മീററ്റ്: മീററ്റില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിനെ സ്വീകരിക്കാന്‍ ബുള്‍ഡോസറുകളും ജെ.സി.ബികളും വിന്യസിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്.

വ്യാപാരികള്‍ തകര്‍ക്കല്‍ ഭീഷണി നേരിടുന്ന അതേ ബുള്‍ഡോസറുകള്‍ വിശിഷ്ട വ്യക്തികളെ സ്വീകരിക്കാനായി ഉപയോഗിക്കുന്നത് വിരോധാഭാസമാണെന്ന് കോണ്‍ഗ്രസ് ഉത്തര്‍പ്രദേശ് വക്താവ് അഭിമന്യൂ ത്യാഗി പറഞ്ഞു.

തങ്ങള്‍ പൊളിച്ച് മാറ്റല്‍ നേരിട്ട അതേ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ബി.ജെ.പി നേതാവിന് പൂക്കള്‍ വിതറുന്നതും മാല ചാര്‍ത്തുന്നതും കണ്ട് നില്‍ക്കുന്നത് വ്യാപാരികള്‍ക്ക് വേദനാജനകമാണെന്നും ത്യാഗി പറഞ്ഞു.

‘സാധാരാണക്കാര്‍ക്കെതിരായ നിയമപരവും ഭരണപരവുമായ നടപടികളുടെ പ്രതീകമായി ബുള്‍ഡോസര്‍ മാറിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ സ്വീകരിക്കാനുള്ളൊരു മാര്‍ഗമായി ബുള്‍ഡോസര്‍ ഉപയോഗിക്കുന്നതിലൂടെ പൊതുജനങ്ങള്‍ക്ക് എന്ത് സന്ദേശമാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്ന് ബി.ജെ.പി വിശദീകരിക്കണം,’ അദ്ദേഹം പറഞ്ഞു.

മീററ്റ് സന്ദര്‍ശിക്കുമ്പോള്‍ ബി.ജെ.പി നോതൃത്വം സ്വാഗത ചടങ്ങുകളിലും രാഷ്ട്രീയ ശക്തി പ്രകടനങ്ങിലും മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് പകരം വ്യാപാരികള്‍, കര്‍ഷകര്‍, യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍, അഭിഭാഷകര്‍ എന്നിവരുടെ പരാതി കേള്‍ക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ത്യാഗി പറഞ്ഞു.

പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ അലഹബാദ് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകര്‍ നടത്തിയ പ്രക്ഷോഭത്തെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.

‘ ഈ ആവശ്യം വളരെ കാലമായി നിലനില്‍ക്കുന്നതാണ്. അതിനാല്‍ ബി.ജെ.പി നേതൃത്വം അഭിഭാഷകരില്‍ നിന്ന് അകലം പാലിക്കുന്നതിന് പകരം അവരുമായി ഇടപഴകുകയും പരിഹാരം കണ്ടെത്തുകയും വേണം,’ ത്യാഗി പറഞ്ഞു. തൊഴിലില്ലായ്മ, റിക്രൂട്ട്മെന്റ് പരീക്ഷകളിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച തുടങ്ങിയ യുവാക്കള്‍ നേരിടുന്ന പ്രശ്നങ്ങളും അദ്ദേഹം ഉയര്‍ത്തിക്കാട്ടി.

ഭക്ഷ്യവസ്തുക്കള്‍, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഇന്‍ഷുറന്‍സ്, ടോള്‍, മൊബൈല്‍ സേവനങ്ങള്‍ എന്നിവയുടെ വിലക്കയറ്റം സാധാരണക്കാരുടെയും ഇടത്തരം കുടുംബങ്ങളുടെയും ബജറ്റുകളെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും ത്യാഗി പറഞ്ഞു.

പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ വെറും പ്രഖ്യാപനങ്ങളെക്കാള്‍ അവരുടെ പ്രശ്‌നങ്ങള്‍ക്ക് വ്യക്തമായ ഉത്തരങ്ങളും പരിഹാരങ്ങളുമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

Content Highlight: Tears for traders, a shower of flowers for the leader: Celebrating a symbol of state-sponsored terror—Congress on the bulldozer reception for Nitin Nabin.