്റക്കാരായും കാണുന്ന പ്രവണത ആശങ്കാകരമാണെന്നും ലെഫ്റ്റ് പാര്‍ട്ടി നേതാവ് അഭിപ്രായപ്പെട്ടു.
‘ഇത് അംഗീകരിക്കാനാവില്ലെന്ന് ഞാന്‍ എപ്പോഴും വ്യക്തമായി പറഞ്ഞിട്ടുണ്ട്. സി.ഡി.യുവും ഇക്കാര്യം തിരിച്ചറിയേണ്ടതുണ്ട്. അതുകൊണ്ടാണ്, നേരത്തെ പറഞ്ഞതുപോലെ, ജനങ്ങളെ ഒരുമിച്ച് കൊണ്ടുവരുകയും നഗരത്തിലെ എല്ലാവരെയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ഒരു നയം നമുക്ക് ആവശ്യമാണെന്ന് പറയുന്നത്,’ അവര്‍ പറഞ്ഞു.
തുര്‍ക്കി വംശജയാണ് 45കാരിയായ എലിഫ് മനുഷ്യാവകാശപ്രവര്‍ത്തകയാണ്. തെരഞ്ഞെടുപ്പിന് മുമ്പുള്ള സര്‍വേകളില്‍ മുന്നിട്ടുനിന്നിരുന്നു. ജര്‍മന്‍ തലസ്ഥാനത്ത് ആദ്യമായാണ് കുടിയേറ്റ പശ്ചാത്തലമുള്ള ഒരാള്‍ ഭരിക്കാന്‍ പോകുന്നത്.
ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മംദാനിയുടെ വിജയം ലോകമെമ്പാടുമുള്ള ഇടതുപക്ഷപാര്‍ട്ടികള്‍ക്ക് പ്രചോദനമായെന്ന് അവര്‍ പറഞ്ഞിരുന്നു. ക്ഷേമ പ്രവര്‍ത്തനങ്ങളിലൂന്നിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും എലിഫിന് ജര്‍മനിയുടെ മംദാനി എന്ന പേര് വരാന്‍ കാരണമായിരുന്നു.
Content Highlight: The Left’s Elif Eralp urges Germans to consider ‘Palestinian perspectives’ on conflict with Israel
