ജപ്പാനിലെത്തി ക്രിക്കറ്റ് കളിക്കുമെന്ന് ഒരിക്കല്‍പ്പോലും ചിന്തിച്ചിരുന്നില്ലെന്ന് ഇന്ത്യന്‍ നായകന് ശ്രേയസ് അയ്യര്‍. ഇംഗ്ലണ്ട്, ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങളിലേക്കുള്ള പര്യടനങ്ങളില്‍നിന്ന് ഏറെ വ്യത്യസ്തമായ അനുഭവമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
ക്രിക്കറ്റ് എല്ലാ രാജ്യങ്ങളിലും പ്രചാരം നേടുകയാണെന്നും, എല്ലാ ടീമുകളും അവരുടേതായ രീതിയില്‍ ശക്തി പ്രാപിക്കുന്നുണ്ടെന്നും ഇന്ത്യന്‍ നായകന് വ്യക്തമാക്കി.
📸📸 Picture-perfect frames with the Captains 🏆
The stage is set for a historic clash between #TeamIndia and Japan 🤝#TeamIndiaInJapan | @CricketJapan pic.twitter.com/5mGTm42RZj
— BCCI (@BCCI) September 21, 2026
ജപ്പാനെതിരായ വണ്‍ ഓഫ് ടി-20 മത്സരത്തിനും ഏഷ്യന്‍ ഗെയിംസിനും മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജപ്പാനില്‍ വന്ന് ക്രിക്കറ്റ് കളിക്കുമെന്ന് എപ്പോഴെങ്കിലും കരുതിയിരുന്നോ എന്ന ചോദ്യത്തിന്, ‘ഇല്ല, ഞാന്‍ ഒരിക്കലും ഇതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. എങ്കിലും ഇപ്പോള്‍ എല്ലാ രാജ്യങ്ങളിലും ക്രിക്കറ്റ് വളരെയധികം പ്രചാരം നേടുന്നുണ്ട്. എല്ലാ ടീമുകളും അവരുടേതായ രീതിയില്‍ ശക്തി പ്രാപിച്ചുവരികയാണ്. അതുകൊണ്ട് നാളത്തെ മത്സരവും ആവേശകരമായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,’ എന്നായിരുന്നു ശ്രേയസിന്റെ മറുപടി.
ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കളിക്കാന്‍ പോകുന്നതില്‍ നിന്ന് തികച്ചും വ്യത്യസ്തമായ അനുഭവമാണ് ജപ്പാനിലേതെന്ന് അദ്ദേഹം വ്യക്തമാക്കി.
അവിടുത്തെ സംസ്കാരവും അച്ചടക്കമുള്ള ജനങ്ങളും തികച്ചും വ്യത്യസ്തമാണ്. പുതിയ സംസ്കാരങ്ങളെയും അന്തരീക്ഷത്തെയും വേഗത്തില്‍ ഉള്‍ക്കൊള്ളാനും താമസസൗകര്യങ്ങളുമായി പൊരുത്തപ്പെടാനും ആഗ്രഹിക്കുന്ന ഒരാളാണ് താനെന്നും, അതുകൊണ്ട് തന്നെ ഈ പര്യടനം പുതിയൊരു വെല്ലുവിളിയാണെന്നും അത് ഏറെ ആകാംക്ഷയോടെ കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശ്രേയസ് അയ്യര്‍. Photo: Cricket Central/x.com
ഭാവിയില്‍ ജപ്പാന് പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന്, ‘കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യയും ജപ്പാനും തമ്മിലുള്ള സൗഹൃദം വളരെ ശക്തമായി മുന്നോട്ട് പോവുകയാണ്, അതുകൊണ്ട് ഭാവിയില്‍ നല്ലത് പ്രതീക്ഷിക്കാം,’ എന്ന് അദ്ദേഹം തമാശയായി മറുപടി നല്കി.
ഇന്ത്യയും ജപ്പാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. ഈ മത്സരത്തോടെ സ്പോര്‍ട്സ് 75 എന്ന പദ്ധതിക്ക് തുടക്കമാവുകയും ചെയ്യും.
കായിക മേഖലയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണവും ജനങ്ങള്‍ തമ്മിലുള്ള ബന്ധവും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി ഈ മത്സരം നടക്കുന്നതിനാല്‍ ശ്രേയസ് അയ്യര്‍ക്കും സംഘത്തിനും ടൂര്‍ണമെന്റിന്റെ തയ്യാറെടുപ്പിന് സഹായകമാവും. സെപ്റ്റംബര്‍ 28നാണ് ഇന്ത്യയുടെ ആദ്യ മത്സരം.
ജപ്പാനെതിരായ മത്സരത്തിനും ഏഷ്യന്‍ ഗെയിംസിനുമുള്ള പുതുക്കിയ ഇന്ത്യന്‍ സ്ക്വാഡ്
ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്‍), ഇഷാന് കിഷന് (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വൈഭവ് സൂര്യവംശി, യാഷ് താക്കൂര്‍, വിപ്രജ് നിഗം.
Content Highlight: Shreyas Iyer on India vs Japan T20I match
