ഏഷ്യന്‍ ഗെയിംസ് കലാശപ്പോരാട്ടത്തിനുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യയും ശ്രീലങ്കയും. പത്ത് ദിവസത്തിനകം ഏഷ്യന്‍ ക്രിക്കറ്റില്‍ ആധിപത്യമുറപ്പിക്കാന്‍ കൂടിയാകും ഇരു ടീമുകളും നേര്‍ക്കുനേര്‍ വരിക. രാവിലെ പത്തരയ്ക്കാണ് മത്സരം. വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ പാകിസ്ഥാന്‍ ബംഗ്ലാദേശിനെ നേരിടും.
നേരത്തെ വനിതാ ഏഷ്യാ കപ്പില്‍ ചമാരി അത്തപ്പത്തുവിനെയും സംഘത്തെയും വീഴ്ത്തി കിരീടം തിരിച്ചുപിടിച്ച ഇന്ത്യ, ഏഷ്യന്‍ ഗെയിംസിലും വിജയം ആവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ്. മറുവശത്ത് ഏഷ്യാ കപ്പിലേറ്റ തിരിച്ചടിക്ക് ഏഷ്യന്‍ ഗെയിംസില്‍ മറുപടി നല്‍കാനാണ് ലങ്കയൊരുങ്ങുന്നത്.
സെമി ഫൈനലില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിന് ടിക്കറ്റെടുത്തത്. ഓപ്പണര്‍ ഷെഫാലി വര്‍മയുടെ സെഞ്ച്വറി കരുത്തിലായിരുന്നു ഇന്ത്യയുടെ വിജയം.
പത്ത് ദിവസത്തിനകം ഇത് രണ്ടാം തവണയാണ് ഇന്ത്യയും ശ്രീലങ്കയും കിരീടപ്പോരാട്ടത്തില്‍ നേര്‍ക്കുനേര്‍ വരുന്നത്. സെപ്റ്റംബര്‍ 13ന് നടന്ന വനിതാ ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചാണ് ഇന്ത്യ നഷ്ടപ്പെട്ട തങ്ങളുടെ സാമ്രാജ്യം പിടിച്ചെടുത്തത്.
ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 72 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 184 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക 111ന് പുറത്താവുകയായിരുന്നു.
വനിതാ ഏഷ്യാ കപ്പില്‍ തങ്ങളുടെ പത്താം ഫൈനലിനിറങ്ങിയ ഇന്ത്യ എട്ടാം കിരീടമാണ് തങ്ങളുടെ പേരിന് നേരെ എഴുതിച്ചേര്‍ത്തത്.
ഇപ്പോള്‍ ഏഷ്യയിലെ തങ്ങളുടെ ഡോമിനന്‍സ് അരക്കിട്ടുറപ്പിക്കാനുള്ള അവസരമാണ് ഇന്ത്യയ്ക്ക് മുമ്പിലുള്ളത്.
പ്രധാന താരങ്ങളെല്ലാം മിന്നും ഫോമിലാണ് എന്നതുതന്നെയാണ് ഇന്ത്യയ്ക്ക് ആശ്വാസം നല്‍കുന്നത്. ഷെഫാലിയും സ്മൃതി മന്ഥാനയും ചേര്‍ന്ന് അടിത്തറയൊരുക്കുന്ന ഇന്നിങ്‌സ് കെട്ടിപ്പൊക്കാന്‍ മിഡില്‍ ഓര്‍ഡറില്‍ ഹര്‍മനും കൂട്ടര്‍ക്കും സാധിച്ചാല്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക് ഉയരും. സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ദീപ്തി ശര്‍മയ്ക്ക് കീഴില്‍ ബൗളിങ് യൂണിറ്റും സ്‌ട്രോങ്ങാണ്.
മറുവശത്ത് ക്യാപ്റ്റന്‍ ചമാരി അത്തപ്പത്തുവിന്റെ ഫോം തന്നെയാണ് ലങ്കയ്ക്കും പ്രതീക്ഷ നല്‍കുന്നത്. സെമി ഫൈനലില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ 177 റണ്‍സിന്റെ വിജയലക്ഷ്യം ചമാരിയുടെ അര്‍ധ സെഞ്ച്വറി കരുത്തില്‍ ലങ്ക അനായാസം മറികടക്കുകയായിരുന്നു.
അതേസമയം, ഫൈനലിന് മഴ ഭീഷണിയുമുണ്ട്. മോശം കാലാവസ്ഥ മൂലം മത്സരം ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടായാല്‍ മികച്ച റാങ്കുകാരായ ഇന്ത്യ സ്വര്‍ണമണിയും.
Content Highlight: Asian Games 2026: India vs Sri Lanka Final
